മൽസ്യക്ഷാമം രൂക്ഷം; മത്തിയും കൊഴുവയും അപ്രത്യക്ഷമാകുമോ?

ആലപ്പുഴയിൽ കടലും കടപ്പുറവും വറുതിയിലായി. കണികാണാൻപോലും മത്സ്യം കിട്ടാതാകുമോയെന്ന് ആശങ്ക. ഓഖിക്കു ശേഷം കടലിൽ മത്സ്യം കുറഞ്ഞെങ്കിലും ജില്ലയിലെ കടൽത്തീരത്ത് കഴി‍ഞ്ഞ 2 മാസമായി ക്ഷാമം അതിരൂക്ഷമായി. സാധാരണ വൃശ്ചികമാസത്തോടെയാണു കടലിൽ മത്സ്യക്ഷാമം നേരിടുന്നത്. ഇത്തവണ 2 മാസം മുൻപേയായി.

പതിനായിരക്കണക്കിനു രൂപ ചെലവഴിച്ച് 30 പേർ കയറുന്ന വള്ളം ഇറക്കിയാൽ 4,000–5,000 രൂപയുടെ മത്തി കിട്ടിയതുകൊണ്ട് അരി മേടിക്കാനാകുമോയെന്നു മത്സ്യത്തൊഴിലാളിയായ പുന്നപ്ര തെ‌ക്ക് പൊഴിക്കടവിൽ പി.സി.അനിരുദ്ധൻ ചോദിക്കുന്നു. അതുകൊണ്ട് വലിയ വള്ളങ്ങളെല്ലാം കരയ്ക്കുകയറ്റി വച്ചിരിക്കുകയാണ്.

നീട്ടുവലയുമായി ചെറിയ വള്ളങ്ങൾ മാത്രമാണു പോകുന്നത്. ഇവർക്ക് ഒരു പെ‌ട്ടി (30 കിലോ) മത്തിയോ അയലയോ മാത്രമാണു ലഭിക്കുന്നത്. കുറിച്ചി, വട്ടമത്തി, പൊടിമീനുകൾ തുട​ങ്ങി പലയിനം മത്സ്യങ്ങ​ളും കിട്ടാതായിട്ടു മാസങ്ങളായി. ഇപ്പോൾ മത്തിയും കൊഴുവയും കുറ‍ഞ്ഞുവരുന്നു. ക്രമേണ ഇവയും അപ്രത്യക്ഷമാകുമോയെന്നു ഭയപ്പെടുന്നു. മീൻ പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തൊഴിലാളിക്കുപോലും കറിക്കുള്ള മീൻ വില കൊടുത്ത് വാ‌ങ്ങാനാകുന്നില്ല. അത്രയ്ക്ക് വില വർധിച്ചിരിക്കുകയാണിപ്പോൾ.

ആലപ്പുഴ ഡാറാ മത്സ്യ മാർക്കറ്റിൽ ഇന്നലത്തെ വില. ഒരു മാസം മുൻപത്തെ വില ബ്രാക്കറ്റിൽ: മത്തി 180 (100) അയല 190 (120) കേര 160 (120) പൂവാലൻ ചെമ്മീൻ 250 (200) നാരൻ ചെമ്മീൻ 550 (400) നെയ്മീൻ 550 (400) ചൂര 150 (120) മോത 350 (300) സ്രാവ് പച്ചക്കണ്ണൻ 300 (240) സ്രാവ് വള്ളി 220 (180) കിളിമീൻ 120 (80) ആന്ധ്ര കുറിച്ചി 80 (60)