Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ട് ജോലിക്കാരുടെ സ്മാർട്ട് ശീലങ്ങൾ

smart

രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിക്കു വേണ്ടി ജീവിതം സമർപ്പിക്കുന്ന ചിലരുണ്ട്. ജോലിക്കാര്യം കഴിഞ്ഞിട്ടേ ഉണ്ടാകൂ ഇവർക്ക് കുടുംബവും കുട്ടികളും പോലും. ഇവരെ നമുക്ക് കഠിനാധ്വാനി അഥവാ ഹാർഡ് വർക്കർ എന്ന് വിളിക്കാം. എന്നാൽ മറ്റു ചിലരുണ്ട്. ഓഫിസ് സമയം കഴിഞ്ഞാൽ ഒരു നിമിഷം പോലും അവിടെ നിൽക്കില്ല. പണി തീരാത്തിനാൽ രാവേറെ ചെല്ലുവോളം അവർ ഓഫിസിൽ ഇരിക്കാറുമില്ല. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ആവശ്യത്തിനു സമയം ചെലവിടുകയും ചെയ്യും. എന്നുവച്ച് അവരുടെ ജോലിയിൽ ഇതുകൊണ്ടു നഷ്ടമൊന്നും ഉണ്ടാവുകയുമില്ല. ഇവരെ നമുക്കു സ്മാർട്ട് വർക്കർ എന്നു വിളിക്കാം.

ജോലിയിലെ ഉൽപാദനക്ഷമത കണക്കാക്കിയാൽ സ്മാർട്ട് വർക്കറാകും പലപ്പോഴും ഹാർഡ് വർക്കറേക്കാൾ മുന്നിട്ടു നിൽക്കുന്നത്. മാറുന്ന തൊഴിൽ സാഹചര്യങ്ങളിൽ എല്ലാവരും സ്മാർട്ടായി മാറാനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, എങ്ങനെ? സ്മാർട്ടായി ജോലി ചെയ്യുന്ന ഒരാൾ അവരുടെ തൊഴിൽസമയം മാത്രമല്ല ആഴ്ചാവസാനമുള്ള അവധികളും ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കുന്നവർ ആയിരിക്കും. ഈ അവധിദിവസങ്ങളിൽ നിന്നാണ് യഥാർഥത്തിൽ ഒരാഴ്ച ജോലി ചെയ്യാനുള്ള ഊർജം സംഭരിക്കുന്നതും. സ്മാർട്ട് വർക്കർമാർ തങ്ങളുടെ വാരാന്ത്യങ്ങൾ ചെലവിടുന്നത് എങ്ങനെയെന്ന് നോക്കാം.

1. ജോലിക്കു ബ്രേക്ക്

ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകളും മെസേജുകളും നോക്കി അവയ്ക്കു മറുപടി നൽകി അവധിദിനങ്ങളും പ്രവൃത്തിദിനങ്ങളാക്കരുത്. വർക്ക് മെയിലുകൾക്കും സന്ദേശങ്ങൾക്കും താൽക്കാലിക ഇടവേള നൽകുക. അവ ഒഴിച്ചു കൂടാനാവാത്ത തരം ജോലിയാണു നിങ്ങളുടേതെങ്കിൽ അവധി ദിനങ്ങളിലെ ഒരു പ്രത്യേക സമയം മാത്രം അതിനായി മാറ്റി വയ്ക്കുക.

2. വീട്ടുപണികൾ അധികമാവരുത്

വാട്ടർ ടാങ്ക് വൃത്തിയാക്കണം, പറമ്പു മുഴുവൻ കിളയ്ക്കണം എന്നിങ്ങനെ അവധിദിനങ്ങളെ വീട്ടിലെ കഠിനാധ്വാനം കൊണ്ടു നിറയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വിശ്രമത്തിനും വിനോദത്തിനും അവസരമുണ്ടാകുന്നില്ല. വീട്ടിലെ ജോലികളാവാം. പക്ഷേ എല്ലാം കൂടി അവധിദിവസത്തിൽ തന്നെ ചെയ്യാൻ നിൽക്കരുത്. വിശ്രമം ഉറപ്പാക്കുംവിധം ഇത്തരം ജോലികൾ ഷെഡ്യൂൾ ചെയ്യണം. ധാരാളം സമയം അപഹരിക്കുന്ന ജോലികൾ ഘട്ടംഘട്ടമായി പല ആഴ്ചകൾ കൊണ്ടു ചെയ്യണം.

3 .വ്യായാമം

ജോലിക്ക് പോകുന്ന ദിവസങ്ങളിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവർ നിർബന്ധമായും എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടണം. നടത്തമോ സൈക്ലിങ്ങോ നീന്തലോ അങ്ങനെ എന്തുമാകാം. എന്നും വ്യായാമം ചെയ്യുന്നവരാണെങ്കിൽ അവധിയല്ലേ എന്നു കരുതി അതു മുടക്കരുത്.

