എന്തിലും വിജയിക്കാം ഈ അഞ്ചു കാര്യങ്ങള്‍ ഉണ്ടെങ്കില്‍

എന്താണു വിജയം നേടിത്തരുന്നത് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും അവരുടേതായ ധാരണകള്‍ ഉണ്ടാകും. കരിയറിലാണെങ്കിലും ജീവിതത്തിലാണെങ്കിലും വിജയിക്കുന്നതിന് ഒരു മാജിക് ഫോര്‍മുല ഉണ്ട്. ചില അടിസ്ഥാനപരമായ കാര്യങ്ങളില്‍ പടുത്തുയര്‍ത്തിയിരിക്കുന്നതാണ് ആ ഫോര്‍മുല. ഇറങ്ങിത്തിരിക്കുന്ന എന്തു കാര്യത്തിനും വിജയിക്കാന്‍ താഴെപ്പറയുന്ന അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയാകും. 

1. വീക്ഷണം
നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതത്തിന് അടിത്തറയാകുന്നതു ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണമാണ്. വീക്ഷണമില്ലെങ്കില്‍ എന്തിനു വേണ്ടി ഒരു കാര്യം ചെയ്യുന്നു എന്ന ബോധ്യം നമുക്കുണ്ടാകില്ല. ജോലിയെയോ വിവാഹത്തെയോ ബന്ധങ്ങളെയോ ഒക്കെ സംബന്ധിച്ചായാലും ഇത്തരമൊരു വീക്ഷണമുണ്ടെങ്കില്‍ അവ വിജയിക്കാനുള്ള സാധ്യതയേറും. ഒരു കാര്യം നടത്താന്‍ ഇറങ്ങുമ്പോള്‍ എന്താണു നിങ്ങള്‍ അതില്‍നിന്ന് ആഗ്രഹിക്കുന്നത്, എന്തുകൊണ്ട് അത് ആഗ്രഹിക്കുന്നു, അതിന്റെ ഫലമെങ്ങനെയാകും, അതിന്റെ അനന്തരഫലമെന്ത് എന്നെല്ലാം ചിന്തിക്കണം. ആ വീക്ഷണം സര്‍വ പ്രധാനമായി വയ്ക്കണം. 

2. സമര്‍പ്പണം
ഒരു കാര്യത്തില്‍ 100 ശതമാനവും ആത്മസമര്‍പ്പണം ചെയ്യുന്നവരെ അതില്‍ പരാജയപ്പെടുത്താനാകില്ല. ആത്മസമര്‍പ്പണത്തോടെ ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പരാജയഭീതിയോ കുറുക്കു വഴികളോ നമ്മുടെ മുന്നിലുണ്ടാകില്ല. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതും അതിനായി തുടര്‍ച്ചയായി കഠിനാധ്വാനം  ചെയ്യുന്നതുമെല്ലാം ആത്മസമര്‍പ്പണമുള്ളവര്‍ക്കു മാത്രം പറ്റുന്ന കാര്യങ്ങളാണ്.  ജീവിതത്തോടും ജോലിയോടും ബന്ധങ്ങളോടും ആരോഗ്യത്തോടുമൊക്കെ നിങ്ങള്‍ക്കുള്ള സമര്‍പ്പണബുദ്ധിയെ അടിസ്ഥാനമാക്കിയിരിക്കും നിങ്ങളുടെ വിജയം. 

3. സ്വാഭാവികത
നിങ്ങള്‍ നിങ്ങളായിരിക്കുക എന്നതും പ്രധാനമാണ്. അതാണു സ്വാഭാവികമായ കാര്യവും. മറ്റുള്ളവരുടെ മുന്നില്‍ നല്ല പിള്ളയാകാനും ആരെങ്കിലും തങ്ങളെ തഴയുമോ എന്നൊക്കെ ഭയപ്പെട്ടും അപരവ്യക്തിത്വം വച്ചു പുലര്‍ത്തുന്നതു വിജയത്തിനു പറ്റിയ സ്വഭാവവിശേഷം അല്ല. സ്വഭാവത്തില്‍ കൃത്രിമത്വം കലരാതെ സ്വാഭാവികമായി പെരുമാറുക. 

4. വിശ്വാസ്യത
ബന്ധങ്ങളുടെ കെട്ടുറപ്പിനു വിശ്വാസ്യത പ്രധാനമാണ്. നമ്മുടെ ബന്ധങ്ങള്‍ സ്വഭാവത്തിന്റെ പ്രതിഫലനവുമാണ്. ചെയ്യുമെന്നു പറഞ്ഞു വാക്കു കൊടുത്തിട്ട് ഒരു കാര്യം ചെയ്യാതിരിക്കുമ്പോള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. വിശ്വസിക്കാന്‍ കൊള്ളരുതാത്തവന്‍ എന്ന പേരു വീഴുന്നതു വിജയവഴിയില്‍ ബാധ്യതയാകുമെന്ന് ഉറപ്പ്. 

എന്നാല്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും നമുക്കു വാക്കു പാലിക്കാനും വാഗ്ദാനങ്ങള്‍ നിറവേറ്റാനും കഴിഞ്ഞെന്നു വരില്ല. ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ നമ്മളെക്കൊണ്ടു ചെയ്യാന്‍ സാധിക്കാതെ വരും. തികച്ചും മനുഷ്യസഹജമായി സംഭവിക്കുന്ന ഇത്തരം വീഴ്ചകള്‍ സമ്മതിച്ച്, അതാവര്‍ത്തിക്കില്ല എന്ന ഉറപ്പോടെ മുന്നോട്ടു പോവുക. 

5. മത്സരക്ഷമത
പരസ്പരം മത്സരിക്കുന്നത് എല്ലാ സാഹചര്യങ്ങളിലും അത്ര നല്ല ഗുണമായി വാഴ്ത്തപ്പെടാറില്ല എന്നതു സത്യം. പക്ഷേ, ഒരു മത്സരമുണ്ടാകുമ്പോഴാണു നാം കൂടുതല്‍ സ്വയം നവീകരിക്കപ്പെടുന്നത്. നമ്മുടെ കഴിവുകള്‍ മാറ്റുരയ്ക്കപ്പെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ജീവിതത്തിലെ മത്സരങ്ങളില്‍ വിജയം കാണാന്‍ എപ്പോഴും സജ്ജരായിരിക്കുക. ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടും പോലെ സ്വന്തം കഴിവുകളെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുക. മത്സരങ്ങളിലൂടെ അവ ഇടയ്ക്കിടെ പരീക്ഷണവിധേയമാക്കുക. 

Job Tips >>