83–ാം വയസ്സിൽ ഓട്ടമൊബീൽ രംഗത്ത് 13–ാം പേറ്റന്റുമായി വാറുണ്ണി

സ്വന്തമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് വാഹന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്ന വാറുണ്ണി. ചിത്രം: ജീജോ ജോൺ ∙ മനോരമ

പേരിനൊപ്പം ‘യുദ്ധം’ കൂടെ കൊണ്ടുനടക്കുന്നതു കൊണ്ടാവാം എൺപത്തിമൂന്നാം വയസിലും വാറുണ്ണി വാഹനങ്ങളെ തന്റെ വരുതിയിൽ നിർത്താനുള്ള ‘വാറിലാണ്’. 83 വയസ്– കേൾക്കുമ്പോൾ തന്നെ വീൽചെയറും ബെഡ് റസ്റ്റും നിരത്തി വച്ച കുപ്പികളിലെ മരുന്നുമൊക്കെയാണ് മനസ്സിൽ തെളിയുക. എന്നാൽ വയസ്സിലെന്തിരിക്കുന്നു എന്ന ഭാവത്തിൽ പുത്തൻ സാങ്കേതിക വിദ്യകളെ വിടാതെ പിടിച്ചിരിക്കുകയാണ് തൃശൂർ പെരിങ്ങാവ് സ്വദേശി കെ. യു. വാറുണ്ണി. ഈ പ്രായത്തിൽ അദ്ദേഹം നേടിയതാവട്ടെ ഓട്ടമൊബീൽ രംഗത്ത് തന്റെ പതിമൂന്നാമത്തെ പേറ്റന്റും. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന പുതിയ ‘ഹൈബ്രിഡ്’ സംവിധാനത്തിനാണ് ഏറ്റവുമൊടുവിലായി വാറുണ്ണി പേറ്റന്റ്‍ നേടിയെടുത്തത്. കേന്ദ്ര സർക്കാരിന്റെ നാഷനൽ ഇന്റലെക്ച്വൽ പ്രോപർട്ടി പുരസ്കാരം നേടിയിട്ടുള്ള, 2013–ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേറ്റന്റ് സ്വന്തമായുള്ള വ്യക്തിയെന്ന ബഹുമതി നേടിയ വാറുണ്ണിയുടെ ഇരമ്പുന്ന വിശേഷങ്ങളിലേക്ക്.. 

ബാല്യത്തിലെ യന്ത്രക്കൂട്ട് 

യന്ത്രങ്ങളുടെ രൂപകൽപനയും നിർമാണവുമൊക്കെ ഒരു കൗതുകമായി കുട്ടിക്കാലം മുതൽക്കേ മനസിൽ കയറിയിരുന്നു എന്നാണു വാറുണ്ണി പറയുന്നത്. മികച്ച മാർക്കോടെ ഇന്റർമീഡിയറ്റ് പാസായതിനു പിന്നാലെ രണ്ടാമതൊന്നാലോചിക്കാതെ മദ്രാസ് സർവകലാശാലയില്‍ മെക്കാനിക്കൽ എൻജിനിയറിങ്ങിനു ചേർന്നതും ഇതേ കാരണം കൊണ്ടുതന്നെ. 

എന്നാൽ ഫുട്‌ബോളിലും സംഗീതത്തിലുമൊക്കെ കമ്പം കയറി നടന്നതുകൊണ്ടു തന്നെ എൻജിനീയറിങ് പഠനത്തിന്റെ അവസാന വർഷം തോൽവിയായിരുന്നു മിച്ചം. സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ചു ബോധോദയം ഉണ്ടായതോടെ വാറുണ്ണി ചിട്ടയോടെ പഠനവും തുടങ്ങി, തൊട്ടടുത്ത വർഷം ബിരുദം പാസായത് 85% മാർക്ക് നേടിയായിരുന്നു. 

സ്‌ഥിരം ‘കമ്പനി’ നഹി ഹെ! 

