സ്രാവുകള്‍ കൂട്ടത്തോടെ കടലിലെ രഹസ്യ കേന്ദ്രത്തിലേക്ക്; ദുരൂഹത കണ്ടെത്താന്‍ ഗവേഷകര്‍

ജന്തുലോകത്തെ ഏറ്റവും വലിയ അഥവാ ഏറ്റവും ആഴത്തിലുള്ള തീര്‍ഥാടനം; അതു കണ്ടെത്താന്‍ ഗവേഷകര്‍ പക്ഷേ ഇത്രയേറെ കാലമെടുത്തു എന്നതാണു സത്യം. ഏകദേശം പത്തു വര്‍ഷം മുന്‍പാണ് മറൈന്‍ ബയോളജിസ്റ്റുകള്‍ സ്രാവുകളുടെ (ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്) ശരീരത്തില്‍ ടാഗ് ചെയ്യല്‍ ആരംഭിച്ചത്. അവ എവിടേക്കെല്ലാം പോകുന്നു എന്നറിയുകയായിരുന്നു ലക്ഷ്യം. അതിനേക്കാളും ഉപരിയായി ഒരു വലിയ രഹസ്യം അവര്‍ക്കു കണ്ടെത്താനുണ്ടായിരുന്നു. എല്ലാ വര്‍ഷവും വേനലിനു മുന്‍പായി കലിഫോര്‍ണിയയുടെയും മെക്‌സിക്കോയുടെയും തീരപ്രദേശത്തു നിന്നു സ്രാവുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകും. ഇവ എങ്ങോട്ടേക്കു പോകുന്നുവെന്നു നേരത്തേ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ടാഗിങ് വന്നതോടെ പൂര്‍ണമായിട്ടല്ലെങ്കിലും ഒരു വിധത്തില്‍ വ്യക്തതയോടെ ഈ സ്രാവുയാത്രയുടെ ചിത്രം തെളിഞ്ഞു. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ മൃഗദേശാടനത്തിന്റെ വിവരങ്ങളും ഗവേഷകര്‍ക്കു ലഭിക്കുന്നത്. 

സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെയും മോണ്ടറി ബേ അക്വാറിയത്തിലെയും ഗവേഷകരായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. പസഫിക്കിനു നടുവില്‍ അധികമാരും കടന്നു ചെല്ലാത്ത, ഏറെക്കുറെ വിജനമെന്ന് ഇന്നേവരെ കരുതിയിരുന്ന ഭാഗത്തേക്കായിരുന്നു സ്രാവുകള്‍ കൂട്ടത്തോടെ എത്തിയിരുന്നത്. ഏകദേശം ഒരു മാസത്തോളം ഇവ അവിടെ കഴിയുകയും ചെയ്യും. പസഫിക്കിലെ 'മിഡ്-വാട്ടര്‍' പ്രദേശം എന്നാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്. സ്രാവുകള്‍ കൂട്ടത്തോടെയെത്തുന്നയിടമായതിനാല്‍ 'ഷാര്‍ക്ക് കഫെ' എന്ന ഓമനപ്പേരും ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്. ഈ മിഡ് വാട്ടര്‍ പ്രദേശത്തെ ജന്തുജാലങ്ങളുടെ ജീവിതത്തെ തികച്ചും രഹസ്യാത്മകം എന്നാണു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

സ്രാവുകളെക്കൂടാതെ കണവകളും ജെല്ലിഫിഷും ആഴക്കടലിലെ മറ്റു മത്സ്യങ്ങളും ഫൈറ്റോപ്ലാങ്ക്ടണ്‍ എന്ന കുഞ്ഞന്‍ ജീവികളും സമൃദ്ധമായി ഈ ഭാഗത്തുണ്ട്. ആഴക്കടലിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രത്യേക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന ജീവികളും ഏറെ. ഇരുട്ടില്‍ തിളങ്ങുന്ന ലാന്റേണ്‍ ഫിഷ് തന്നെ ഉദാഹരണം. ഇവയൊക്കെയുള്ളതിനാല്‍ സ്രാവുകള്‍ക്കു ഭക്ഷണത്തിനു യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. പകല്‍ സമയത്ത് ഉപരിതലത്തിനു തൊട്ടടുത്തെത്തുമെങ്കിലും ഇടയ്ക്ക് സ്രാവുകള്‍ മുങ്ങും. കടലിലേക്കു ഡൈവ് ചെയ്യുന്ന കാര്യത്തില്‍ ആണ്‍ സ്രാവുകളും പെണ്‍ സ്രാവുകളും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ആണ്‍ സ്രാവുകള്‍ ദിവസവും 140 തവണയെങ്കിലും അഗാധങ്ങളിലേക്കു ഡൈവ് ചെയ്ത് പോകും. പെണ്‍സ്രാവുകള്‍ ഒറ്റയടിക്ക് ഡൈവ് ചെയ്യുന്ന കൂട്ടരാണ്. ആ ഒരൊറ്റപ്പോക്കില്‍ത്തന്നെ അവ 1400 മുതല്‍ 3000 അടി വരെ താഴെയെത്തും. രാത്രിയില്‍ ഈ ദൂരപരിധി 650 അടി വരെയെത്തും. കടലിലെ അടിയൊഴുക്കാണ് ഇക്കാര്യത്തില്‍ സഹായിക്കുക. 

എന്നാല്‍ എന്തിനു വേണ്ടിയാണ് ആഴങ്ങളിലേക്കുള്ള ഈ ദേശാടനമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒന്നുകില്‍ ഇരതേടി, അല്ലെങ്കില്‍ ഇണ ചേരാന്‍ എന്നാണു ഗവേഷകരുടെ നിഗമനം. സ്രാവുകള്‍ മുങ്ങാംകുഴിയിടുന്ന ഭാഗത്തു നൂറുകണക്കിനു പുതിയ സ്പീഷീസ് ജിവികളെ അടുത്തകാലത്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വേനലില്‍ സ്രാവുകളെല്ലാം മടങ്ങുന്നതോടെ ഇവയ്ക്കു മറ്റു ഭീഷണികളുമില്ല. എന്നാല്‍ ആഴക്കടലിലെ ഈ പ്രത്യേക ഭാഗത്തു തെളിയിക്കാന്‍ ഒട്ടേറെ രഹസ്യങ്ങള്‍ ഇനിയും ബാക്കിയാണെന്നാണു ഗവേഷകര്‍ പറയുന്നത്. ഇവിടത്തെ ജീവജാലങ്ങള്‍ അതികഠിന ജീവിത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നുവെന്നു മനസ്സിലാക്കണം. സ്രാവുകള്‍ക്ക് എങ്ങനെ ഇവിടെ ജീവിക്കാനാകുന്നുവെന്നും അറിയണം. ബയോമെഡിസിന്‍, ആഗോള കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സംബന്ധിച്ച ഒട്ടേറെ ഗവേഷണങ്ങള്‍ക്കും പറ്റിയ വിളനിലമാണ് പസഫിക്കിലെ മിഡ്-വാട്ടറെന്നാണു കണ്ടെത്തല്‍.