ഇന്നുള്ള ജോലികളുടെ പകുതിയിലധികം ഏഴു വര്‍ഷത്തിനകം റോബോകള്‍ ഏറ്റെടുക്കും

നിലവിലെ ജോലികളില്‍ 52 ശതമാനം പ്രവൃത്തികളും 2025 ഓടെ റോബോട്ട് കൈകാര്യം ചെയ്യുമെന്നു ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്. ഇതു നിലവിലുള്ളതിന്റെ ഇരട്ടിയോളമാണ്. ഇപ്പോള്‍ തൊഴില്‍ പ്രവൃത്തികളില്‍ 29 ശതമാനമാണ് റോബോട്ടുകള്‍ ചെയ്യുന്നത്. ഇതില്‍ ഗണ്യമായ വർധനയുണ്ടാകുമെന്നാണു റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നത്. 

ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയിലും നിര്‍മ്മിത ബുദ്ധിയിലും ഉണ്ടാകുന്ന വികാസം മൂലം  75 ദശലക്ഷം ജോലികള്‍ മനുഷ്യര്‍ക്കു നഷ്ടപ്പെടും. അതേ സമയം മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള തൊഴില്‍ വിഭജന സങ്കല്‍പത്തില്‍ കമ്പനികള്‍ സമൂലമാറ്റങ്ങള്‍ വരുത്തുമെന്നതിനാല്‍ പുതുതായി 133 ദശലക്ഷം ജോലികള്‍ സൃഷ്ടിക്കപ്പെടും. അതായത് 2022 ഓടെ ആകെ ജോലികളില്‍ 58 ദശലക്ഷത്തിന്റെ വർധന. പക്ഷേ, ഇവ ലഭിക്കണമെങ്കില്‍ മനുഷ്യര്‍ അവരുടെ നിലവിലെ നൈപുണ്യങ്ങള്‍ കാലത്തിനനുസരിച്ചു പരിഷ്‌ക്കരിക്കേണ്ടി വരുമെന്ന് ദ് ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് 2018 എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടു ചൂണ്ടിക്കാണിക്കുന്നു. 

അക്കൗണ്ടിങ്, ക്ലയന്റ് മാനേജ്‌മെന്റ്, വ്യവസായിക, തപാല്‍, സെക്രട്ടേറിയല്‍ രംഗങ്ങളില്‍ മനുഷ്യര്‍ക്കു പകരം റോബോട്ടുകള്‍ വലിയ താമസമില്ലാതെ ഇടം പിടിക്കുമെന്നു റിപ്പോര്‍ട്ടു മുന്നറിയിപ്പു നല്‍കുന്നു. മാനുഷിക നൈപുണ്യങ്ങള്‍ ആവശ്യമുള്ള വില്‍പന, വിപണന, കസ്റ്റമര്‍ സേവന, ഇ-കൊമേഴ്‌സ്, സാമൂഹിക മാധ്യമ അനുബന്ധ ജോലികള്‍ക്ക് ആവശ്യക്കാരേറും. ഏവിയേഷന്‍, ട്രാവല്‍, ടൂറിസം രംഗങ്ങളില്‍ 2022നകം വലിയ തോതിലുള്ള പുനര്‍ നൈപുണ്യവത്ക്കരണം ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. 

പുതിയ ജോലികളുടെ നിലവാരത്തിലും സ്ഥലങ്ങളിലും ഫോര്‍മാറ്റിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. മുഴുവന്‍ സമയ, സ്ഥിര ജോലി സങ്കല്‍പങ്ങളും ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടു പറയുന്നു. ചില കമ്പനികള്‍ താത്ക്കാലിക ജോലിക്കാരെയോ, ഫ്രീലാന്‍സേഴ്‌സിനെയോ, കരാര്‍ വ്യവസ്ഥയില്‍ സ്‌പെഷ്യലിസ്റ്റുകളെയോ ജോലിക്കെടുക്കും. മറ്റു കമ്പനികള്‍ ജോലികള്‍ പരമാവധി ഓട്ടോമേറ്റു ചെയ്യാന്‍ ശ്രമിക്കും. 300ല്‍ അധികം ആഗോള കമ്പനികളിലെ എച്ച്ആര്‍ ഉദ്യോഗസ്ഥരുടെയും സ്ട്രാറ്റെജിക് എക്‌സിക്യൂട്ടീവുകളുടെയും സിഇഒമാരുടെയും പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണു റിപ്പോര്‍ട്ടു തയാറാക്കിയിരിക്കുന്നത്. 

Job Tips >>