Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം നൽകുന്നതിനു പകരമായി പെൺകുട്ടിക്ക് സമ്മാനം നൽകുന്ന കാക്കകൾ

Gabi Mann

വീട്ടിൽ വളർത്തുന്നതും അല്ലാത്തതുമായ നായകൾക്കും പൂച്ചകൾക്കും പക്ഷികൾക്കുമെല്ലാം ദിവസവും പലരും ഭക്ഷണം നൽകാറുണ്ട്.പകരമായി അവ നമ്മോട് നിർലോഭമായ സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഈ ജീവികളൊന്നും തന്നെ ഭക്ഷണം നൽകുന്നവർക്ക് പകരം എന്തെങ്കിലും സമ്മാനം തന്നതായി അറിവില്ല. എന്നാൽ യുഎസിലെ സിയാറ്റിനിലുള്ള ഗാബി മന്‍ എന്ന പെണ്‍കുട്ടിയുടെ അനുഭവം ഇങ്ങനെയല്ല. ചെറുപ്പം മുതല്‍ കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ഗാബിയുടെ കയ്യില്‍ അന്നു മുതല്‍ കാക്കള്‍ തിരികെ നല്‍കിയ കുഞ്ഞു സമ്മാനങ്ങളുടെ ശേഖരവുമുണ്ട്.

നടക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ ഭക്ഷണം അവിടിവിടെ വാരി വിതറിയിടുന്ന സ്വഭാവം മറ്റു മിക്കവാറും കുട്ടികളെപ്പോലെ ഗാബിക്കുമുണ്ടായിരുന്നു. എന്നാല്‍ അല്‍പം കൂടി മുതിര്‍ന്നിട്ടും ഗാബിയുടെ ഈ ശീലം മാറിയില്ല. ഇതോടെ ഗാബി ബാക്കിയാക്കുന്നതും അവിടിവിടെയായി വിതറുന്നതുമായ ഭക്ഷണം മാതാപിതാക്കള്‍ ഗാബിയെക്കൊണ്ടു തന്നെ വൃത്തിയാക്കി പക്ഷികള്‍ക്കു തീറ്റയായി നല്‍കാന്‍ തുടങ്ങി. ഗാബി നൽകുന്ന ഭക്ഷണം അകത്താക്കാൻ സ്വാഭാവികമായും ആദ്യമെത്തിയത് കാക്കകളാണ്. സ്ഥിരമായി ഭക്ഷണം കളയുന്ന ഗാബി അതുകൊണ്ടു തന്നെ കാക്കകള്‍ക്കു ഭക്ഷണം നല്‍കുന്നത് പതിവാക്കി.

വൈകാതെ ഗാബി പോകുന്നിടത്തൊക്കെ കാക്കകളും പിന്‍തുടരാന്‍ തുടങ്ങി. സ്കൂളില്‍ പോലും എപ്പോഴും ഗാബിയെ നിരീക്ഷിച്ച് കൊണ്ട് കാക്കക്കൂട്ടങ്ങളെത്തിത്തുടങ്ങി. ഇതോടെയാണ് കാക്കകള്‍ക്കു ഭക്ഷണം നല്‍കുന്നതിനായി ഒരു പ്രത്യേക സ്ഥലവും പാത്രവും ഗാബി കണ്ടെത്തിയത്. എല്ലാ ദിവസവും ഗാബി ഈ സ്ഥലത്ത് ഭക്ഷണം വയ്ക്കാൻ തുടങ്ങി. ഇതോടെയാണ് അത്ഭുതകരമായ ചില കാര്യങ്ങള്‍ സംഭവിച്ചത്. വൈകാതെ ഭക്ഷണം കഴിക്കാനെത്തുന്ന കാക്കകള്‍ തിളക്കമുള്ളതോ കാണാന്‍ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഇവ ഗാബി ഭക്ഷണം വക്കുന്ന സ്ഥലത്തു തന്നെ കാക്കകളും വയ്ക്കും. ഇവ തിരികെ കൊണ്ടുപോവുകയുമില്ല.

ഇതോടെയാണ് ഈ വസ്തുക്കള്‍ കാക്കകള്‍ തനിക്കു കൊണ്ടു വരുന്ന സമ്മാനങ്ങളാണെന്നു ഗാബി മനസ്സിലാക്കിയത്. തുടര്‍ന്ന് ഗാബി ഈ വസ്തുക്കള്‍ ശേഖരിക്കാൻ തുടങ്ങി. പല പെട്ടികളിലായി വിവിധ കള്ളികള്‍ തിരിച്ച് സമ്മാനം  ലഭിച്ച തീയതി ഉള്‍പ്പടെ എഴുതിയാണ് ഗാബി സൂക്ഷിക്കുന്നത്.കാക്കകള്‍ അതീവ ബുദ്ധിയുള്ള ജീവികളാണെന്നും ഇവയ്ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ഇരുപത് മുതല്‍ മുപ്പത് ആളുകള്‍ക്ക് വരെ ഇവ എന്തെങ്കിലുമൊക്കെ തിരികെ നല്‍കാറുണ്ടെന്നുമാണ് ഈ സംഭവത്തെക്കുറിച്ചു പഠിച്ച വാഷിങ്ടൺ സര്‍വ്വകലാശാലയിലെ വന്യജീവി വിഭാഗം പ്രഫസറായ ജോണ്‍ മസ്റഫ് വിശദീകരിക്കുന്നത്.

കാക്കകള്‍ക്കു സ്ഥിരമായി ഭക്ഷണം നല്‍കിയിരുന്ന ഇംഗ്ലണ്ടിലെ ലിസ എന്ന ഫൊട്ടോഗ്രാഫറുടെ അനുഭവവും ഇതിനു സാക്ഷ്യമാണ്. ഒരിക്കല്‍ വീടിനു സമീപത്തു വച്ച് ഒരു പരുന്തിന്റെ ഫൊട്ടോ എടുക്കുന്നതിനിടെയിൽ ക്യാമറയുടെ ലെന്‍സിന്റെ ക്യാപ് ലിസയുടെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടു. എന്നാല്‍ ലിസയെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീടിനു പിന്നിൽ പക്ഷികള്‍ക്കു വെള്ളം നല്‍കുന്ന പാത്രത്തിനു സമീപത്ത് നിന്ന് ലെന്‍സ് ക്യാപ് ലഭിച്ചു. തന്നെ കാക്കകള്‍ സ്ഥിരമായി നിരീക്ഷിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടെന്നും അവയായിരിക്കാം ഇതു തിരികെയെത്തിച്ചതെന്നുമാണ് ലിസയുടെ വിശ്വാസം.