നീരൊഴുക്കു കുറഞ്ഞു; അണക്കെട്ടുകൾ അടങ്ങുന്നു

വിവിധ അണക്കെട്ടുകളിൽ നിന്നു പുറത്തുവിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് താണുതുടങ്ങി. മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.

ഡാമുകളിലെ ഇപ്പോഴത്തെ സ്ഥിതി: (ജലനിരപ്പ്)

∙ ഇടുക്കി– 2402.20 അടി

∙ മുല്ലപ്പെരിയാർ–140 അടി

∙ പമ്പ– 986 മീറ്റർ

∙ കക്കി ആനത്തോട്– 981.41 മീറ്റർ

∙ ബാണാസുര– 774.60 മീറ്റർ

∙ കാരാപ്പുഴ– 758. 2 മീറ്റർ

∙ ഭൂതത്താൻകെട്ട്– 29.70 മീറ്റർ

∙ കക്കയം– 2485.8 ‍അടി

∙ പെരുവണ്ണാമൂഴി– 129.9 അടി

∙ തെന്മല പരപ്പാർ– 384.79 അടി

∙ ചിമ്മിനി 75.5 മീറ്റർ

∙ വാഴാനി– 61.51 മീറ്റർ

∙ ഇടമലയാർ– 168.33 മീറ്റർ

പത്തനംതിട്ട ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ചുതുടങ്ങി. നിലവിൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ മാത്രമാണ് നേരിയ തോതിൽ തുറന്നിരിക്കുന്നത്. പമ്പയിൽ 33 മില്ലിമീറ്ററും കക്കിയിൽ 70 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. വയനാട്ടിൽ ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളിൽനിന്നു പുറത്തുവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ബാണാസുരയുടെ നാലു ഷട്ടറുകളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം അടച്ചു.