നിസാൻ ഡിജിറ്റൽ ഹബിൽ 200 ഒഴിവുകൾ

കേരളത്തിലെ ഉദ്യോഗാർഥികൾക്ക് മികച്ച അവസരമൊരുക്കി നിസാന്‍ ഡിജിറ്റല്‍ ഹബ്ബ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി നടത്തപ്പെടുന്ന റിക്രൂട്ട്മെന്റിന് 28നു മുൻപായി അപേക്ഷിക്കണം. തുടക്കാർക്കും ഒന്നു മുതൽ രണ്ടു വർഷം പ്രവൃത്തി പരിചയമുള്ളവർക്കും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, അഡ്വാന്‍സ്ഡ് ആപ്ലിക്കേഷന്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളിലായി ഇരുനൂറോളം പേരെയാണ് നിയമിക്കാനൊരുങ്ങുന്നത്. മികച്ച ശമ്പള പാക്കേജിനോടൊപ്പം ആധുനിക സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാനും ഉദ്യോഗാർഥികൾക്ക് നിസാൻ അവസരമൊരുക്കുന്നു. പ്രതിവര്‍ഷം 10 ലക്ഷം രൂപയിൽ കുറയാതെ വാഗ്ദാനം ചെയ്യുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ അഭിരുചി പരീക്ഷ, കോഡിങ് ടെസ്റ്റ്, അഭിമുഖം എന്നീ മൂന്നുഘട്ടമുള്ള പ്രവേശന പ്രക്രിയ വഴിയാണ് മിടുക്കരെ തിരഞ്ഞെടുക്കുന്നത്. 

കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ഡിജിറ്റല്‍വൽക്കരിച്ച് ഇന്ത്യയിലും ആഗോള വിപണികളിലും നിസാന്റെ സാങ്കേതിക ശേഷി ശക്തിപ്പെടുത്തുകയാണ് നിസാന്‍ ഡിജിറ്റല്‍ ഹബിന്റെ ലക്ഷ്യം. ഏഷ്യ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിസാന്‍ തുടങ്ങാനിരിക്കുന്ന ഡിജിറ്റൽ ഹബുകളില്‍ ആദ്യത്തേതാണ് ജൂണ്‍ 29 ന് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ അടക്കമുള്ള നൂതന സങ്കേതങ്ങളുമായി വാഹന വിപണി കൂടുതല്‍ ഡിജിറ്റലാകുന്ന കാലത്ത് ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനവും സുരക്ഷയും കണക്ടിവിറ്റിയും നല്‍കാൻ ഡിജിറ്റല്‍ ഹബുകള്‍ നിസാനെ സഹായിക്കും. 

നിസാന്‍, ഇന്‍ഫിനിറ്റി, ഡാറ്റ്‌സണ്‍ തുടങ്ങിയ ബ്രാന്‍ഡുകളിലായി അറുപതോളം മോഡലുകള്‍ നിസാന്‍ മോട്ടോര്‍ കമ്പനിയുടേതായിട്ടുണ്ട്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 5.77 ദശലക്ഷം വാഹനങ്ങള്‍ ലോകമെങ്ങും വിറ്റഴിക്കുക വഴി 11.9 ട്രില്യൻ യെന്‍ വരുമാനം നിസാന്‍ നേടി. 2022 ഓടെ വാര്‍ഷിക വരുമാനം 30 ശതമാനം വര്‍ധിപ്പിച്ച് 16.5 ട്രില്യൻ യെന്‍ ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന വിപണിയില്‍ നിസാന്‍ ലീഫ് നേടിക്കൊടുത്ത നേതൃത്വപദവി വിപുലീകരിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. 

ജപ്പാനിലെ യോകോഹാമ ആസ്ഥാനമായുള്ള നിസാന്റെ ആഗോള ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ചൈന, യൂറോപ്പ്, ലാറ്റിന്‍– നോര്‍ത്ത് അമേരിക്കന്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. 1999 മുതല്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയുമായി പങ്കാളിത്തമുള്ള നിസാന്‍ 2016 ല്‍ മിറ്റ്സുബിഷി മോട്ടോഴ്‌സിന്റെ 34 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. 10.6 മില്യൻ വാഹനങ്ങളുടെ വില്‍പനയുമായി ലോകത്തിലെ ഏറ്റവും വലിയ വാഹന പങ്കാളിത്തമാണ് റെനോ-നിസാന്‍-മിറ്റ്സുബിഷിയുടേത്. 

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് : https://www.ipsr.edu.in/nissan-digital-recruitment-drive.html

Job Tips >>