4. ചെറു സാഹസങ്ങൾ ആസൂത്രണം ചെയ്യുക

ആഴ്ചാവസാനത്തിലെ അവധി എത്തുമ്പോൾ ചെയ്യാനായി ഇതുവരെ ഏർപ്പെടാത്ത എന്തെങ്കിലും ചെറു സാഹസിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. ചെറിയൊരു ട്രെക്കിങ്ങോ ഏതെങ്കിലും പടത്തിന്റെ ഫസ്റ്റ് ഷോ ഫസ്റ്റ് ടിക്കറ്റോ അങ്ങനെ എന്തുമാകാം. ഇങ്ങനെ എന്തെങ്കിലും ചെയ്യാനുണ്ടെന്ന തോന്നൽതന്നെ ആ ആഴ്ചയിൽ നിങ്ങളിൽ ഊർജം നിറയ്ക്കും.

5. കുടുംബത്തിനായി അൽപം സമയം

കുട്ടികളെയും കൂട്ടി പാർക്കിൽ പോവുക, കുടുംബത്തോടൊപ്പം ഒരു സിനിമ, അടുക്കളയ്ക്ക് അവധി നൽകി പുറത്തു നിന്നു ഭക്ഷണം, അകലെ താമസിക്കുന്ന മാതാപിതാക്കളെ കാണാൻ പോവുക.. ഇങ്ങനെ അവധി സമയത്തിൽ നല്ലൊരു പങ്കു കുടുംബത്തിനായി നീക്കി വയ്ക്കുക.

6. എന്നും ഒരേ സമയത്ത് ഉണരുക

അവധി ദിവസങ്ങളിൽ വൈകി ഉണരുന്നതു നമ്മുടെ ബയോളജിക്കൽ ക്ലോക്ക് ആകെ തെറ്റിക്കും. ഇത് കൂടുതൽ ക്ഷീണമാണു നമുക്കു തോന്നിപ്പിക്കുക. അതുകൊണ്ട് ഉണരുന്ന സമയം മാറ്റരുത്. അധികം ഉറങ്ങണം എന്നുണ്ടെങ്കിൽ രാത്രിയിൽ കുറച്ചു നേരത്തെ കിടക്കാൻ ശ്രമിക്കുക.

7. കണക്കെടുപ്പ്

എല്ലാ ആഴ്ചയുടെ ഒടുവിലും കഴിഞ്ഞു പോയ വാരത്തെപ്പറ്റി മാനസികമായ ഒരു കണക്കെടുപ്പു നടത്തുക. ചെയ്ത കാര്യങ്ങൾ, എടുത്ത തീരുമാനങ്ങൾ ഒക്കെ സ്വയം വിലയിരുത്തുക. ജോലിത്തിരക്കുകളിൽനിന്നു മാറിനിൽക്കുമ്പോൾ എല്ലാം പുതിയൊരു വെളിച്ചത്തിൽ നോക്കിക്കാണാൻ സാധിക്കും. ഇതു നമ്മുടെ കാര്യക്ഷമത വർധിപ്പിക്കും.

8. ഇഷ്ടമുള്ള എന്തെങ്കിലും പിന്തുടരുക

സംഗീതം കേൾക്കുക, വായിക്കുക, എഴുതുക, വരയ്ക്കുക, നൃത്തം ചെയ്യുക തുടങ്ങി മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി കുറച്ചു സമയം നീക്കി വയ്ക്കുക. ജോലി സമ്മർദം മാറ്റാനും പുതിയ ചിന്തകളിലേക്കു മനസ്സിനെ തുറന്നു വയ്ക്കാനും ഇതു വഴി സാധിക്കും.

9. സാമൂഹിക പ്രവർത്തനം

മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്ന ഉത്തമ ബോധ്യത്തോടെ പുറത്തിറങ്ങി അയൽക്കാരും നാട്ടുകാരുമായി സഹകരിക്കാനും നേരം കണ്ടെത്തുക. റസിഡൻസ് അസോസിയേഷൻ, യൂത്ത് ക്ലബുകൾ, എൻജിഒകൾ തുടങ്ങിയവയുമായി സഹകരിച്ച് സാമൂഹിക പ്രവർത്തനത്തിലും മറ്റും ഏർപ്പെടാം.

10. വരും ആഴ്ചയ്ക്കായി തയാറെടുപ്പ്

അടുത്ത ഒരാഴ്ച ജോലിയുമായി ബന്ധപ്പെട്ടു ചെയ്യാൻ പോകുന്ന കാര്യങ്ങൾ 30 മിനിറ്റ് ഇരുന്നു ചിന്തിച്ച് ഒരു പ്ലാൻ തയ്യാറാക്കുക. കാര്യങ്ങൾ അതനുസരിച്ച് നീങ്ങണം എന്നു നിർബന്ധമില്ല. പക്ഷേ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചു നിങ്ങൾക്കൊരു ധാരണയുണ്ടാക്കാനും ടൈം മാനേജ്മെന്റ് നടത്താനും സാധിക്കും.


Job Tips >>