Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസിറ്റീവ് ആറ്റിറ്റ്യൂഡ് എങ്ങനെ വളർത്തിയെടുക്കാം

Positive Attitude

കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവയ്ക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം. ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള I can ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.

ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘട്ടംഘട്ടമായി ഇതു സാധ്യമാണുതാനും എപ്പോഴും സന്തോഷത്തോടെയിരിക്കുവാൻ ബോധപൂർവം ശ്രമിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. സന്തോഷം (happiness) എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. ചോദ്യമിതാണ്, വിജയിക്കാനാണാ പരാജയപ്പെടാനാണോ നിങ്ങളാഗ്രഹിക്കുന്നത്. നെഗറ്റീവായ ചിന്തകൾ മനസ്സിലേക്കു കടന്നു വരുമ്പോൾത്തന്നെ അവയിൽ നിന്നു മുഖം തിരിക്കുക. ക്രിയാത്മകമായ പോസിറ്റീവ് ചിന്തകൾ കൊണ്ട് കഠിനാധ്വാനത്തിന്റെ കൂടി സഹായത്തോടെ വിജയത്തിലേക്ക് അടക്കുന്നതു കാണുമ്പോൾ സ്വയം അഭിമാനിക്കുക.

ചില നേട്ടങ്ങളിലേക്ക് എത്തിച്ചേരുവാൻ ഒന്നിലധികം ശ്രമങ്ങൾ വേണ്ടി വന്നേക്കാം. പരാജയങ്ങളിൽ പതറാതെ അവയിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുവാൻ ശ്രമിക്കുക. ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് തോമസ് ആൽവാ എഡിസൺ. ഫിലമെന്റ് ലാംപ് എന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ലോകത്തെത്തന്നെ അന്ധകാരത്തിൽ നിന്ന് അക്ഷരാർഥത്തിൽ ഉയർത്തിയ ഒന്നായിരുന്നു. ആയിരക്കണക്കിന് വസ്തുക്കൾ ഫിലമെന്റ് നിർമിക്കുന്നതിനായി അദ്ദേഹം പരീക്ഷിച്ചു നോക്കി, ഓരോ തവണയും പരാജയപ്പെട്ട അദ്ദേഹം വീണ്ടും തന്റെ ശ്രമം തുടർന്നു. ഒടുവിൽ ടങ്സ്റ്റൺ‌ കണ്ടെത്തുകയും അതുകൊണ്ട് വിജയകരമായി ഫിലമെന്റ് ഉണ്ടാക്കുകയും ചെയ്തു. ലോകം പറഞ്ഞു ‘ആയിരംവട്ടം പരാജയപ്പെട്ട എഡിസൺ ഒടുവിൽ ടങ്സ്റ്റണിലൂടെ വിജയം കണ്ടെത്തി.’ എന്നാൽ എഡിസൺ അതിനെ നോക്കിക്കണ്ടത് മറ്റൊരു രീതിയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ്യമിതായിരുന്നു.

‘ഒരു ഫിലമെന്റ് ബൾബിലെ ഫിലമെന്റായി ഉപയോഗിക്കാവുന്ന ഒരു മൂലകവും അതേ ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത ആയിരത്തോളം വസ്തുക്കളും ഞാൻ കണ്ടെത്തി’ നാമെല്ലാം പരാജയമായി നോക്കിക്കണ്ടവയെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിജയങ്ങളെന്നു വിശേഷിപ്പിക്കാം.

സന്തോഷം തുളുമ്പുന്ന മനസ്സുള്ള ഒരു വ്യക്തി   എപ്പോഴും ആഹ്ളാദവാനായി കാണപ്പെടും ഉള്ളിലെ സന്തോഷത്തിന്റെ ഏറ്റവും സുവ്യക്തമായ ബാഹ്യലക്ഷണമാണ് മുഖത്തു വിരിയുന്ന ഒരു പുഞ്ചിരി. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് സന്തോഷത്തിന്റെ ബാഹ്യലക്ഷണമായ പുഞ്ചിരി ബോധപൂർവം വിരിയിക്കുന്നതിലൂടെ ക്രമേണ സന്തോഷം മനസ്സിലേക്കും പതിയെ പ്രവേശിക്കും എന്നാണ്. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി വിടരുന്നു എന്നുറപ്പാക്കുക.

