നിയമം പാലിച്ചാൽ പൊലീസ് ‘പൊക്കും’

നല്ല ഡ്രൈവിങ്ങിനു സമ്മാനവുമായി അബുദാബി പൊലീസിന്റെ ഹാപ്പിനസ് പട്രോൾ സംഘം. യുഎഇ കലാകാരൻ ഖാലിദ് അൽ അമേരി ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം.

ശരിയാണ്, റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ അബുദാബി പൊലീസ് ഉറപ്പായും പൊക്കും. എന്നിട്ടു സമ്മാനങ്ങളും ‘ബഹുമതിപത്രവും’ തരും. തോളിൽ കയ്യിട്ടു ഫോട്ടോ എടുക്കും. അബുദാബി പൊലീസിന്റെ ഹാപ്പിനസ് പട്രോൾ എന്ന പുതിയ പദ്ധതിയാണു റോഡുകളിൽ ചിരി വിരിയിക്കുന്നത്, യാത്രക്കാരെയും ഡ്രൈവർമാരെയും ഹാപ്പി ആക്കുന്നത്. ദിവസം 15 പേർക്കാണു സമ്മാനം; ഹാപ്പിനസ് സർട്ടിഫിക്കറ്റും ഗിഫ്റ്റ് വൗച്ചറും. 

കുറ്റവാളികളെ പിടിക്കാൻ മാത്രമുള്ളതാണു പൊലീസ് എന്ന ചിന്ത മാറണം, ജനങ്ങൾക്കു കാവലായി, അവർക്കൊപ്പം നിൽക്കുന്ന സുരക്ഷാ കവചമാണ് പൊലീസ് എന്ന ചിന്ത വളരണം – അതാണു ലക്ഷ്യമെന്നു യുഎഇ പറയുന്നു. തലസ്ഥാന എമിറേറ്റായ അബുദാബിയിൽ മാത്രമല്ല, മറ്റ് ആറ് എമിറേറ്റുകളിലും പൊലീസ് ‘സൂപ്പർ’.

കൂളായി ഉറങ്ങിക്കോ, ഞങ്ങളുണ്ട് കാവൽ
ഡ്രൈവ് ചെയ്യുന്നതിനിടെ മയക്കം തോന്നിയപ്പോൾ വണ്ടി നിർത്തിയിട്ട് ഉറങ്ങിയതാണു മലപ്പറും എടപ്പാളുകാരൻ മുനീർ അലി. കണ്ണു തുറന്നപ്പോൾ ചുറ്റും പൊലീസ്. പേടിച്ചു നിൽക്കെ പൊലീസ് പറയുന്നു, ‘‘ക്ഷീണം മാറിയില്ലെങ്കിൽ ഉറക്കം തുടർന്നോളൂ, ഞങ്ങൾ കാവലുണ്ട്.’’.

മുനീർ അലി

ഉറക്കം പോയെന്നു പറഞ്ഞപ്പോൾ ചിരിയോടെ ജ്യൂസും ചോക്ലേറ്റും സമ്മാനിച്ചു. ‘നിങ്ങൾ ചെയ്തതാണു ശരി. ഡ്രൈവിങ്ങിനിടെ ഉറക്കം വന്നാൽ വണ്ടി പാർക്ക് ചെയ്ത് ഉറങ്ങണം. പക്ഷേ, ആളുള്ള സ്ഥലത്തു വേണം വിശ്രമിക്കാൻ. സാമൂഹിക വിരുദ്ധരെ സൂക്ഷിക്കുകയും വേണം,’’ തോളിൽ തട്ടി പൊലീസ് പറഞ്ഞതോടെ മുനീർ ഫ്ലാറ്റ്. ദുബായിൽ സെയിൽസ്മാനായ മുനീർ അലി ജോലിയുമായി ബന്ധപ്പെട്ടു ഫുജൈറയിലേക്കു പോകും വഴിയാണു കാറിൽ ഇരുന്ന് ഉറങ്ങിയത്. 

ഷാർജയിൽ നിന്നു ചികിൽസയ്ക്കായി നാട്ടിലേക്കു പുറപ്പെട്ട തിരുവനന്തപുരം സ്വദേശി സനിൽ മാത്യു ഗതാഗതക്കുരുക്കിൽ പെട്ടതും ഷാർജ പൊലീസ് പാഞ്ഞെത്തി കൃത്യസമയത്തു വിമാനത്താവളത്തിലെത്തിച്ചതും മറ്റൊരു കഥ. 

വയോധികയായ വിദേശ വനിതയുടെ ബാഗ് നഷ്ടമായതു ദുബായിൽ വച്ച്. അവർ പോയ സ്ഥലങ്ങളിലെല്ലാം അവരെയും കൂട്ടി പൊലീസ് ചെന്ന് അന്വേഷിച്ചു. ഒടുവിൽ ഒരു ഹോട്ടലിലെ കൗണ്ടറിൽ കളഞ്ഞുകിട്ടിയ വസ്തുക്കളുടെ കൂടെ ബാഗ് കണ്ടെത്തി കയ്യിൽ കൊടുത്തു! ബിഗ് സല്യൂട്ട് പറയാതെ എന്തു ചെയ്യും.

Job Tips >>