വലുപ്പത്തിന്റെ കാര്യത്തിൽ നീലത്തിമിംഗലമോ ജെല്ലിഫിഷോ മുന്നിൽ?

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ജീവിയാണ് നീലത്തിമിംഗലം. എന്നാൽ നീളത്തിന്റെ കാര്യത്തിൽ നീലത്തിമിംഗലത്തോടു കിടപിടിക്കുന്ന ജീവിയാണ് ലയണ്‍സ് മേന്‍ എന്നും വിളിക്കപ്പെടുന്ന ജയന്റ് ജെല്ലിഫിഷ്. ഈ ജെല്ലിഫിഷ് മൂലം ബ്രിട്ടനില്‍ ഒരാഴ്ച മുന്‍പ് മൂന്നു പേര്‍ ആശുപത്രിയിലാകുകയും ചെയ്തു. നീളത്തിൽ മാത്രമല്ല വിഷത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഈ ജെല്ലി ഫിഷ്.

അമേരിക്കൻ തീരത്ത് 1870 ല്‍ കണ്ടെത്തിയ ലയണ്‍സ് മേന്‍ ഇനത്തില്‍ പെട്ട ജെല്ലി ഫിഷിന്റെ നേര്‍ത്ത വാലുകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ ആകെ നീളം ഏതാണ്ട് 37 മീറ്റര്‍ വരും. നീലത്തിമിംഗലത്തിന്റെ പരമാവധി നീളം 30 മീറ്ററാണ്. എന്നാല്‍ ജെല്ലിഫിഷിന്റെ ശരീരമായി കണക്കിലെടുക്കുന്നത് തലയോടു ചേര്‍ന്നുള്ള വീതിയേറിയ ഭാഗം മാത്രമാണ്. ഇങ്ങനെ വരുമ്പോള്‍ ജെല്ലിഫിഷിന്റെ പരമാവധി നീളം വെറും രണ്ടര മീറ്റര്‍ മാത്രമാണ്. 

ശരീരത്തിലെ നീണ്ട വാലു പോലുള്ള ടെന്റക്കിള്‍സാണ് ഈ ജെല്ലിഫിഷിനെ നീളത്തിന്റെ കാര്യത്തിൽ മുന്നിലെത്തിക്കുന്നത്. ഇര പിടിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. നീരാളിയും മറ്റും കൈകള്‍ ഉപയോഗിക്കുന്നതു പോലെയാണ് ജെല്ലി ഫിഷ് ടെന്റക്കിള്‍ ഉപയോഗിക്കുക. യുകെയിലും യൂറോപ്പിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലകളിലും ഇത്തരം ജെല്ലിഫിഷുകളെ ധാരാളമായി കണ്ടുവരാറുണ്ട്. വേനല്‍ക്കാലം അവസാനിക്കാറാകുമ്പോഴാണ് ഇവ കൂട്ടത്തോടെ ഈ മേഖലയിലെത്തുന്നത്. 

ജെല്ലിഫിഷിന്റെ ടെന്റക്കിള്‍സിലുള്ള വിഷാംശമാണ് ഇവയെ അപകടകാരിയാക്കുന്നത്. ഇര പിടിക്കാനാണ് ഈ വിഷം. എങ്കിലും പലപ്പോഴും ഇതു മനുഷ്യര്‍ക്കും അപകടമുണ്ടാക്കാറുണ്ട്. ശക്തമായ തോതില്‍ ഈ വിഷാംശമേറ്റാല്‍ മനുഷ്യര്‍ മരിക്കാന്‍ പോലും സാധ്യതയുണ്ട്. ജെല്ലി ഫിഷ് തീരത്തിനു സമീപത്തേക്ക് ഒഴുകിയെത്തുമ്പോഴാണ് പലപ്പോഴും മനുഷ്യർക്കു വിഷമേൽക്കുന്നത്. വിഷമേറ്റ് പൊള്ളലുണ്ടായാൽ ആ ഭാഗത്ത് ചൂടുവെള്ളം ഒഴിക്കുക എന്നതാണ് അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം.