മീ ടൂ പ്രഭാവം: നിയമോപദേശം തേടി കോര്‍പ്പറേറ്റ് ലോകം

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ അക്രമികളെ വൈകിയാണെങ്കിലും തുറന്നു കാട്ടിയ മീ ടൂ മൂവ്‌മെന്റ് ഇന്ത്യയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളും മീ ടൂ വെളിപ്പെടുത്തലുകളുടെ രൂപത്തില്‍ പല കോണുകളില്‍ നിന്നു പുറത്തു വന്നു. സിഇഒമാര്‍, എഡിറ്റര്‍മാര്‍, പ്രഫസര്‍മാര്‍, സിനിമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ മീ ടൂ വെളിപ്പെടുത്തലുകളില്‍ കുടുങ്ങി. ചിലര്‍ രാജിവച്ചൊഴിഞ്ഞു. മറ്റു ചിലരെ പുറത്താക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരായി. ചില സ്ഥാപനങ്ങള്‍ക്കു തന്നെ ഇത് ആകെ ചീത്തപ്പേരായി. എന്നാല്‍ മീ ടൂ മൂവ്‌മെന്റ് കൊണ്ടു ഉപകാരമുണ്ടായ ഒരു കൂട്ടരുണ്ട്. രാജ്യത്തെ നിയമ സ്ഥാപനങ്ങള്‍. 

മീ ടൂവിനു പിന്നാലെ തൊഴിലിടങ്ങിലെ ലൈംഗികാതിക്രമങ്ങള്‍ നേരിടാനുള്ള വഴികള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റു ലോകം ഗൗരവമായി ആലോചിച്ചു തുടങ്ങി. ഇതെങ്ങനെ നേരിടാം, മീ ടൂ സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റിയെല്ലാമാണു കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നിയമോപദേശം തേടുന്നത്. ഈ സാഹചര്യമാണു നിയമ സ്ഥാപനങ്ങള്‍ക്കു ഉപകാരമാകുന്നത്. ജിഎസ്ടിക്കും മറ്റു നികുതി പ്രശ്‌നങ്ങള്‍ക്കും ശേഷം ഒട്ടുമിക്ക കമ്പനികളെയും ആശങ്കപ്പെടുത്തുന്ന സംഗതിയായി മീ ടൂ മാറിയെന്നു നിയമസ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  

മീ ടൂ സാഹചര്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ എടുക്കേണ്ട ആദ്യ നടപടികളെ കുറിച്ചാണു ചില സ്ഥാപനങ്ങള്‍ക്ക് അറിയേണ്ടത്. വേറെ ചില കമ്പനികളാകട്ടെ മിഡ്, സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ചു പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. അടുത്തിടെ വരുന്ന ഒരു ഓഫീസു പാര്‍ട്ടിയില്‍ മീ ടൂ വിലേക്കു നയിക്കാവുന്ന ലൈംഗികാതിക്രമ സംഭവങ്ങള്‍ നടക്കാത്തിരിക്കാന്‍ എന്തു മുന്‍കരുതലാണു സ്വീകരിക്കേണ്ടത് എന്നതാണ് മറ്റു ചിലര്‍ക്ക് അറിയേണ്ടത്. വിശാഖ കേസിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ചു ഇന്റേണല്‍ കംപ്ലയന്റ് കമ്മറ്റികളും വിവിധ സ്ഥാപനങ്ങള്‍ രൂപീകരിച്ചു തുടങ്ങിയിട്ടുണ്ട്. 

Job Tips >>