ചെളിക്കുണ്ടില്‍ ഉയര്‍ന്നുനിന്ന തുമ്പിക്കൈ തുണച്ചു; ആഫ്രിക്കന്‍ ആനക്കുട്ടിക്ക് ഇത് പുനര്‍ജന്മം

Image Credit: You Tube

കെനിയയിലെ സാവോ ദേശീയ പാര്‍ക്കിലാണ് ആനക്കുട്ടി അത്ഭുതകരമായ രീതിയില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ഒരു സംഘം വിനോദസഞ്ചാരികളുടെ കൃത്യമായ ഇടപെടലും ഭാഗ്യവുമാണ് ആനക്കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. എങ്ങനെയോ അബദ്ധത്തിൽ ചെളിയിൽ പുതഞ്ഞുപോയതായിരുന്നു ആനക്കുട്ടി.  ചെളിക്കുണ്ടില്‍ അകപ്പെട്ടുപോയ ആനക്കുട്ടിയുടെ തുമ്പിക്കൈയുടെ അറ്റം മാത്രമാണ് പുറത്തു കാണാനുണ്ടായിരുന്നത്. 

ചെളി നിറഞ്ഞ കുഴിയുടെ അരികില്‍ നിന്ന് ഒരു പിടിയാന തുടര്‍ച്ചയായി കരയുന്നത് കണ്ടാണ് വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തിയത്. ആദ്യ നോട്ടത്തില്‍ ഒന്നും കാണാനാകാതെ അവര്‍ തിരിച്ചു പോകാനൊരുങ്ങി. അപ്പോഴാണ് കൂട്ടത്തിലൊരാള്‍ ചെളിക്കുണ്ടില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന കുട്ടിയാനയുടെ തുമ്പിക്കൈ കണ്ടത്. ഇതോടയാണ് കുട്ടിയാനയാണു ചെളിയിൽ പുതഞ്ഞു പോയെന്ന് ഇവര്‍ക്കു മനസിലായി.

ഉടന്‍ തങ്ങള്‍ക്കൊപ്പമുള്ള ഗൈഡിനെ ഇവർ വിവരമറിയിച്ചു. അധികം വൈകാതെ ഗൈഡ് വനപാലകരെയും കൂട്ടിയെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. ഏതാണ്ട് അരമണിക്കൂര്‍ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ ചെളിയിൽ നിന്നു കരകയറ്റാനായത്. കരയിലെത്തിച്ച ശേഷം വെറ്ററിനറി ഡോക്ടറുടെ പരിശോധനയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. ഇതോടെ അമ്മയുടെ അടുത്തേക്കു തന്നെ കുട്ടിയാനയെ വിടുകയായിരുന്നു. 

രക്ഷാപ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന അമ്മയാന ആദ്യം വിരട്ടാന്‍ ശ്രമിച്ചെങ്കിലും വൈകാതെ സഹായിക്കാനാണെന്നു മനസ്സിലാക്കി പിന്‍മാറുകയായിരുന്നു. മണിക്കൂറുകളോളം കുട്ടിയാന കുഴിയില്‍ കുടുങ്ങിക്കിടന്നുവെന്നാണ് വനപാലകരുടെ നിഗമനം. ഏതായാലും വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ട കുട്ടിയാന അപകടമൊന്നും പറ്റാതെ അമ്മയോടൊപ്പം കാട്ടിലേക്കു മടങ്ങി. കുട്ടിയാനയെ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വിനോദസഞ്ചാരികളും.