ഐസ് എന്നാൽ പൂജ്യം ഡിഗ്രി സെല്‍ഷ്യസിൽ താഴെ വെള്ളത്തെ ശീതീകരിക്കുമ്പോൾ ഉണ്ടാകുന്ന ഖരപദാർഥമാണ്. ഐസ് തിരിച്ച് വെള്ളമായി മാറാതിരിക്കണമെങ്കിൽ ഒരേയൊരു മാർഗമേയുള്ളൂ. പൂജ്യം ഡിഗ്രി സെൽഷ്യസിലോ അതിൽ താഴെയോ ഉള്ള താപനിലയിൽ അതു സൂക്ഷിക്കുക. മനോഭാവത്തെ പോസിറ്റീവ് ആക്കിക്കഴിഞ്ഞാൽ അത് അങ്ങനെതന്നെ നിലനിർത്തുകയെന്നതു പലപ്പോഴും ശ്രമകരമാണ്. ചുറ്റുപാടും ദൈനംദിനം കാണുന്നതും ഇടപെടുന്നതുമായ നെഗറ്റീവ് ചിന്തകളുടെ പ്രേരണയാൽ നാം വീണ്ടും പഴയ അവസ്ഥയിലേക്കു തിരികെ പോകുവാനുള്ള സാധ്യത കൂടുതലാണ്. മനോഭാവത്തെ സദാ പോസിറ്റീവാക്കി നിലനിർത്തുന്നതിനുള്ള ഒരേയൊരു മാർഗം പോസിറ്റീവ് മനോഭാവമുള്ള വ്യക്തികളുമായി സമ്പർക്കത്തിലിരിക്കുക എന്നതാണ്. ഐസ് ഉരുക്കാതിരിക്കാനായി ഉപയോഗിക്കുന്ന വിദ്യതന്നെ മനോഭാവം പോസിറ്റീവായി തുടരാനുമുപയോഗിക്കാം എന്നു ചുരുക്കം.

