തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാലായി കുറയുമോ?

ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്നവരാണ്. ഇതുതന്നെ ഏഴു ദിവസമാക്കിയാല്‍ സന്തോഷം എന്നു കരുതുന്നവരാണു പല തൊഴിലുടമകളും. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടെക്കികള്‍ക്കും അതുപോലെ ചുരുക്കം ചിലര്‍ക്കും  മാത്രമാണ് ആഴ്ചയില്‍ അഞ്ചു ദിവസം ജോലി. 

വര്‍ക്ക് ഫ്രം ഹോം, ഫ്‌ളക്‌സിബിള്‍ വര്‍ക്കിങ് അവേഴ്‌സ് എന്നിങ്ങനെ പല പേരുകളില്‍ ജോലിയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പു മായ്ക്കുന്ന തിരക്കിലാണു നമ്മളില്‍ പലരും. അതേസമയം വിദേശത്തു ചിലയിടങ്ങളില്‍ ആഴ്ചയില്‍ നാലു ദിവസം ജോലി എന്ന വിഷയമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. ചില സ്ഥാപനങ്ങള്‍ ഒരുപടി കൂടി കടന്ന് അതു നടപ്പാക്കാനും ആരംഭിച്ചു. ആഴ്ചയില്‍ നാലു ദിവസം ജോലി കൂടുതല്‍ ഉത്പാദനക്ഷമതയിലേക്കും കുറഞ്ഞ സമ്മർദത്തിലേക്കും കൂടുതല്‍ പ്രചോദിതരായ തൊഴില്‍ സേനയിലേക്കും നയിക്കുമെന്ന കണ്ടെത്തലാണ് ഇവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ജർമനി‍, ന്യൂസീലന്‍ഡ്, ജപ്പാന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ എത്തുന്നുണ്ട്. ബ്രിട്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പോലുള്ള പ്രമുഖ തൊഴിലാളി സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. തൊഴിലാളികളുടെ ജോലിസമയം കുറയ്ക്കാൻ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം ഉപയോഗിക്കണമെന്നാണു സംഘടനയുടെ ആവശ്യം. 

ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലിയുമായി ആരും ലോകത്തെ മാറ്റിയിട്ടില്ലെന്ന ടെസ്‌ല കമ്പനി മേധാവി എലോണ്‍ മസ്‌കിന്റെ ട്വീറ്റിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അമിത ജോലിഭാരത്തെ ഇങ്ങനെ പലരും വിമര്‍ശിക്കുന്ന സാഹചര്യത്തിലാണു നാലു ദിവസ ജോലിയെന്ന ചിന്തയിലേക്കു കമ്പനികള്‍ എത്തുന്നത്. 

അഞ്ചു ദിവസം ചെയ്തിരുന്ന പണി നാലു ദിവസത്തെ ശ്രദ്ധയോടുള്ള പ്രവര്‍ത്തനം വഴി എളുപ്പം തീര്‍ക്കാനാകുമെന്ന് ഈ രീതി നടപ്പാക്കിയ ബെര്‍ലിനിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഷൂള്‍സ് ഹോവന്‍ പറയുന്നു. അഞ്ചു ദിവസം ജോലിയായിരുന്ന സമയത്തു ധാരാളം സമയമുണ്ടെന്ന ധാരണയില്‍ കാപ്പി കുടിക്കാനും സഹപ്രവര്‍ത്തകരോടു വര്‍ത്തമാനം പറയാനും കൂടുതല്‍ സമയം നഷ്ടപ്പെടുത്തിയിരുന്നതായും ഹോവന്‍ അഭിപ്രായപ്പെടുന്നു.

വെള്ളിയാഴ്ച ഹോവന്റെ കമ്പനിയിലേക്കു വിളിക്കുന്ന ക്ലയന്റുകള്‍ക്കു ലഭിക്കുക അന്നാരും ഓഫിസില്‍ ഉണ്ടാകില്ല എന്ന റെക്കോര്‍ഡഡ് സന്ദേശമാണ്. ക്ലയന്റുകളില്‍നിന്ന് ഇതുമൂലം പരാതികളൊന്നും ഉണ്ടായില്ലെന്നും മറിച്ചു പലരും തങ്ങളോട് അസൂയയാണ് പ്രകടിപ്പിച്ചതെന്നും ഹോവന്‍ കൂട്ടിച്ചേര്‍ക്കുന്നു. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും മാറി വരുന്ന തൊഴില്‍ സംസ്‌കാരവും നാലുദിന തൊഴിലിനു കൂടുതല്‍ സ്വീകാര്യത നല്‍കുമെന്ന പ്രതീക്ഷയിലാണ് ആഗോള തൊഴിലാളി സമൂഹം.

Job Tips >>