ആദ്യം വിഷപ്പാമ്പ്, പിന്നെ കരടി ഒടുവില്‍ സ്രാവും; മരണത്തെ അതിജീവിച്ച യുവാവ്

കരടി, പാമ്പ് , സ്രാവ് ഇവയെല്ലാം അതീവ അപകടകാരികളായ ജീവികളാണ്. ഇവയുടെ ആക്രമണം നേരിട്ടാല്‍ മനുഷ്യന് ജീവഹാനി സംഭവിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല . അതുകൊണ്ടു തന്നെയാണ് ഈ പറഞ്ഞ മൂന്ന് ജീവികളുടെയും ആക്രമണത്തെ അതിജീവിച്ച ഡിലന്‍ മക്‌വില്യംസ് എന്ന യുവാവിനെ അതീവ ഭാഗ്യവാനെന്ന് വിശേഷിപ്പിക്കുന്നത്. 

ഇരുപത് വയസ്സുകാരനായ ഡിലനെ ഹവായ് ദ്വീപില്‍ വച്ചാണ് കഴിഞ്ഞ ദിവസം സ്രാവ് ആക്രമിക്കുന്നത്. ആക്രമണത്തില്‍ തലയ്ക്കും കാലിനും ആഴത്തില്‍ മുറിവേറ്റിരുന്നു. എന്നാല്‍ ജീവന് അപായം സംഭവിക്കുന്ന തരത്തിലുള്ള മുറിവേല്‍ക്കാതെ ഡയാന്‍ അവിടെനിന്ന് രക്ഷപെട്ടു. ബോഡി സര്‍ഫിംഗ് നടത്തുന്നതിനിടയിലായിരുന്നു സ്രാവിന്റെ ആക്രമണം നേരിട്ടത്. പത്തടിയോളം നീളമുള്ള ടൈഗര്‍ സ്രാവായിരുന്നു ആക്രമിച്ചത്. സ്രാവിനെ തൊഴിച്ചാണ് കൂടുതൽ പരിക്കേൽക്കാതെ ഡിലന്‍ രക്ഷപെട്ടത്. എന്നിട്ടും തലയിൽ മൂന്നും കാലിൽ ഏഴും സ്റ്റിച്ചുകള്‍ വേണ്ടി വന്നു.

നിര്‍ഭാഗ്യകരമായ അവസരങ്ങളിലെ അതീവ ഭാഗ്യം എന്നാണ് തന്റെ മൂന്ന് രക്ഷപെടലുകളെയും കുറിച്ച് ഡിലന്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു ഡിലന്‍. ഇതിനിടെയിലാണ് മൂന്ന് ജീവികളുടെയും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത്. 2017ലാണ് കരടി ഡിലനെ ആക്രമിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെ കൊളറാഡോയിലെ വനത്തില്‍ ടെന്റില്‍ കിടന്ന് ഉറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. അന്ന് തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്.ഒപ്പമുള്ള സഞ്ചാരികള്‍ വെടിയൊച്ച മുഴക്കിയാണ് അന്ന് കരടിയെ തുരത്തിയത്.

നാല് വര്‍ഷം മുന്‍പ് ഉറ്റാ മേഖലയിലെ ട്രക്കിങ്ങിനിടയിലായിരുന്നു പാമ്പിന്‍റെ കടിയേറ്റത്. അണലി വർഗത്തില്‍ പെട്ട വീര്യമേറിയ വിഷമുള്ള പാമ്പാണ് അന്ന് കടിച്ചത്. എന്നാല്‍ അണലിയുടെ വിഷം കാര്യമായി ഡിലന്റെ ശരീരത്തിലേക്കെത്തിയില്ല. കട്ടിയുള്ള ബൂട്ട് ധരിച്ചിരുന്നതാണ് അന്ന് രക്ഷപെടാൻ സഹായിച്ചത്. ചെറിയ അളവില്‍ വിഷം ബാധിച്ചെങ്കിലും അൽപ്പസമയം ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടതേയുള്ളുവെന്ന് ഡിലന്‍ പറയുന്നു.

ഏതായാലും ഈ ആക്രമങ്ങള്‍ക്കൊന്നും ഡിലന്‍റെ യാത്രയോടുള്ള ഭ്രമം കുറയ്ക്കാനായിട്ടില്ല. ജീവികളുടെ അതിര്‍ത്തികളിലേക്ക് കടന്നു ചെല്ലുമ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ സ്വാഭാവികമാണെന്ന നിലപാടാണ് ഡിലന്‍റേത് . ഇതിന്‍റെ പേരില്‍ അവയോട് ദേഷ്യം തോന്നുകയല്ല വേണ്ടതെന്നും അവയെ ബഹുമാനിക്കാന്‍ ശീലിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ഡിലന്‍ പറയുന്നു. എന്തായാലും ഇനിയും തന്റെ യാത്ര തുടരാൻ തന്നെയാണ് ഡിലന്റെ തീരുമാനം.