പഴം കൊടുക്കുന്നതിനിടയിൽ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു

Representative Image

ഭക്ഷണം വായിൽ വച്ചുകൊടുക്കുന്നതിനിടയിൽ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു. വേർപെട്ടുപോയ കൈ തുന്നിച്ചേർക്കാനായി പാപ്പാനെ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു കൊണ്ടുപോയി.  

ആലപ്പുഴ കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസിൽ പ്രതാപന്റെ (52) വലതു കൈയാണ് നാരായണൻ എന്ന ആന കടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് ഏഴരയോടെ പ്രതാപന്റെ വീടിനു സമീപം നന്തികാട്ട് പുരയിടത്തിലായിരുന്നു സംഭവം. അഞ്ചു മാസം മുൻപഉ പത്തനംതിട്ട കോഴഞ്ചേരിയിൽനിന്ന് ഉത്സവാവശ്യങ്ങൾക്കായി പ്രതാപൻ പാട്ടത്തിനെടുത്ത ആനയാണ് അക്രമം കാട്ടിയത്.

ബന്ധുവായ പെൺകുട്ടിയെ ആനയെ കാണിക്കാനും മരുന്നു ചേർത്ത പഴം നൽകാനുമായാണു പ്രതാപൻ ആനയുടെ അടുത്തെത്തിയത്. കുട്ടിയെ മാറ്റി നിർത്തിയശേഷം ആനയുടെ വായ്ക്കുള്ളിലേക്കു പഴം വച്ചുകൊടുക്കുന്നതിനിടയിൽ പ്രതാപനെ തട്ടിമറിച്ചിട്ട ആന കൈ കടിച്ചെടുക്കുകയായിരുന്നു. 

പ്രതാപന്റെ വലതുകൈ ഉടലിൽ നിന്നു വേർപെട്ടു. ഓടിയെത്തിയ അയൽവാസി ശ്രീക്കുട്ടനാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രതാപനെ ആനയുടെ സമീപത്തുനിന്നു വലിച്ചുമാറ്റിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വേർപെട്ട കൈ നാട്ടുകാർ‌ ആശുപത്രിയിലെത്തിച്ചു. പിന്നീടു പ്രതാപനെ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആനയെ തളച്ച പുരയിടം പൊലീസ് കാവലിലാണ്.