ആരും കാലുകുത്താത്ത ‘മഞ്ഞുപാടം’; അവിടെ ആരാണ് ആ ദുരൂഹ കാഴ്ച സൃഷ്ടിച്ചത്?

ആഗോളതാപനത്തിന്റെ ഭീതിയിലാണു ലോകം. അതിന്റെ ഏറ്റവും കൃത്യമായ പ്രതിഫലനം ഉണ്ടാകുന്നതാകട്ടെ ധ്രുവ പ്രദേശങ്ങളിലും. അതിനാൽത്തന്നെ അന്റാർട്ടിക് പെനിൻസുലയിൽ ഉൾപ്പെടെ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി ഗവേഷകർ നിരീക്ഷിക്കുന്നതും പതിവാണ്. അത്തരമൊരു ആകാശ നിരീക്ഷണത്തിലായിരുന്നു നാസ ഗവേഷകനായ ജെറെമി ഹാർബെക്ക്. അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ട ഒരു കാഴ്ചയാകട്ടെ ഇന്നു ലോകമെമ്പാടും പരിസ്ഥിതി ഗവേഷകർക്കു മുന്നിലെ കൗതുകവുമായി. 

ഒക്ടോബർ ആദ്യമായിരുന്നു സംഭവം. സർവേ വിമാനത്തിൽ യാത്രയ്ക്കിടെ ഒരു മഞ്ഞുപാളിയാണ് അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞത്. നോക്കെത്താദൂരത്തോളം ഒരാളു പോലും കാലു കുത്താത്ത അന്റാർട്ടിക്കിലെ മഞ്ഞുപാടമാണ്. അതിനിടെ അതാ കൃത്യമായി കേക്കു മുറിച്ചതു പോലെ ഒരു മഞ്ഞുപാളി. ആരോ കൃത്യമായി സമയമെടുത്തു മുറിച്ചതു പോലെത്തന്നെയായിരുന്നു അത്. അസ്സൽ ദീർഘചതുരാകൃതിയും. കാഴ്ചയിൽ സംഗതി ‘ഫോട്ടോജനിക്’ ആണെന്നു തോന്നിയ ജെറെമി അതിന്റെ ഏതാനും ചിത്രങ്ങളുമെടുത്തു. സത്യത്തിൽ ആ ഫോട്ടോകളിലെ കാഴ്ച അന്യഗ്രഹജീവികളോ മനുഷ്യരോ ഒന്നും സൃഷ്ടിച്ചതല്ല. അത്തരം കാഴ്ചകൾ അന്റാർട്ടിക്കില്‍ സുലഭമാണെന്നാണു ഗവേഷകർ പറയുന്നത്. 

ചതുരം മാത്രമല്ല, പല ആകൃതികളിലുമുള്ള മഞ്ഞുപാളികൾ മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും കൃത്യതയോടെ ഇതിനു മുൻപൊരു ചിത്രം ലഭിച്ചിട്ടില്ലാത്തതിനാലായിരുന്നു അത് വൈറലായത്. മഞ്ഞുകട്ടകൾക്ക് ക്രിസ്റ്റൽ രൂപമാണുള്ളത്. അതിനാൽത്തന്നെ നേർരേഖയിലായിരിക്കും അതിൽ വിള്ളലുകളുണ്ടാവുക. അത്തരത്തിൽ വലിയൊരു മഞ്ഞുപാളിയിൽ നിന്നു പല ഘടകങ്ങളുടെ സ്വാധീനം കാരണം അടർന്നു പോന്നതാകാം ആ ‘ചതുരപ്പാളി’. ഉത്തരാർധഗോളത്തിൽ മഞ്ഞുപാളികളെല്ലാം സ്ഥിതി ചെയ്യുന്നത് പാറക്കെട്ടുകളുടെ മുകളിലാണ്. പാറകളും മഞ്ഞും തമ്മിലുള്ള ഘർഷണം കാരണം ഒരിക്കലും മഞ്ഞുപാളികൾക്ക് കൃത്യമായ ഒരു രൂപമുണ്ടാകില്ല. അത്തരം മഞ്ഞുമലകളാണ് നാം ഏറെ കണ്ടിട്ടുള്ളതും. 

എന്നാൽ ദക്ഷിണാർധഗോളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മിക്ക മഞ്ഞുപാളികളും വെള്ളത്തിൽ സ്വതന്ത്രമായി നീങ്ങുന്ന സ്വഭാവക്കാരാണ്. അതിനാൽത്തന്നെ അതിന്റെ ക്രിസ്റ്റൽ സ്വഭാവത്തിനനുസരിച്ചു കൃത്യമായ രൂപങ്ങളിൽ പിളർന്നുമാറാനും സാധിക്കും.  അരികും മുകൾ വശവുമെല്ലാം മിനുസമുള്ളതായി പലതരം മഞ്ഞുരൂപങ്ങൾ അന്റാർട്ടിക്കിൽ സൃഷ്ടിക്കപ്പെടുന്നതും അങ്ങനെയാണ്. പലപ്പോഴും ജാമ്യതീയ രൂപങ്ങളിലായിരിക്കും മഞ്ഞുപാളികൾ സൃഷ്ടിക്കപ്പെടുക. അപൂർവമായി ഇത്തരം ചതുരങ്ങൾ വൈറലാവുകയും ചെയ്യും. അടുത്തിടെ രൂപപ്പെട്ടതാണ് ചതുര മഞ്ഞുപാളിയെന്നത് അതിന്റെ അരികിന്റെ ‘ഷാർപ്നസിൽ’ നിന്നു വ്യക്തം. 

എന്നാൽ കാലക്രമേണ ഇത്തരം പാളികൾക്കു തിരകളിലും മറ്റും പെട്ട് രൂപം നഷ്ടപ്പെടുകയാണു പതിവ്. ചിലപ്പോഴൊക്കെ പലതായി പൊട്ടിച്ചിതറിപ്പോവുകയും ചെയ്യും. 2000ത്തിലാണ് ഇത്തരത്തിൽ ഏറ്റവും വലിയ മഞ്ഞുപാളി അന്റാർട്ടിക്കിൽ നിന്നു പൊട്ടിയടർന്നു വന്നത്. ബി–15 എന്നായിരുന്നു അതിന്റെ പേര്. മഞ്ഞുപാളിയിലെ ചില ഭാഗങ്ങൾ ഇന്നും സൗത്ത് ജോർജിയ ദ്വീപിനോടു ചേർന്നുണ്ട്. ബാക്കി ഭാഗങ്ങളെല്ലാം സതേൺ ഓഷ്യനിലേക്കു കടന്നു. ഏകദേശം 295 കിലോമീറ്ററായിരുന്നു ഈ മഞ്ഞുപാളിയുടെ നീളം. ജെറെമി ഹാർബെക്ക് പകർത്തിയ ‘ചതുര’ മഞ്ഞുപാളിക്കാകട്ടെ ഏകദേശം ഒരു കിലോമീറ്റർ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.