സൗജന്യ പിഎസ്‌സി പരിശീലനവുമായി കെഎസ്ഇബി ഉദ്യോഗസ്ഥൻ

പ്രദീപ് മുഖത്തല സായാഹ്ന ക്ലാസിൽ ഉദ്യോഗാർഥികൾക്കൊപ്പം. ചിത്രം: രാജൻ എം.തോമസ് ∙ മനോരമ

കൊല്ലം മുഖത്തല. പുലർച്ചെ 4.15. കണ്ണങ്കര, ഋതുപർണികയെന്ന ഈ വീട് അതിനു മുൻപേ ഉണരും. ടെറസിൽ പിഎസ്‌സി പരീക്ഷാ പരിശീലന ക്ലാസ് തുടങ്ങുകയാണ്. പഠിപ്പിക്കുന്നത്, കെഎസ്ഇബി ഉദ്യോഗസ്ഥൻ പ്രദീപ് മുഖത്തല(34). എന്താണു പ്രത്യേകത എന്നല്ലേ. ക്ലാസ് പൂർണമായും സൗജന്യം. ഗുരുദക്ഷിണ വേണ്ട. അതു സന്മനസ്സുണ്ടെങ്കിൽ പാവപ്പെട്ടവർക്കു സഹായമായി കൊടുത്താൽ മതി.

611 പേരാണ് ഇപ്പോൾ ശിഷ്യൻമാർ. രാവിലത്തെ ക്ലാസ് 7 വരെ. വൈകിട്ടും 3 മണിക്കൂർ ക്ലാസ്.  പ്രദീപിന്റെ ടെറസിൽ നിന്ന് 308 പേർ ഇതുവരെ സർ‌ക്കാർ ജോലിയിൽ പ്രവേശിച്ചു. 600 പേർ വിവിധ ലിസ്റ്റുകളിലുണ്ട്. മിക്ക ലിസ്റ്റിലും ആദ്യ റാങ്കുകൾ തന്നെ. ഇപ്പോഴത്തെ അസി. ജയിലർ പരീക്ഷയിൽ ഒന്നാം റാങ്കും പ്രദീപിന്റെ വിദ്യാർഥിക്ക്. 

കരയ്ക്കടുത്ത ജീവിതങ്ങൾ

പ്രദീപ് ഡിഗ്രിക്കു പഠിക്കുമ്പോഴാണ് അച്ഛൻ രാധാകൃഷ്ണന്റെ മരണം. മൂന്ന് ആൺമക്കളടങ്ങുന്ന കുടുംബം പിന്നീട് അമ്മ ലീലാമ്മ ഒറ്റയ്ക്കു തുഴഞ്ഞു. തയ്യൽജോലി ചെയ്തു കിട്ടുന്ന തുച്ഛ വരുമാനം മാത്രം ജീവിതത്തിനു ബലമായ കാലം. 

അമ്മയ്ക്കു തുണയാകണം എന്നായിരുന്നു പ്രദീപിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി, കോളജ് പഠനത്തിനൊപ്പം ലൈബ്രറികളിൽ പോയിരുന്ന് പിഎസ്‍സി പരീക്ഷകൾക്കായി പഠിച്ചു. അങ്ങനെ, എംഎ ഇക്കണോമിക്സിനു പഠിക്കുമ്പോൾ പ്രദീപ് സർക്കാർ ഉദ്യോഗസ്ഥനായി.ലാബ് അസിസ്റ്റന്റ്, വില്ലേജ് മാൻ.... പിന്നെ യൂണിവേഴ്സിറ്റി അസി. ഗ്രേഡ് അടക്കം കയ്യിലെത്തിയത് 14 നിയമനങ്ങൾ! 2010ൽ കെഎസ്ഇബിയിൽ കാഷ്യറായി. ഇപ്പോൾ പെരുമ്പുഴ ഓഫിസിൽ.

