ബസിനു മുന്നിൽ കാട്ടാന, ഭയന്നുവിറച്ച് സഞ്ചാരികൾ

തെക്കുപടി‍ഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന ബസിനെ ആക്രമിച്ച ആന ബസിനു കേടുപാടുകൾ വരുത്തിയ ശേഷം സമീപമുണ്ടായിരുന്ന ട്രക്കും തകർത്തു. ആന ആക്രമിക്കുമ്പോൾ ബസിനുള്ളിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. അതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.

വനംവകുപ്പിന്റെ ഡ്രോൺ ഉപയോഗിച്ച് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ബസിനുള്ളിലുണ്ടായിരുന്ന ഡ്രൈവറും സമീപത്തുണ്ടായിരുന്ന സഞ്ചാരികളും ആന ബസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ആക്രമത്തിൽ ബസിന്റെ ചില്ലുകളും മറ്റും തകർന്നിരുന്നു. ഇതുകൂടാതെ ആന മസ്തകമുപയോഗിച്ച് ബസ് പിന്നോട്ട് തള്ളിനീക്കുകയും ചെയ്തു. ആന ബസിനു സമീപത്തുനിന്നും നീങ്ങിയ തക്കത്തിനാണ് അതിനുള്ളിൽ അകപ്പെട്ട ഡ്രൈവർ പുറത്തേക്കോടി രക്ഷപെട്ടത്.

ബസിനോടുള്ള മൽപ്പിടിത്തം കഴിഞ്ഞ ശേഷം അൽപം അകലെയായി നിർത്തിയിട്ടിരുന്ന ട്രക്കിനു സമീപമെത്തിയ ആന പിന്നീട് ട്രക്ക് കുത്തി മറിച്ച ശേഷമാണ് അവിടെ നിന്നും പിന്തിരിഞ്ഞത്. നൂറുകണക്കിനു സഞ്ചാരികൾ നോക്കി നിൽക്കെയായിരുന്നു ആനയുടെ അഭ്യാസ പ്രകടനം. പതിവായി ആന ഈ പ്രദേശത്തിറങ്ങാറുണ്ടെന്ന് വനംവകുപ്പ് അധികൃതരും വ്യക്തമാക്കി. വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചെങ്കിലും ആളുകൾക്ക് അപകടമൊന്നും സംഭവിക്കാത്തത്തിന്റെ ആശ്വാസത്തിലാണ് വിനോദസഞ്ചാരികൾ.