മത്തി വേണ്ട...കാകാ..അയല മതി; കാക്കയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു

മീൻ കച്ചവടക്കാരനും കാക്കയും തമ്മിലുള്ള രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. വഴിയരികിൽ മീൻ വിൽക്കുന്ന കച്ചവടക്കാരനും കാക്കയും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് വിഡിയോ ദൃശ്യം. മീൻ കച്ചവടക്കാരന്റെ സംഭാഷണത്തിൽ ഇത് വ്യക്തമാണ്. മീൻ തട്ടിന്റെ വക്കിൽ വന്നിരുന്ന് കൂട്ടിയിട്ടിരിക്കുന്ന മത്തിയിൽ തിരഞ്ഞെങ്കിലും അയലയിലായിരുന്നു കാക്കയുടെ കണ്ണ്. അയലയെടുക്കാൻ തുടങ്ങിയ കാക്കയോട് അയല വേണ്ട എടുക്കരുത് അടിതരും എന്ന് കച്ചവടക്കാരൻ പറയുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം.

വഴക്കു പറഞ്ഞപ്പോൾ നീങ്ങിയിരുന്ന കാക്കയോട് മത്തിയെടുത്തോയെന്നു പറഞ്ഞ് വച്ചു നീട്ടിയപ്പോൾ കാക്കയ്ക്ക് ഫീലിങ് പുച്ഛം. പിന്നെയും കാക്കയുടെ കണ്ണ് അയലക്കൂട്ടത്തിൽ തന്നെ. മറ്റ് പല മീനുകളും മീൻകാരൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും കാക്ക അതിലൊന്നും വീണില്ല. ചെറിയ അയല കൊടുത്ത് കാക്കയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ വലിയ ഒരു അയലതന്നെ കൊടുത്തപ്പോൾ കാക്ക അതുവാങ്ങി പറന്നകന്നും അങ്ങനെ മിടുക്കൻ കാക്കയുടെ കടുംപിടുത്തം തന്നെ വിജയിച്ചു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ ഇരുപതിനായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.