ഒരു വിജയത്തെ ലക്ഷ്യം വച്ചു മുന്നേറുമ്പോൾ വിജയിച്ചു നില്‍ക്കുന്ന അവസ്ഥയെക്കുറിച്ചു മാത്രം ചിന്തിക്കാൻ ശ്രമിക്കുക. ഒരിക്കലും പരാജയപ്പെടലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചാകരുത് ചിന്തകൾ. ദിവസവും പ്രഭാതത്തിൽ ഉണർന്നെണീക്കുമ്പോൾ ആ ദിവസത്തെക്കുറിച്ചുള്ള ശുഭചിന്തകൾ മനസ്സിൽ നിറയ്ക്കുക. മനോഭാവത്തിൽ ഒരു പരിവർത്തനമുണ്ടാക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഓരോ ദിവസവും വൈകിട്ട് ആ ദിവസം തനിക്കുണ്ടായ അതല്ലെങ്കിൽ തനിക്കു നൽകാൻ കഴിഞ്ഞ അഞ്ചു നന്മകൾ ഒരു ബുക്കിൽ എഴുതി സൂക്ഷിക്കുക.സ്വാഭാവികമായും അന്നുണ്ടായ തിന്മകളായിരിക്കും മനസ്സിലേക്ക് ആദ്യം കടന്നുവരിക. അവയെ ബോധപൂർവം ഒഴിവാക്കി പോസിറ്റീവ് മാത്രം തിരഞ്ഞെടുക്കുക. മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നത് കരുതലും സ്നേഹവും മനസ്സിന്റെ സന്തോഷം വർധിപ്പിക്കുകയും അതിലൂടെ വിജയസാധ്യത ഉയർത്തുകയും ചെയ്യുമെന്നാണ്. നമ്മെക്കുറിച്ചു മറ്റുള്ളവരോടു പറയുമ്പോഴും അവനവനെക്കുറിച്ച് സ്വയം ചിന്തിക്കുമ്പോഴും പോസിറ്റീവ് പദങ്ങൾക്ക് നമ്മുടെ അബോധമനസ്സിനെപ്പോലും നിയന്ത്രിക്കുന്നതിനുള്ള അതിയായ ശക്തിയുണ്ട്. നിക്ക് വ്യൂജിചിക് (Nick Vujicic) എന്ന ഓസ്ട്രേലിയൻ യുവാവ് ജനിച്ചതു തന്നെ രണ്ടു കാലുകളും രണ്ടു കൈകളുമില്ലാതെയാണ്. No arms, No worries എന്നതാണ് അയാളുടെ ആപ്ത വാക്യം തന്നെ. ലോകം. കാതോർക്കുന്ന ഒരു പ്രഭാഷകനും ലക്ഷങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മോട്ടിവേഷണൽ സ്പീക്കറുമാണ് ഇന്നദ്ദേഹം ‘അയ്യോ പാവം’ എന്ന മനോഭാവത്തോടെ നാം അദ്ദേഹത്തെ നോക്കി കാണുമ്പോൾ നിക്ക് തിരികെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങളിൽ എത്ര പേർക്ക് സ്കൈ ഡ്രൈവിങ് ചെയ്യാൻ സാധിക്കും. എത്ര പേർക്കു കടലിൽ സർഫിങ് ചെയ്യാനറിയാം. ഒരു സ്പീഡ് ബോട്ടിനെ അതിവേഗം പായിച്ച് അതിൽ സഞ്ചരിക്കാൻ എത്ര പേർക്കു കഴിയും. ഇതെല്ലാം അദ്ദേഹത്തിന്റെ  സ്ഥിരം വിനോദങ്ങളാണ്. ഇല്ലായ്മയെക്കുറിച്ചുള്ളതല്ല. ഉള്ളവയെക്കുറിച്ചുള്ള ചിന്തകളാണ് പോസിറ്റീവ് മനോഭാവം വളർത്തുന്നത്. ‘If you think you can or if you think you can’t you are right എന്ന് Henry Ford പറഞ്ഞത് നമുക്കു നമ്മളോടുതന്നെയുള്ള മനോഭാവത്തെക്കുറിച്ചാണ്.

ഇംഗ്ലീഷിലെ അക്ഷരങ്ങൾ A–1, B–2 …….Z–26എന്ന ക്രമത്തിൽ മാർക്കിട്ടാൽ ATTITUDE എന്ന വാക്കിലെ അക്ഷരങ്ങൾ കൂട്ടിയാൽ ലഭിക്കുന്ന മാർക്ക് നൂറാണ്. Skills –82, Knowledge – 96, Hardwork – 98, Attitude – 100.

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമെന്നു  വിശേഷിപ്പിച്ചിരുന്ന ബ്രിട്ടനെതിരെ നിരായുധ സമരത്തിലൂടെ വിജയം നേടാമെന്ന് അർഥനഗ്നനായ ഫക്കീറായ ഗാന്ധിജി പറഞ്ഞപ്പോൾ  കോടാനുകോടി ഇന്ത്യക്കാർ അദ്ദേഹത്തോടൊപ്പം അണിചേർന്ന ആ ഉദ്യമം വിജയിപ്പിച്ചതെങ്ങനെ എന്നു പലരും ആശ്ചര്യപ്പെടാറുണ്ട്. ഒരു ജനതയെ മുഴുവൻ പോസിറ്റീവ് മനോഭാവത്തിലധിഷ്ഠിതമായി ചിന്തിപ്പിക്കുവാനും വിജയം സുനിശ്ചിതമാണെന്ന് ഊട്ടിയുറപ്പിക്കുവാനും സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയത്തിനാധാരം എന്നു പ്രത്യേകം ഓർക്കുക.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.