ഉത്തര കൊറിയയിൽ നിന്നു വീണ്ടും ‘പ്രേത’ ബോട്ടുകൾ?

തികച്ചും അപ്രതീക്ഷിതമായെത്തിയ ആ ‘അതിഥി’ക്കു മുന്നിൽ അമ്പരന്നു നിൽക്കുകയാണ് ജപ്പാൻ. അതിനൊരു കാരണവുമുണ്ട്. തങ്ങളുടെ കടൽത്തീരത്തേക്ക് ഒഴുകിയെത്തിയിരിക്കുന്നത് ഒരു ബോട്ടാണ്. ‘ഗോസ്റ്റ് ബോട്ട്’ എന്നു കാലങ്ങളായി വിശേഷിപ്പിക്കുന്ന ബോട്ടാണോ വന്നിരിക്കുന്നത് എന്നതിന്റെ പേരിലാണു ജപ്പാന്റെ ആശങ്ക. അങ്ങനെയെങ്കിൽ അത് ഒന്നിൽ നിൽക്കില്ല. കഴിഞ്ഞ വർഷം മാത്രം 104 പ്രേതബോട്ടുകളാണു ജപ്പാൻ തീരത്തു പലയിടത്തായി അടിഞ്ഞത്. 

2013 മുതൽ ഇത്തരത്തിൽ വരുന്ന ബോട്ടുകളുടെ കണക്കെടുക്കുന്നുണ്ട് ജപ്പാന്‍. കഴിഞ്ഞ വർഷമായിരുന്നു ഏറ്റവും കൂടുതൽ ബോട്ടുകൾ എത്തിയത്. ഇവയെ ‘പ്രേത’ബോട്ടുകൾ എന്നു വിളിക്കാനുമുണ്ട് കാരണം. ബോട്ടുകളിലൊന്നും ഒന്നുകിൽ ആരും ഉണ്ടാകില്ല, അല്ലെങ്കിൽ നിറയെ മൃതശരീരങ്ങളായിരിക്കും. ചില ബോട്ടുകളിൽ മൃതദേഹങ്ങൾ ചീഞ്ഞളിഞ്ഞ നിലയിലായിരിക്കും. ഒരിക്കൽ കണ്ടെത്തിയ ഒരു ബോട്ടിൽ രണ്ടു മൃതദേഹങ്ങൾക്കു തലയുണ്ടായിരുന്നില്ല. എവിടെ നിന്നാണ് ഇതു വരുന്നതെന്ന കാര്യത്തിൽ ജപ്പാന് ഏറെക്കുറേ ഉറപ്പുണ്ട്. പക്ഷേ മൃതദേഹങ്ങൾ തിരികെ അയയ്ക്കാനോ നടപടിയെടുക്കാനോ സാധിക്കില്ല. കാരണം ജപ്പാനുമായി വഷളായ നയതന്ത്രബന്ധം സൂക്ഷിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണു പ്രതിസ്ഥാനത്ത്!

ഏകദേശം എട്ടു മീറ്ററോളം നീളമുള്ള ബോട്ടാണ് ജൂൺ 11ന് ഹൊക്കയ്ഡോ ദ്വീപിനു സമീപം കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ചു നിൽക്കുന്ന നിലയിലായിരുന്നു ഇത്. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡ് എത്തിയപ്പോഴേക്കും ബോട്ട് തീരത്തു നിന്ന് ഏകദേശം അൻപതു മീറ്ററോളം മാറിയിരുന്നു. കഴിഞ്ഞ ദിവസം ജാപ്പനീസ് ഡൈവർമാർ ബോട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരാളു പോലും ഉണ്ടായിരുന്നില്ലെന്നതാണു യാഥാർഥ്യം. 

