പന്തു തട്ടുന്നതുപോലെ ഹിപ്പോക്കൂട്ടം മുതലയെ തട്ടിയതിനു പിന്നിൽ? ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വെള്ളത്തില്‍ മുതലകള്‍ക്കു പേടിയുള്ള ഒരേയൊരു ജീവി ഹിപ്പോകളാണ്. പേടിയും ബഹുമാനവും ഒക്കെ അല്‍പ്പം കൂടുതലുള്ളതു കൊണ്ടു തന്നെ ഹിപ്പോകളുടെ അടുത്തേക്ക് മുതലകള്‍ പോകാറേയില്ല. എങ്കിലും എല്ലായിടത്തും എന്ന പോലെ മുതലകളുടെ കൂട്ടത്തിലുമുണ്ടാകും എടുത്തചാട്ടക്കാരും അല്ലെങ്കില്‍ ചുണ അൽപം കൂടുതലുള്ളവരും. ഇത്തരത്തില്‍ പെട്ട ഒരു മുതല ഒരു ഹിപ്പോക്കുഞ്ഞിനെ ഒന്നു പിടിക്കാന്‍ ശ്രമിച്ചു. പിന്നീടു സംഭവിച്ചത് തേനീച്ച കൂട്ടില്‍ കല്ലെറിഞ്ഞതിനു സമാനമായ സംഭവങ്ങളായിരുന്നു. 

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ ഹിപ്പോ കുളത്തിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യം. വിനോദസഞ്ചാരിയായ 71 കാരൻ ഹരീഷ് കുമാറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മുതല ഹിപ്പോക്കുഞ്ഞിനെ ഒന്നു തൊടാൻ നോക്കിയതിനു പകരം ചോദിക്കാനെത്തിയത് ഒന്നും രണ്ടും ഹിപ്പോകളല്ല, മുപ്പതത്തിനാല് ഹിപ്പോകളാണ് കൂട്ടമായെത്തിയത്. ഒരു ഹിപ്പോയെ തന്നെ നേരിടാന്‍ വലിയ മുതലകള്‍‍ക്കു പോലും പ്രയാസമാണ്. അപ്പോൾ പിന്നെ അധികം ആരോഗ്യം പോലുമില്ലാത്ത നമ്മുടെ കഥാനായകന്‍ മുതലയുടെ കാര്യം പറയേണ്ടതില്ലല്ലോ. 

ഹിപ്പോകളുടെ ഒത്ത നടുക്കു തന്നെ പെട്ടുപോയ മുതലയെ ഫുട്ബോള്‍ തട്ടും പോലെയാണ് ഹിപ്പോകള്‍ തട്ടിയെറിഞ്ഞത്. മാറിമാറി ഹിപ്പോകള്‍ മുതലയെ കടിച്ചു കുടഞ്ഞു. മുതലയെ രണ്ടായി ഒടിക്കാന്‍ വരെ ശേഷിയുള്ളവയാണ് ഹിപ്പോകളുടെ താടിയെല്ലുകള്‍. കടിയേറ്റു ക്ഷീണിച്ച മുതലയെ ഒരു ഹിപ്പോ ഇതിനിടെ കടിച്ചുയര്‍ത്തി ആഹ്ലാദപ്രകടനം വരെ നടത്തി. ഇതിനിടെ ഒന്നു കുടഞ്ഞു പുറത്തു ചാടിയ മുതല ജീവനുംകൊണ്ട് വെള്ളത്തിലേക്കു മറഞ്ഞു.

പിന്നീട് ഏറെ നേരം ഹിപ്പോക്കൂട്ടം തിരഞ്ഞിട്ടും മുതലയെ കണ്ടെത്താനായില്ല. കലക്കവെള്ളത്തിന്‍റെ മറവില്‍ മുതല രക്ഷപെട്ടോ അതോ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ എന്നത് മാത്രമായിരുന്നു ഈ കാഴ്ച മുഴുവന്‍ കണ്ടുനിന്നവരുടെ സംശയം.

Read More Animal News