ജോലി കിട്ടിയല്ലോ ഇനി വിശ്രമിക്കാം എന്നല്ല, മറ്റുള്ളവരും കരയ്ക്കടുക്കട്ടെ എന്നാണു പ്രദീപ് ആദ്യം ചിന്തിച്ചത്. വീടിനു സമീപം ശാന്തി ലൈബ്രറിയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ അദ്ദേഹം 2013ൽ രണ്ടുപേർക്കായി അവിടെ ക്ലാസ് തുടങ്ങി.

കേട്ടറിഞ്ഞു കൂടുതൽ ആളുകളെത്തിയതോടെ അവിടെ സ്ഥലമില്ലാതായി.  ക്ലാസ് നേരെ വീടിന്റെ സിറ്റൗട്ടിലേക്ക്. അവിടെയും നിറഞ്ഞപ്പോൾ ടെറസിൽ ഷീറ്റ് മേഞ്ഞ് അവിടേക്ക്. 

‘ശിക്ഷ’ യും പഠനം

സാർ എന്നല്ല, ചേട്ടൻ എന്ന വിളി കേൾക്കാനാണു പ്രദീപിനിഷ്ടം. പക്ഷേ, പുറത്തു സുഹൃത്താണെങ്കിലും ക്ലാസിൽ കണിശക്കാരൻ. ഒരു ക്ലാസ് നഷ്ടമാക്കിയാൽ 250 ചോദ്യോത്തരങ്ങൾ പഠിച്ചിട്ടേ പിറ്റേന്നു കയറാനാവൂ. എൻട്രൻസും അങ്ങനെതന്നെ, കടുകട്ടി. അഡ്വൈസ് മെമ്മോ വരുംവരെ പഠിക്കണം, അതാണു നിബന്ധന. 

വിമുക്തഭടൻ, സ്വകാര്യ കമ്പനി ജീവനക്കാർ, കാറ്ററിങ് ജോലിക്കാർ, എൻജി. വിദ്യാർഥികൾ... അങ്ങനെ നീളുന്നു വിദ്യാർഥി നിര. തറയിലിരുന്നാണു പഠനം. ബോർഡും ഇല്ല. 

വേദനിക്കുന്നവർക്കൊപ്പം 

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിലുണ്ട് പ്രദീപും ‘കുട്ടികളും’. ശിഷ്യർ വാങ്ങുന്ന പഠനോപകരണങ്ങൾ നിർധനരായ സ്കൂൾകുട്ടികൾക്കു വിതരണം ചെയ്യും. 

രോഗികൾക്കും അനാഥാലയങ്ങൾക്കും എല്ലാ മാസവും സഹായം നൽകുന്നു. ക്ലാസിലെത്തുന്ന നിർധനർക്കും വീടുവയ്ക്കാനടക്കം വലിയ തുണയേകുന്നുണ്ട്. രക്തദാനത്തിനും എപ്പോഴും സജ്ജരാണ് ഈ സംഘം. അവയവദാന സമ്മതപത്രം നൽകാനും.

പ്രളയമേഖലകളിലേക്ക് എല്ലാവരും ചേർന്നു നൽകിയത് 3.12 ലക്ഷം രൂപയുടെ സാധനങ്ങളാണ്. ദിവസങ്ങളോളം ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ഇറങ്ങി.

നാലര മണിക്കൂർ മാത്രം ഉറങ്ങി, ബാക്കി സമയമെല്ലാം നാടിനുവേണ്ടി ഉണർന്നിരിക്കുന്ന പ്രദീപിനൊപ്പം കെഎസ്‌ഇബി അധികൃതരും നാട്ടുകാരുമുണ്ട്. 

സ്നേഹം നിറഞ്ഞൊരു ചിരി; അതു മാത്രം പ്രതിഫലമായി വാങ്ങി ഈ യുവാവ് യാത്ര തുടരുന്നു. ഒപ്പം നടക്കാം, മനസ്സുകൊണ്ട്...