ബോട്ടിന്റെ ഉറവിടം സംബന്ധിച്ച എഴുത്തോ അടയാളങ്ങളോ മറ്റു തെളിവുകളോ ഒന്നും ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ ഉത്തരകൊറിയൻ സിഗററ്റ് പായ്ക്കറ്റുകളും അവിടത്തെ എഴുത്തുള്ള ജായ്ക്കറ്റുകളും എന്തിനേറെ ഉത്തരകൊറിയ എന്നെഴുതി നമ്പറിട്ട ബോട്ടുകളും വരെ കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയ ഒരു ബോട്ടിലെ യാത്രക്കാരന്റെ വസ്ത്രത്തിൽ നിന്നു ലഭിച്ചത് കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സങ്ങിന്റെ ചിത്രമായിരുന്നു! ഇത്തവണ എത്തിയ ബോട്ടിന്റെ നിർമാണ രീതിയും ആകൃതിയും നിറവുമൊക്കെ കണ്ടാൽ ഉറപ്പായിരുന്നു അത് ഉത്തര കൊറിയയിൽ നിന്നുള്ളതാണെന്ന്. 

എന്നാൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഉത്തര കൊറിയയിൽ ‘ചാകരക്കാലം’. ആ സീസണിലാണു മത്സ്യബന്ധന ബോട്ടുകൾ ഏറെയും ഉൾക്കടലിൽ എത്താറുള്ളത്. ഈ വർഷം ജനുവരി ആദ്യം അത്തരമൊരു ബോട്ട് ജാപ്പനീസ് തീരത്ത് അടിഞ്ഞിരുന്നു. ജൂലൈയിൽ ഒരു പ്രേതബോട്ട് വരികയെന്നത് അസാധാരണമെന്നും വിദഗ്ധർ പറയുന്നു. അതിനാൽത്തന്നെ ഇത്തവണ തീരത്ത് അൽപം കൂടുതൽ ജാഗ്രതയിലാണു ജപ്പാൻ. 

ഉത്തര കൊറിയയിലെ ഭക്ഷ്യ പ്രതിസന്ധിയാണ് ജനങ്ങളെ കടലിലേക്കു തള്ളിവിടുന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഭക്ഷണമോ വെള്ളമോ വഴി കാട്ടാനുള്ള ജിപിഎസ് സംവിധാനങ്ങളോ പോലുമില്ലാതെയാണു പല പരമ്പരാഗത തടിബോട്ടുകളും കടലിലേക്കിറങ്ങുന്നതു തന്നെ. കിഴക്കന്‍ തീരത്ത് കിം ജോങ് ഉൻ അടുത്തിടെ സുരക്ഷ കുറച്ചിരുന്നു. രാജ്യം വിട്ടു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ ആ വഴിയേ കടക്കാൻ ശ്രമിക്കുമെങ്കിലും മിക്കപ്പോഴും ഉത്തരകൊറിയൻ തീരസംരക്ഷണ സേനയുടെ പിടിയിൽപ്പെടും. കഴുത്തുവെട്ടി കൊല്ലുകയോ അല്ലെങ്കിൽ കടലിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയോ ആണു പിന്നെ സംഭവിക്കുക. 

ചാകരക്കാലത്ത് ചില ബോട്ടുകൾക്ക് സർക്കാർ ‘ക്വാട്ട’ നിശ്ചയിച്ചു നൽകുന്ന രീതിയുമുണ്ട്. പറയുന്നത്ര മത്സ്യം കൊണ്ടുവന്നേ മതിയാകൂ. അല്ലെങ്കിൽ തിരികെ കടലിലേക്കു തന്നെ വിടും. എങ്ങനെയെങ്കിലും കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉത്തരകൊറിയൻ മത്സ്യത്തൊഴിലാളികൾ ഉൾക്കടലിലേക്കു നീങ്ങുന്നതും പതിവാണ്. അതോടെ വഴി തെറ്റിയോ ഭക്ഷണവും വെള്ളവും തീർന്നോ മരണം ഉറപ്പ്. ഉത്തരകൊറിയയും ചൈനയും തമ്മിൽ അതിർത്തി നിശ്ചയിച്ചു മീൻ പിടിക്കുന്നതിനാൽ അതും മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയാകാറുണ്ട്. തികച്ചും അപകടകരമായാണു ഉത്തര കൊറിയൻ കടൽ യാത്രയെന്നു ചുരുക്കം. ഇതൊക്കെയാണ് ‘പ്രേത’ബോട്ടുകളുടെ എണ്ണം കൂടാനുള്ള കാരണങ്ങളായി പറയുന്നതും!