അറിയാമോ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർമാരുടെ ശമ്പളം?

സ്ത്രീകളോടു പ്രായവും പുരുഷന്മാരോടു ശമ്പളവും ചോദിക്കരുതെന്നാണു പ്രമാണം. പക്ഷേ, ഓണ്‍ലൈന്‍ ചോദ്യോത്തര വെബ്‌സൈറ്റായ ക്വോറയില്‍ ശമ്പളത്തെക്കുറിച്ചൊരു ചോദ്യം വന്നപ്പോള്‍ വിശദവിവരങ്ങളുമായി ചാടി വീണതധികവും പുരുഷന്മാര്‍. ഇന്ത്യയില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ലഭിക്കാവുന്ന ഉയര്‍ന്ന ശമ്പള പാക്കേജ് എത്രയെന്ന ചോദ്യത്തിനാണ് വിശദമായ കണക്കുകളുമായി വെബ്‌സൈറ്റിലെ റജിസ്റ്റേഡ് അംഗങ്ങളെത്തിയത്.

തിരുവനന്തപുരം സ്വദേശിയായ പ്രവീണ്‍ വെങ്കിടേശ്വര അന്നു അടക്കം ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേരാണ് ശമ്പള പാക്കേജ് കണക്കുകള്‍ നിരത്തിയത്. പ്രവീണിന്റെ കണക്കുകള്‍ പ്രകാരം കോഡിങ്ങില്‍ നല്ല പിടിപാടുള്ള ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജീനിയര്‍ക്ക് 30 മുതല്‍ 35 ലക്ഷം രൂപ വരെ പരമാവധി വാര്‍ഷിക ശമ്പളമായി ലഭിക്കാം. ഇതില്‍തന്നെ സേവന അധിഷ്ഠിത കമ്പനികളേക്കാൾ ഉൽപന്ന അധിഷ്ഠിത കമ്പനികളിലാണ് ശമ്പളം കൂടുതല്‍ ലഭിക്കുകയെന്നും പ്രവീണ്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യയിലെ ശരാശരി ശമ്പളം പ്രതിമാസം 40,000 നും ഒരു ലക്ഷം രൂപയ്ക്കും ഇടയിലാണെന്നും വന്‍ നഗരങ്ങളിലെ ശമ്പളക്കാര്‍ മാത്രമാണ് ഇതിനൊരപവാദമെന്നും സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ സസ്ച തറ്റില്‍ സമര്‍ഥിച്ചു. ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും മിന്ത്രയുമൊക്കെ വിപണി പിടിക്കാന്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാര്‍ക്ക്  30 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ പ്രതിവര്‍ഷ ശമ്പളം വാഗ്ദാനം നടത്താറുണ്ടെന്നും സസ്ച ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വമ്പന്മാരും വന്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്യാറുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

പാക്കേജുകള്‍ മാത്രമല്ല, സോഫ്റ്റ്‌വെയര്‍ രംഗത്തു ശോഭിക്കാനുള്ള മാര്‍ഗ്ഗങ്ങളും നിരത്തുന്നു ക്വോറ അംഗങ്ങള്‍. പ്രോഗ്രാമിങ്ങിനെ ഇഷ്ടപ്പെടാനും ജീവിതത്തില്‍ ചെയ്യുന്ന എന്തിനെയും അതുമായി ബന്ധപ്പെടുത്താനും കഴിയണമെന്ന ഉപദേശമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഋഷി മുഖര്‍ജി നല്‍കിയത്. ഇതിനു പുറമേ ഹാക്കിങ്ങിലും ഡേറ്റാ സ്ട്രക്ച്ചറുകളിലും അല്‍ഗോരിതത്തിലും പിടിപാടുണ്ടാകണമെന്നും ഋഷി പറയുന്നു.

മൂന്നു വര്‍ഷം തൊഴില്‍ പരിചയമുള്ള പ്രോഗ്രാമറെ വാള്‍മാര്‍ട്ട് ജോലിക്കെടുത്തത് പ്രതിവര്‍ഷം 27 ലക്ഷം രൂപ ശമ്പളത്തിനാണെന്നും ഗൂഗിള്‍ പുതുതായി എടുക്കുന്നവര്‍ക്ക് വരെ പ്രതിവര്‍ഷം 21 ലക്ഷം രൂപ നല്‍കാറുണ്ടെന്നും സായ്‌നാഥ് ഗുപ്ത ചൂണ്ടിക്കാട്ടി. ഒന്നാം കിട പ്രോഗ്രാമര്‍മാരുടെ പാക്കേജ് പ്രതിവര്‍ഷം 50 ശതമാനം വച്ച് വര്‍ധിക്കുന്നുണ്ടെന്നും സായ്‌നാഥ് പറയുന്നു. പാക്കേജിനെ പറ്റിയും പൊതു ട്രെന്‍ഡുകളെ പറ്റിയുമെല്ലാം പലരും വാചാലരായെങ്കിലും ടെക്കികളുടെ ജോലി സമ്മര്‍ദത്തെക്കുറിച്ചു സൂചിപ്പിച്ചത് ചര്‍ച്ചയില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണെന്നതും ശ്രദ്ധേയമായി.