Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു റിവേഴ്സ് മെന്ററിങ്ങിന്റെ കാലം

office

ഒരു കമ്പനിയിൽ പുതുതായി ജോലിക്കു കയറുന്നവരെല്ലാം പതിവായി  കേൾക്കാറുള്ള വാക്കാണു മെന്ററിങ്. സീനിയർ ആളുകൾ പുതിയ ജീവനക്കാർക്കു തങ്ങളുടെ അറിവും വിവേകവും പകർന്നു നൽകി കമ്പനിയുടെ നിശ്ചിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് അവരെ നയിക്കുന്നതിനെയാണ് മെന്ററിങ് എന്നു പറയുന്നത്. മികച്ചൊരു മെന്റർ തങ്ങളുടെ പ്രഫഷനൽ വളർച്ചയ്ക്ക് ആവശ്യമാണെന്ന് പുതിയ ജീവനക്കാരും കരുതുന്നു.

എന്നാൽ കമ്പനികളിൽ ഇപ്പോൾ റിവേഴ്സ് മെന്ററിങ്ങിന്റെ കൂടി കാലമാണ്. അതായത്, മുതിർന്ന ജീവനക്കാർ ഇന്നലെ കയറി വന്ന പയ്യൻമാരിൽനിന്നു കൗതുകത്തോടെ പുതിയ പാഠങ്ങൾ പഠിക്കുന്നു. കെപിഎംജി പോലുള്ള ആഗോള സ്ഥാപനങ്ങൾ റിവേഴ്സ് മെന്ററിങ്ങിനായി പ്രത്യേക പദ്ധതി തന്നെ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നു. പലപ്പോഴും സാങ്കേതിക വിദ്യ, സാമൂഹിക മാധ്യമങ്ങൾ, പുതിയ വിപണന ട്രെൻഡുകൾ പോലുള്ള വിഷയങ്ങളിലാണു കമ്പനികൾ റിവേഴ്സ് മെന്ററിങ് സാധ്യത തേടുന്നത്. 

1990 കളിൽ ജനറൽ ഇലക്ട്രിക് കമ്പനി സിഇഒ ജാക്ക് വെൽഷാണു റിവേഴ്സ് മെന്റിങ് എന്ന ആശയത്തിനു പ്രചാരം നൽകിയത്. ഇന്റർനെറ്റ് സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ചു തുടങ്ങിയ കാലത്തു കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് ഇതിൽ പരിശീലനം നൽകാൻ ജാക്ക് റിവേഴ്സ് മെന്ററിങ് ഉപയോഗപ്പെടുത്തി. 

പുതിയ ചിന്തകളും തുറന്ന മനസ്സും സാങ്കേതികത്തികവുമായി എത്തുന്ന പുതു തലമുറയിൽനിന്നു പഴയ തലമുറയ്ക്കു പഠിക്കാനേറെ. അറിവിന്റെ കാര്യത്തിൽ തലമുറകൾ തമ്മിലുള്ള വിടവു നികത്താൻ റിവേഴ്സ് മെൻററിങ്ങിലൂടെ സാധിക്കും. പഴയ തലമുറയിൽനിന്നു കമ്പനിയെപ്പറ്റിയും കമ്പനി വ്യാപരിക്കുന്ന മേഖലയെപ്പറ്റിയുമെല്ലാം പഠിക്കാൻ പുതുതലമുറയ്ക്കും സാധിക്കും. ബിസിനസ്സിലെ സാങ്കേതിക പദങ്ങൾ, വ്യാപാര രീതികൾ, ശീലങ്ങൾ തുടങ്ങിയവയും അനുഭവജ്ഞാനമുള്ള പഴയ തലമുറയിൽനിന്നു പുതിയ ജീവനക്കാർക്കു പഠിക്കാം.

നേതൃപദവികളിലേക്ക് ഉയരാൻ ആഗ്രഹിക്കുന്ന ഉൽപതിഷ്ണുക്കളായ ചെറുപ്പക്കാർക്കു റോൾ മോഡലുകളെയും പ്രചോദനമാകുന്നവരെയും കണ്ടെത്താൻ റിവേഴ്സ് മെന്ററിങ് സഹായിക്കും. ഒരു കമ്പനിയിലെ വിവിധ തലമുറകൾ തമ്മിൽ തുറന്ന ആശയ വിനിമയത്തിനുള്ള വേദിയും ഇതൊരുക്കും. പുതിയ തലമുറയെയും അവരുടെ ചിന്തകളെയും ഒട്ടൊക്കെ മനസ്സിലാക്കാൻ പഴമക്കാരെയും സീനിയേഴ്സ് അത്ര പഴഞ്ചന്മാർ അല്ലെന്നു തിരിച്ചറിയാൻ പുത്തൻ കൂറ്റുകാരെയും റിവേഴ്സ് മെന്ററിങ് സഹായിക്കും. 

പക്ഷേ എല്ലായ്പ്പോഴും ഈ പരിപാടി വിജയിക്കണം എന്നില്ല. മാത്രമല്ല, സീനിയേഴ്‌സും ജൂനിയേഴ്സും തമ്മിൽ ഉരസലുകൾക്കും കാരണമാകാം. ‘ഇത്രേം മുതിർന്ന എന്നെ പഠിപ്പിക്കാൻ ഇന്നലെ വന്ന പീക്കിരി പയ്യനോ’ എന്ന മട്ടിലുള്ള ഈഗോയാണ് ഇവിടെ വില്ലനാകുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനഃസ്ഥിതി മുതിർന്ന ജീവനക്കാർ കാണിക്കണം. സീനിയേഴ്സ് ഒന്നടങ്കം പഴഞ്ചന്മാരെന്ന പുച്ഛം കലർന്ന മുൻധാരണ പുതിയവരും ഒഴിവാക്കണം. ഇരു കൂട്ടർക്കും ഉപകാരപ്പെടുന്നതാണു റിവേഴ്സ് മെന്ററിങ് എന്ന ഈ ഏർപ്പാട് എന്ന ഉത്തമ ബോധ്യത്തോടെ കമ്പനിയുടെ വളർച്ച ലക്ഷ്യം വച്ചു മുന്നോട്ടു പോകാൻ സാധിക്കണം.

Job Tips >>