നിറം ചോരച്ചുവപ്പ്, രൂപം വവ്വാല്‍ ചിറകു വിരിച്ചതു പോലെ; ഇത് കടലിന്നടിയിലെ ഡ്രാക്കുളയോ?

ഇനിയൊരു മടങ്ങി വരവുണ്ടാകില്ല’ എന്നു പറയും പോലൊരു ദൗത്യമായിരുന്നു അത്. യുഎസിലെ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തില്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ അഗാധതയില്‍ നടത്തുന്ന ഗവേഷണത്തിന്റെ അവസാനഘട്ടം ‍, രാവും പകലുമില്ലാതെയാണു ഗവേഷണം. പകല്‍ റിമോട്ടഡ്‌ലി ഓപറേറ്റഡ് വെഹിക്കിള്‍(ആര്‍ഒവി) ഉപയോഗിച്ച് ഡൈവര്‍മാര്‍ ഗവേഷണത്തിനു നേതൃത്വം നല്‍കുമ്പോള്‍ രാത്രിയില്‍ സമുദ്രത്തിന്റെ മാപ്പിങ് ആണു പ്രധാന ജോലി. ഒക്കിയാനസ് എക്‌സ്‌പ്ലോറര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പ്രോജക്ടിലൂടെ കടലില്‍ ആയിരക്കണക്കിന് അടി താഴെയാണു ഗവേഷണം. ചെളി പുറന്തള്ളുന്ന അഗ്നിപര്‍വതങ്ങളും ഇന്നേവരെ കണ്ടിട്ടില്ലാത്ത കടല്‍ജീവികളും എല്ലാമായി ഒരു അദ്ഭുത ലോകമാണു താഴെ കാത്തിരിക്കുന്നതെന്നു ഗവേഷകര്‍ക്കറിയാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങിപ്പോയ കപ്പലുകളുടെ അവശിഷ്ടങ്ങളുമുണ്ട് ഇവിടെ. ഇവയിലും പരിശോധന നടത്തുന്നുണ്ട്. 

ഇത്തവണത്തെ ഗവേഷണം കഴിഞ്ഞാല്‍ കിഴക്കന്‍ തീരത്തിലേക്കു മാറാനാണ് എന്‍ഒഎഎയുടെ തീരുമാനം. എന്തായാലും അതിനു മുന്‍പ് ഗള്‍ഫ് ഓഫ് മെക്‌സിക്കോ അതിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചു വച്ചിരുന്ന അദ്ഭുതങ്ങളെയെല്ലാം ഗവേഷകര്‍ക്കു മുന്നില്‍ തുറന്നുവച്ചു . അത്രയേറെ പുത്തന്‍ ജീവിവര്‍ഗങ്ങളെയാണു കടലിന്നടിയില്‍ നിന്നു കണ്ടെത്തിയിരിക്കുന്നത്. പലതിന്റെയും പേരു പോലും ആര്‍ക്കും അറിയില്ല. ഈ കണ്ടെത്തലുകളില്‍ ഗവേഷകരെ ഞെട്ടിച്ചു കളഞ്ഞ ഒരെണ്ണവുമുണ്ടായി. കടലാഴങ്ങളില്‍ തെളിഞ്ഞ ഒരു സ്‌ക്വിഡ് അഥവാ കൂന്തല്‍ ആയിരുന്നു അത്. ചോരച്ചുവപ്പാണു നിറം. വവ്വാല്‍ ചിറകു വിരിച്ചതു പോലുള്ള രൂപം. കാഴ്ചയില്‍ തന്നെ അതീവ ഭീകരന്‍. കഥകളില്‍ വായിച്ചിട്ടുള്ള രക്തദാഹികളായ ചെകുത്താന്മേരോടാണ് ഗവേഷകര്‍ അതിനെ ഉപമിച്ചത്. വാംപയര്‍ സ്‌ക്വിഡ് എന്നറിയപ്പെടുന്ന ജീവിയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീടാണു തിരിച്ചറിഞ്ഞത്, ഇന്നേവരെ ലോകത്തിനു മുന്നിലെത്താതിരുന്ന സ്‌ക്വിഡിനെ ആണു കണ്ടെത്തിയിരിക്കുന്നതെന്ന്. 

കടലിന്നടിയിലെ ഡ്രാക്കുള എന്നൊക്കെ വിളിക്കാവുന്ന ഒരു ജീവി. ചെകുത്താന്‍ കൂന്തള്‍ എന്നാണ് ഇപ്പോള്‍ ഇതിനു നല്‍കിയിരിക്കുന്ന അനൗദ്യോഗിക പേര്. ഇതിനെപ്പറ്റിയുള്ള കൂടുതല്‍ പഠനത്തിലൂടെ മാത്രമേ ബാക്കി കാര്യങ്ങളിലേക്കു കടക്കാനാകൂ. സ്‌ക്വിഡ് വിഭാഗത്തില്‍ ഒട്ടേറെ ഉപഗണങ്ങളെ കണ്ടെത്തിയിട്ടുണ്ട് ഇത്തവണ. അവയ്‌ക്കൊപ്പം നിലവില്‍ ‘അജ്ഞാത’ സ്‌ക്വിഡ് എന്നു പറഞ്ഞു നിര്‍ത്തിയിരിക്കുകയാണ് ഇതിനെയും. ഒരുപക്ഷേ അതൊരു കൂന്തള്‍ അല്ലാതിരിക്കാനും സാധ്യതയുണ്ടെന്നു പറയുന്നു ഗവേഷകര്‍. നക്ഷത്രമത്സ്യങ്ങള്‍, ഞണ്ടുകള്‍, എട്ടുകാലികള്‍, സ്‌പോഞ്ചുകള്‍, ജെല്ലിഫിഷ് തുടങ്ങി ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങളില്‍ നിന്നു ഗവേഷകരെ സംബന്ധിച്ചിടത്തോളം ‘ജൈവനിധി’യാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ ഏപ്രില്‍ 11നാണ് ഒക്കിയാനോസ് എക്‌സ്‌പ്ലോറര്‍  അവസാനത്തെ ദൗത്യത്തിനു തുടക്കമിട്ടത്. മേയ് മൂന്നിന് അവസാനിപ്പിച്ചു അതിന് മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 2017 ഡിസംബറിലായിരുന്നു ഇതിനു മുന്‍പത്തെ ഗവേഷണം പൂര്‍ത്തിയാക്കിയത്. അന്നും വന്‍തോതിലാണു മേഖലയില്‍ പുത്തന്‍ ജീവജാലങ്ങളെ കണ്ടെത്തിയത്. ഒരു തരം ‘കടല്‍ വെള്ളരി’യായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കാഴ്ചയിലെ കൗതുകം കാരണം ‘ഹെഡ്‌ലസ് ചിക്കന്‍ മോണ്‍സ്റ്റര്‍’ എന്നായിരുന്നു അതിനു പേരിട്ടിരുന്നത്. അതിനു സമാനമായ കണ്ടെത്തലായാണ് ഇത്തവണ ചെകുത്താന്‍ കൂന്തളിനെ ഗവേഷകര്‍ ലോകത്തിനു മുന്നിലെത്തിച്ചത്.