16 ാം വയസ്സില്‍ ബിരുദം, 20 വയസ്സില്‍ പിഎച്ച്ഡി

പതിനാറാം വയസ്സില്‍ ബിരുദം. 20 വയസ്സില്‍ പിഎച്ച്ഡി. പറഞ്ഞു വരുന്നത് ഗണിതശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌ക്കാരം എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ നേടിയ ഇന്ത്യന്‍ വംശജനെ കുറിച്ചാണ്. ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സർവകലാശാലയില്‍ പ്രഫസറായിട്ടുള്ള 36-കാരന്‍ അക്ഷയ് വെങ്കടേഷ്.

നിലവില്‍ ഓസ്‌ട്രേലിയന്‍ പൗരനായ അക്ഷയ് ജനിച്ചത് ന്യൂഡല്‍ഹിയിലാണ്. രണ്ടാം വയസ്സില്‍ ഇവരുടെ കുടുംബം പെര്‍ത്തിലേക്ക് കുടിയേറി. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ആദ്യം മുതല്‍ക്കേ തന്നെ പ്രകടമായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഗണിതശാസ്ത്ര ബിരുദ കോഴ്‌സിനു ചേരുമ്പോള്‍ അക്ഷയ്ക്ക് പ്രായം 13. ഇതിനോടകം മാത്‌സ് ഒളിംപ്യാഡ് മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ അക്ഷയ് സ്വന്തമാക്കിയിരുന്നു. 

16-ാം വയസ്സില്‍ ശുദ്ധ ഗണിതത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 20-ാം വയസ്സില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടി. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ, ക്ലേ മാത്തമാറ്റിക്‌സ്സർവകലാശാലയില്‍ ക്ലേ റിസര്‍ച്ച് ഫെല്ലോ എന്നീ പദവികള്‍ക്കു ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറായി. പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ് ഈ ഗണിത ശാസ്ത്രജ്ഞന്‍. 

ഇന്‍ഫോസിസ് പ്രൈസ്, രാമാനുജം പ്രൈസ്, ഓസ്‌ട്രോവ്‌സ്‌കി തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഇക്കാലയളവില്‍ സ്വന്തമാക്കി. ഡെയ്കിന്‍ യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസറാണ് അമ്മ ശ്വേത വെങ്കടേഷ്. ഭാര്യ സാറ പെയ്ഡന്‍ മ്യൂസിക്കോളജിസ്റ്റാണ്. രണ്ട് പെണ്‍മക്കളുണ്ട്. 

ഇറ്റലിക്കാരന്‍ എത് സൂറിച്ച്, ഇറാനിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ കൗച്ചര്‍ ബിര്‍ക്കര്‍, ജര്‍മ്മനിക്കാരന്‍ പീറ്റര്‍ സ്‌കോള്‍സ് എന്നിവര്‍ക്കൊപ്പമാണ് അക്ഷയ് വെങ്കടേഷ് ഫീല്‍ഡ് മെഡല്‍ പങ്കിട്ടത്. നമ്പര്‍ തിയറി, ലീനിയര്‍ ആള്‍ജിബ്ര, ടോപോളജി തുടങ്ങിയവയാണ് ഗണിതശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍. കനേഡിയന്‍ ശാസ്ത്രജ്ഞനായ ജോണ്‍ ചാള്‍സ് ഫീല്‍ഡിന്റെ സ്മരണാര്‍ത്ഥമാണ് ഫീല്‍ഡ്‌സ് മെഡല്‍ ഏര്‍പ്പെടുത്തിയത്. 40 വയസ്സില്‍ താഴെയുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്കാണ് നാലു വര്‍ഷം കൂടുമ്പോള്‍ ഫീല്‍ഡ്‌സ് പുരസ്‌ക്കാരം നല്‍കുന്നത്. 

Job Tips >>