ഫ്ലോറന്‍സ് കൊടുങ്കാറ്റ് ഭീതിയില്‍ കിഴക്കന്‍ അമേരിക്ക, ദശലക്ഷം പേരെ ഒഴിപ്പിച്ചു

ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ സാറ്റലൈറ്റ് ചിത്രം

കഴിഞ്ഞ 30വര്‍ഷത്തിനിടെ അമേരിക്കയുടെ കിഴക്കന്‍ തീരത്തു വീശുന്ന ഏറ്റവും ശക്തമായ ചുഴലി കൊടുങ്കാറ്റ് ഫ്ലോറന്‍സ് വെള്ളിയാഴ്ച കരയിലേക്കെത്തുമെന്നാണ് നിഗമനം. കൊടുങ്കാറ്റിനെ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഇതുവരെ നോര്‍ത്ത്, സൗത്ത് കാരലൈന, വെര്‍ജീനിയ സംസ്ഥാനങ്ങളില്‍ നിന്നായി പത്തു ലക്ഷം പേരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ചു. കാരലൈന തീരത്താണ് ഫ്ലോറന്‍സ് ആഞ്ഞടിക്കുക എന്നാണ് പ്രവചനം. മണിക്കൂറില്‍ 220 കിലോമീറ്ററെങ്കിലും വേഗതയില്‍ കാറ്റു വീശുമെന്നാണ് ആദ്യം പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 ആയി കുറഞ്ഞിട്ടുണ്ട്.

വേഗത കുറഞ്ഞതോടെ ഫ്ലോറന്‍സിനെ താരതമ്യേന തീവ്രത കുറഞ്ഞ കാറ്റഗറി 2 കൊടുങ്കാറ്റിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കാറ്റഗറി 4 ലായിരുന്നു ഫ്ലോറൻസിന്റെ സ്ഥാനം. വേഗത കുറഞ്ഞെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താനുള്ള ശക്തി കാറ്റിന് ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിലാണ് തീരപ്രദേശത്തു നിന്ന് ആളുകളെ പൂർണമായും കുടിയൊഴിപ്പിച്ചത്. കൊടുങ്കാറ്റിനു മുന്നോടിയായി ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതുവരെ കരലൈനയില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 80-90 സെന്റിമീറ്റര്‍ മഴ പെയ്തു. മഴ തുടരുന്നതോടെ കാരലൈനയിലും വെര്‍ജീനിയയിലും വെള്ളപ്പൊക്കവും രൂക്ഷമായി.

ശനിയാഴ്ച വരെ കൊടുങ്കാറ്റിന്റെ തീവ്രത കാരലൈന തീരത്ത് ശക്തമായി തന്നെ തുടരുമെന്നാണു കാലാവസ്ഥാ ഗവേഷകരുടെ പ്രവചനം. ശനിയാഴ്ച ഉച്ചയോടെ പൂര്‍ണമായും കാറ്റ് കരയിലേക്കു കയറും. ഇതോടെ കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തു വീശുന്ന ചുഴലിക്കാറ്റുകള്‍ക്ക് കരയിലെത്തുമ്പോള്‍ വേഗം കൂടുകയാണ് ചെയ്യുക. എന്നാല്‍ ഫ്ലോറന്‍സ് എത്തിയത് കിഴക്കന്‍ തീരത്തായതിനാല്‍ 2015ല്‍ കത്രീന ചുഴലിക്കാറ്റു സൃഷ്ടിച്ചതു പോലെയുള്ള വ്യാപകമായ നാശനഷ്ടം ഫ്ലോറന്‍സ് ഉള്‍മേഖലകളില്‍ സൃഷ്ടിക്കില്ല. കൊടുങ്കാറ്റു കരയിലേക്ക് അടുക്കുന്നതോടെ കാരലൈനയ്ക്കു പുറമെ അലബാമ, കെന്റക്കി, ടെന്നസെ, വെസ്റ്റ് വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.

ആശങ്കയുണര്‍ത്തി ആണവ നിലയങ്ങള്‍

താരതമ്യേന പ്രകൃതി ക്ഷോഭങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് അമേരിക്കയുടെ കിഴക്കന്‍ തീരം. അതുകൊണ്ടാണ് സുരക്ഷിതമെന്ന് കരുതി നിരവധി ആണവ റിയാക്ടറുകള്‍ ഈ പ്രദേശത്തു സ്ഥാപിക്കപ്പെട്ടത്. ഇപ്പോൾ ഫ്ലോറന്‍സ് ചുഴലി കൊടുങ്കാറ്റ് വീശുന്ന മേഖലയില്‍ മാത്രം ഉള്ളത് 16 ആണവ നിലയങ്ങളാണ്. ഇവയുടെ സുരക്ഷിതത്വത്തെ ചൊല്ലി വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ജപ്പാനിലെ ഫുക്കുഷിമയില്‍ സുനാമിയില്‍ ആണവനിലയം തകര്‍ന്നു വികിരണം ഉണ്ടായത് പോലെ ഈ മേഖലയിലും സംഭവിക്കുമോ എന്നാണ് ഏവരും ഭയക്കുന്നത്. ആണവനിലയങ്ങളുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയെങ്കിലും വിശ്വസിക്കാന്‍ ആരും തയാറായിട്ടില്ല.

കൊടുങ്കാറ്റ് തീരത്തേക്കടിക്കുന്നത് അതിശക്തിയിലായിരിക്കുമെന്ന് യുഎസ് ദുരന്ത നിവാരണ സേനയായ ഫെമ താക്കീതു നല്‍കി. ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും അതിനു സൃഷ്ടിക്കാന്‍ കഴിയുന്ന നാശനഷ്ടങ്ങളില്‍ വലിയ മാറ്റമുണ്ടാകില്ലെന്ന് ഫെമ മേധാവി ബ്രാക്ക് ലോങ് പറഞ്ഞു. കരയിലെത്തുന്ന സമയത്ത് ചുഴലിക്കാറ്റിനൊപ്പം അന്‍പത് അടി വരെ ഉയരത്തില്‍ തിരമാലകൾ തീരത്ത് ആഞ്ഞടിക്കാനും സാധ്യതയുണ്ട്.

കരയിലെത്തിയ ശേഷം ഫ്ലോറന്‍സ് ചുഴലിക്കാറ്റ് ഏതു ദിശയില്‍ പോകുമെന്ന കാര്യത്തില്‍ ഇപ്പോഴും കണക്കു കൂട്ടലുകള്‍ തുടരുകയാണ്. തുടര്‍ച്ചയായി ദിശമാറുന്ന ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ സ്വഭാവമാണ് കാലാവസ്ഥാ നിരീക്ഷകരെ വലയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കരയിലെത്തിയ ശേഷം ഫ്ലോറന്‍സ് കൊടുങ്കാറ്റ് ദിശതിരിയാൻ സാധ്യതയുണ്ടെന്നു തന്നെയാണ് കണക്കുകൂട്ടൽ.