പഠനത്തിനു ശേഷം ആറു വർഷത്തോളം മരാമത്ത് വകുപ്പിൽ എൻജിനീയറായി ജോലി നോക്കി. തുടർന്നു ട്രാക്കോയിൽ ജോലിയിൽ പ്രവേശിച്ച വാറുണ്ണി അധികം വൈകാതെ അടുത്ത സ്‌ഥാപനത്തിലേക്കു ചേക്കേറി. ഒരു സ്‌ഥാപനത്തിൽനിന്ന് അവിടുത്തെ സാങ്കേതിക വിദ്യകളെക്കുറിച്ചു വിശദമായി പഠിച്ച ശേഷം അടുത്ത സ്‌ഥാപനത്തിലേക്കു മാറുക-ഇതായിരുന്നു വാറുണ്ണിയുടെ രീതി. അങ്ങനെ ഹിന്ദുസ്‌ഥാൻ ലാറ്റക്‌സ്, ഐടിസി, വിംകോ, ജിടിസി ബറോഡ, മുൾബോക്‌സ് ലിമിറ്റഡ്, ജെറ്റ്‌കോ, ഗോൾഡൻ ടുബാക്കോ തുടങ്ങിയ കമ്പനികളിലെല്ലാം റിസർച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗത്തിൽ ജോലി ചെയ്‌തു.  

വാഹനകമ്പവും പേറ്റന്റുകളും 

യന്ത്രരൂപകൽപനയായിരുന്നു ജോലിയെങ്കിലും അക്കാലമത്രയും വാറുണ്ണി മനസിൽ ഒതുക്കിയ ഒരു സ്വപ്‌നമുണ്ട്, ഓട്ടമൊബീൽ മേഖലയിൽ ഗവേഷണം നടത്തുക.  അതുകൊണ്ടു തന്നെ ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനം നിർമിക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് സ്വന്തമാക്കിയതിന്റെ പേരിൽ 1972ൽ വാറുണ്ണിക്ക് ആദ്യ ദേശീയ അവാർഡ് ലഭിച്ചു. 

പിന്നീട് 1990–ൽ ഗിയർ ഇല്ലാത്ത കാർ നിർമാണത്തിനുള്ള പേറ്റന്റിനു വീണ്ടും ലഭിച്ചു ദേശീയ അവാർഡ്. രാത്രിയിലെ വാഹനയാത്ര സുഗമമാക്കുന്നതിനു ഗ്ലെയർ വൈസർ, ഗിയർ ഇല്ലാത്ത കാർ, റൈറ്റ് ആംഗിൾ സ്‌റ്റീയറിങ് സിസ്‌റ്റം തുടങ്ങിയ സാങ്കേതിക വിദ്യകൾക്ക് ഇതിനകം ആറു പേറ്റന്റുകൾ ലഭിച്ചു.  ജോലിയിൽ നിന്നു വിരമിച്ചെങ്കിലും ഇപ്പോഴും ഗവേഷണങ്ങളിൽ വ്യാപൃതനായിരിക്കുന്ന വാറുണ്ണിക്കു ഭാര്യ ശാന്തയും മക്കളും നൽകുന്ന പിന്തുണയാണു പ്രചോദനമേകുന്നത്. 

ചെറിയ സ്ഥലത്ത് വണ്ടി എങ്ങനെ പാർക്ക് ചെയ്യാം, വണ്ടിയുടെ വേഗം എങ്ങനെ നിലനിർത്താം തുടങ്ങിയ കണ്ടുപിടിത്തങ്ങൾക്കും പേറ്റന്റ് ലഭിച്ചു. രണ്ട് അമേരിക്കൻ പേറ്റന്റുകളും വാറുണ്ണിക്ക് സ്വന്തം. ഏറ്റവും കൂടുതൽ പേറ്റന്റുകളുള്ള സ്വകാര്യ വ്യക്തി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ നാലു തവണ വാറുണ്ണിയുടെ പേര് വന്നിരുന്നു– 2000, 2011, 2014, 2016 എന്നീ വർഷങ്ങളിലായിരുന്നു ആ അംഗീകാരം. യന്ത്രരൂപകൽപനയ്‌ക്കുള്ള രണ്ടു ദേശീയ അവാർഡുകൾ, കൂടുതൽ പേറ്റന്റുകൾ സ്വന്തമാക്കിയ മുതിർന്ന ഇന്ത്യൻ പൗരൻ എന്ന ബഹുമതി (2013), ട്രാൻസ്‌മിഷൻ സിസ്‌റ്റവുമായി ബന്ധപ്പെട്ട് അമേരിക്കൻ പേറ്റന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പൗരൻ എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങളും വാറുണ്ണിയെ തേടി എത്തിയിട്ടുണ്ട്.