Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയത്തിന് ക്രിസ് ഗോപാലകൃഷ്ണന്റെ 5 ഫോർമുല

INDIA-ECONOMY-WEF-SUMMIT

ആഗോള ഐടി വ്യവസായത്തിൽ ഇന്ത്യയ്ക്ക് ഒരു മേൽവിലാസം ഉണ്ടാക്കിത്തന്നവരിൽ പ്രമുഖനാണ് ഇൻഫോസിസ് സഹസ്ഥാപകനും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണൻ. യുവാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ പ്രഫഷനൽ ജീവിതം.  ജീവിത വിജയത്തിനായി വിദ്യാർഥികളുടെ മുന്നിൽ ഒരു അഞ്ച് ഇന ഫോർമുല മുന്നോട്ടു വയ്ക്കുകയാണ് ക്രിസ്. ഹൈദരാബാദിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹം തന്റെ വിജയമന്ത്രം വിദ്യാർഥികളുമായി പങ്കുവച്ചത്. 

1.സാങ്കേതിക പരിണാമം മുൻകൂട്ടി കാണുക
നമ്മുടെ ജീവിതത്തിൽ സാങ്കേതിക വിദ്യയ്ക്കുള്ള സ്ഥാനം മുൻകൂട്ടി കാണാനും മനസ്സിലാക്കാനും വിദ്യാർഥികൾ ശ്രമിക്കണം. കോളജ് വിദ്യാഭ്യാസം കഴിഞ്ഞാൽ പഠനം പൂർത്തിയായി എന്നു കരുതരുത്. ജീവിതകാലം മുഴുവൻ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കണം. കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ പ്രോഗ്രാം എഴുത്തൊന്നും 10 വർഷം മുൻപ് ഉണ്ടായിരുന്നില്ല എന്നോർക്കുക. വരും വർഷങ്ങൾ സാങ്കേതിക രംഗത്തു വരുത്താൻ പോകുന്ന മാറ്റങ്ങൾ ഒരുപക്ഷേ സങ്കൽപിക്കാവുന്നതിലും അപ്പുറമായിരിക്കും. അതിനു വേണ്ടി സ്വയം തയാറെടുക്കുക.

2. പുതിയ പ്രശ്ന പരിഹാര മാർഗങ്ങൾ പഠിക്കുക
പക്ഷപാതങ്ങൾ നിങ്ങളുടെ പ്രശ്നപരിഹാര ശേഷിയെ ബാധിക്കുമെന്ന് ഓർമിക്കുക. പുതിയ പ്രശ്നപരിഹാര സങ്കേതങ്ങൾക്കായി വ്യവസ്ഥാപിത മാർഗ്ഗങ്ങൾക്കപ്പുറം സർഗ്ഗാത്മകമായി ചിന്തിക്കുക.

3. നേതൃത്വഗുണം വളർത്തുക
ഒരു നേതാവാകുന്നതിനു പ്രായക്കുറവോ ഓഫിസിലെ അധികാര ശ്രേണിയിലെ നിങ്ങളുടെ സ്ഥാനമോ ഒന്നും തടസ്സമല്ല. നേതൃത്വം എന്നത് ഒരു സ്ഥാനമല്ല മറിച്ചു മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനുള്ള നിങ്ങളുടെ കഴിവാണ്. ഒരു നേതാവ് സൗരവ് ഗാംഗുലിയെയോ മഹേന്ദ്ര സിങ് ധോണിയെയോ വിരാട് കോഹ്‌ലിയെയോ പോലെയാകണം. ആക്രമണോത്സുകതയോടെ, മറ്റുള്ളവർക്കു മാതൃകയായി, വലുതായി സ്വപ്നം കണ്ട് എല്ലാവരെയും പ്രചോദിപ്പിക്കാൻ സാധിക്കണം. നേതൃത്വത്തിന് ഏകതാനമായ ശൈലികൾ ഒന്നുമില്ല. നിങ്ങൾക്കു മികവുള്ള മേഖല കണ്ടെത്തി ആ മേഖലയിൽ മറ്റുള്ളവർക്കു കൂടി സഹായം നൽകുക. നിങ്ങളെ ശരിയായ വഴിക്കു തിരിച്ചു വിടുന്ന മെന്റർമാരെ ജോലിസ്ഥലത്തും ജീവിതത്തിലും കണ്ടെത്തി മുന്നോട്ടു പോവുക.

4.മൂല്യങ്ങളും ധാർമികതയും
ജീവിതത്തിൽ സ്ഥായിയായ ചില മൂല്യങ്ങളും ധാർമികതയും വളർത്തിയെടുക്കുക. നിങ്ങളുടെ അടിസ്ഥാന മൂല്യങ്ങളാണു തൊഴിൽ ജീവിതത്തെയും വ്യക്തി ജീവിതത്തെയും മുന്നോട്ടു നയിക്കുക. ഇൻഫോസിസ് ആരംഭിക്കുമ്പോൾ ലോകം വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു കമ്പനിയായിരിക്കണം അതെന്ന കാര്യത്തിൽ ഞങ്ങൾക്കു നല്ല വ്യക്തത ഉണ്ടായിരുന്നു. സത്യസന്ധത, ന്യായം, സുതാര്യത, ശ്രേഷ്ഠത, അനുകമ്പ, നൂതന ചിന്ത തുടങ്ങിയ മൂല്യങ്ങൾ ജീവിതത്തിൽ ആർജ്ജിക്കണം.

5. ഉപഭോക്‌തൃ കേന്ദ്രീകൃത ചിന്താഗതി
ഉപഭോക്തൃ കേന്ദ്രീകൃത ചിന്താഗതിയും ബിസിനസ് അവബോധവും ഉണ്ടായിരിക്കണം. നിങ്ങളുടെ ഉപഭോക്താക്കൾ ആരാണെന്നു മനസ്സിലാക്കുകയും അവരുടെ ആവശ്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും വേണം. ബിസിനസ്സിന്റെ അടിസ്ഥാനങ്ങളായ വില നിർണയം, നിരക്കു ഘടന, ഉൽപന്ന- സേവനങ്ങളുടെ ലാഭ സാധ്യത, ബ്രാൻഡിങ്, ഇടപാട് തുടങ്ങിയവയെക്കുറിച്ചെല്ലാം അറിവുണ്ടായിരിക്കണം. ഒരു സ്ഥാപനത്തിൽ നിങ്ങൾ ഏതു സ്ഥാനത്താണെങ്കിലും അതോടൊപ്പം നിങ്ങളൊരു നല്ല സെയിൽസ്മാനും ധനകാര്യ വിദഗ്ധനുമായിരിക്കണം. 

Job Tips >>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.