ആശങ്ക പരത്തി നദികളിലെ ജലനിരപ്പ്

പമ്പാനദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്നു വെള്ളം കയറിയ കൃഷിയിടം.

പമ്പയിലെയും അച്ചൻകോവിലിലെയും ജലനിരപ്പിലുണ്ടായ വർധന നാട്ടുകാരിൽ ‌ആശങ്ക പരത്തി. അപ്പർ കുട്ടനാടൻ മേഖലകളിൽ കാര്യമായി മഴ പെയ്തില്ലെങ്കിലും കിഴക്കൻ വെള്ളമെത്തിയതിനാലാണു ജലനിരപ്പുയർന്നതെന്നാണു കരുതുന്നത്.  അരയടിയോളം വെള്ളമുയർന്നു. രാത്രിയിൽ ഇട്ട മീൻപിടുത്ത വലകളും ഒഴുക്കിൽ നഷ്ടപ്പെട്ടു. 

പാടശേഖരങ്ങളിലെയും ജലനിരപ്പിൽ ഇന്നലെ വർധനയുണ്ടായി. നിർമാണത്തിലിരുന്ന മോട്ടോർ തറകളിലും വെള്ളം കയറിയിട്ടുണ്ട്. ചില പാടശേഖരങ്ങളിൽ നിലമൊരുക്കിനു രാവിലെ ശ്രമം നടത്തിയെങ്കിലും ജലനിരപ്പുയർന്നതിനാൽ കർഷകർ മടങ്ങി. അടുത്തിടെ കർഷകർ പാടവരമ്പത്തു തീർത്ത ബണ്ടുകളും മുങ്ങിയിട്ടുണ്ട്. പരുമല പന്നായി പാലത്തിനു താഴെ ഏത്തവാഴ വയ്ക്കുന്നതിനായി കുഴിയെടുത്തതെല്ലാം വെള്ളം കയറി.