ഇതിൽ നിന്നൊരു രക്ഷയില്ല; ചെങ്കടലിലേക്കും വന്നു ആ ഭീകരൻ

പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കുറവുള്ള ജലാശയങ്ങളിലൊന്ന് എന്ന വിശേഷണമായിരുന്നു ഇതേവരെ ചെങ്കടലിന് (റെഡ് സീ) ഉണ്ടായിരുന്നത്. എന്നാൽ സൗദിയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ചെങ്കടലിലെ മത്സ്യങ്ങളിൽ ആറിൽ ഒന്നിന്റെയെന്ന കണക്കിൽ വയറ്റിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥ അനുഭവിക്കുന്ന സമുദ്രങ്ങള്‍ക്കു സമാനമായ കണക്കാണിത്. അതായത്, പ്ലാസ്റ്റിക്കിൽ നിന്നു ചെങ്കടലിനും രക്ഷയില്ലെന്നു ചുരുക്കം. 

ചെങ്കടലിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. എങ്കിലും മീനുകളിലേക്ക് മൈക്രോപ്ലാസ്റ്റിക് എത്തുന്ന കാര്യത്തിൽ ഇവിടെയും ഒരു കുറവുമില്ലെന്നാണു കണ്ടെത്തൽ. സൗദിയിലെ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. 26 സ്പീഷീസുകളിൽപ്പെട്ട 178 മത്സ്യങ്ങളെ പരിശോധിച്ചായിരുന്നു ഗവേഷണം. മത്സ്യങ്ങൾക്കു മാത്രമല്ല ഇവിടെ പ്രശ്നം, അവയെ ഭക്ഷണമാക്കുന്ന മനുഷ്യരിലേക്കും മൈക്രോ പ്ലാസ്റ്റിക് എത്തും. 

ഇവിടേക്കെത്തുന്ന പ്ലാസ്റ്റിക് ഒന്നുകിൽ അടിയൊഴുക്കിലേറി പല സ്ഥലത്തേക്ക് ഒഴുകിപ്പോകും, അല്ലെങ്കില്‍ കടലിന്റെ അടിത്തട്ടിലെത്തും. അവിടെ കിടന്ന് പതിയെ പൊടിഞ്ഞാണ് മൈക്രോപ്ലാസ്റ്റിക് രൂപപ്പെടുന്നത്. അഞ്ചു മില്ലിമീറ്ററിനും താഴെ മാത്രമാണ് ഇവയുടെ വലുപ്പം. എന്നാൽ ചില മീനുകൾ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവികളുടെ അതേ രൂപവും നിറവുമായിരിക്കും ഇവയ്ക്ക്. അങ്ങനെയാണ് അവയുടെ വയറ്റിലെത്തുന്നത്. വൈകാതെ തന്നെ ഇവ ദഹനേന്ദ്രിയ വ്യവസ്ഥയെ തകര്‍ക്കും. മാത്രവുമല്ല, ചിലയിനം പ്ലാസ്റ്റിക്കിൽ മാരക രാസ/വിഷ വസ്തുക്കളുമുണ്ടാകും. ഈ മീനുകളെ മനുഷ്യൻ ഭക്ഷണമാക്കുന്നതോടെ കാത്തിരിക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങളാണ്. 

ചെങ്കടലിലെ പ്ലാസ്റ്റിക്കിന്റെ ഉറവിടവും കണ്ടെത്തിയിട്ടുണ്ട്. സിന്തറ്റിക് വസ്ത്രങ്ങളാണ് ഇവിടെ വില്ലൻ. മനുഷ്യ നിർമിതമായ പോളിസ്റ്റർ, നൈലോൺ എന്നിവ കൊണ്ടെല്ലാം നിർമിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വാഷിങ് മെഷീനിലിട്ട് അലക്കുമ്പോൾ അവയിൽ നിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങൾ പൊടിഞ്ഞു വരും. അലക്കിക്കഴിഞ്ഞ ജലം മാലിന്യക്കുഴൽ വഴി പുറത്തേക്കൊഴുക്കും. അത് ഒടുവിലെത്തുക കടലിലേക്കായിരിക്കും. പൊടിഞ്ഞ നിലയിലായിരിക്കും ഇവ കടലിലെത്തുക. അതിനാൽത്തന്നെ മൈക്രോപ്ലാസ്റ്റിക്കാകാൻ അധികകാലം വേണ്ടി വരില്ല. ഇതാണ് ചെങ്കടലിൽ പ്ലാസ്റ്റിക് മലിനീകരണം കുറവായിട്ടും മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അളവ് കൂടാൻ കാരണം. പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ വഴിയുള്ള മലിനീകരണ പ്രശ്നവും ഈ കടലിനെ ബാധിച്ചിട്ടുണ്ട്. കരയിൽ നിന്നാണ് 80 ശതമാനം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കടലിലെത്തിയിരിക്കുന്നതും