അവർ കണ്ടു ആ അപൂർവ കാഴ്ച; കടലിനടിയിൽ ആനയുടെ പേരുള്ള ഒരു നീരാളി

ആനച്ചെവിയുള്ള നീരാളിയെപ്പറ്റി കേട്ടിട്ടുണ്ടോ? ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലേക്കു കയറിവരിക ആനയോളം വലുപ്പമുള്ള ഒരു നീരാളിയായിരിക്കും. എന്നാൽ ഇത് ഒരു കുഞ്ഞൻ നീരാളിയെപ്പറ്റിയാണു പറയുന്നത്– പേര് ഡംബോ. 1941ലിറങ്ങിയ ഡിസ്നിയുടെ ‘ഡംബോ’ എന്ന സിനിമയിലെ ആനക്കുട്ടിയുടെ പേരാണ് ഈ നീരാളിക്കു നൽകിയിരിക്കുന്നത്.

അത് ആനയോളം വലുപ്പമുള്ളതു കൊണ്ടായിരുന്നില്ല, മറിച്ച് ഡംബോയുടെ ചെവിയുടെ പ്രത്യേകത കൊണ്ടായിരുന്നു. ആനയേക്കാളും വലുതായെന്ന വണ്ണം തോന്നിപ്പിക്കുന്ന ചെവിയായിരുന്നു ഡംബോയുടെ പ്രത്യേകത. നീരാളി ഡംബോയെയും വ്യത്യസ്തമാക്കുന്നത് കണ്ണിനു തൊട്ടുമുകളിൽ നിൽക്കുന്ന ചെവി പോലുള്ള ഭാഗമാണ്. അവ ഉപയോഗിച്ചായിരുന്നു ഡംബോ നീരാളി നീന്തിയിരുന്നത്. അതിനാൽത്തന്നെ ആദ്യമായി ഇതിനെ കണ്ടെത്തിയപ്പോൾ ഗവേഷകർക്കു മറ്റൊരു പേരൊന്നും ആലോചിക്കേണ്ടി വന്നതുമില്ല. 

സമുദ്രത്തിൽ വളരെ അപൂർവമായി മാത്രം കാണുന്നവയാണ് ഡംബോ നീരാളികൾ. ഇവയ്ക്കു മറ്റു നീരാളികളെപ്പോലെ ‘മഷി’ ചീറ്റാനുള്ള കഴിവില്ല. പക്ഷേ ഓന്തിനെപ്പോലെ നിറം മാറാനാകും. വേണമെങ്കിൽ വലുപ്പത്തിലും വരുത്താനാകും മാറ്റാം. ചുവപ്പ്, പിങ്ക്, ബ്രൗൺ തുടങ്ങി ‘സുതാര്യമായ’ നിറത്തിലേക്കു വരെ ഇവയ്ക്കു മാറാം. സുതാര്യമായിക്കഴിഞ്ഞാൽ കടലിൽ അദൃശ്യനായതിനു തുല്യമാണ്. ശത്രുക്കളിൽ നിന്നു രക്ഷപ്പെടുന്നതും ഈ നിറംമാറ്റം കൊണ്ടാണ്. മനുഷ്യർ ഇവയ്ക്കൊരു ഭീഷണിയേയല്ല. കാരണം, കടലിന്റെ അടിത്തട്ടിലാണു ജീവിതം. 

Grimpoteuthis വിഭാഗത്തിൽപ്പെട്ട പലതരം ഡംബോ നീരാളികളുണ്ട്. ഇവയെ കടലിനടിയിൽ 3000 മുതൽ 4000 മീ. വരെ ആഴത്തിലായിരിക്കും കാണാനാകുക. ‌ഇവിടേക്കു മനുഷ്യനു കടന്നു ചെല്ലാനുമാകില്ല. മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് ഇവയുടെ ആയുസ്സ്. വലുപ്പവും കുറവാണ്. ഏകദേശം 20-30 സെ.മീ.വരും. അപൂര്‍വമായി മാത്രം ഒന്നരമീറ്ററിലേറെ നീളംവച്ച ഡംബോ നീരാളികളെയും കണ്ടെത്തിയിട്ടുണ്ട്. അപൂർവജീവികളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽത്തന്നെ കഴിഞ്ഞ ദിവസം കലിഫോർണിയൻ തീരത്തു നിന്നു മാറി 3.2 കിലോമീറ്റർ ആഴത്തിൽ ഡംബോ  നീരാളികളിലൊന്നിനെ കണ്ടപ്പോൾ ഗവേഷകരും അന്തംവിട്ടു പോയി. 

ഏകദേശം 60 സെ.മീറ്ററായിരുന്നു അതിന്റെ നീളം. പസഫിക് സമുദ്രത്തിലെ അഴങ്ങളിൽ ഇ/വി നോട്ടിലസ് എന്ന പര്യവേക്ഷണക്കപ്പലായിരുന്നു ഡംബോയെ കണ്ടെത്തിയത്. ആർഒവി ഹെർക്കുലീസ് എന്ന അണ്ടർവാട്ടർ വെഹിക്കിളിലെ ക്യാമറ ഉപയോഗിച്ചായിരുന്നു ഇത്. എച്ച്ഡി ക്യാമറയിൽ അതീവ വ്യക്തതയോടെയാണ് നീരാളിയുടെ വിഡിയോ പതിഞ്ഞത്. മോണ്ടെറി ബേ നാഷനൽ മറൈൻ സാങ്ച്വറി എന്നറിയപ്പെടുന്നയിടത്തെ ഡേവിഡ്സൻ സീമൗണ്ട് എന്ന പഴയകാല അഗ്നിപർവതത്തിന്റെ പരിസരത്തായിരുന്നു ഗവേഷണം.

കടലിൽ ‘ഒളിച്ചിരിക്കുന്ന’ ലോകത്തിലെ ഏറ്റവും വലിയ പർവതങ്ങളിലൊന്നാണ് ഡേവിഡ്സൺ– ഏകദേശം 7480 അടി വരും ആകെ ഉയരം. ഇതിന്റെ അഗ്രഭാഗം പോലും സമുദ്രോപരിതലത്തിൽ നിന്ന് 4101 അടി താഴെയാണ്. ഇന്നേവരെ ഇവിടെ നിന്നു ലഭിച്ചിരിക്കുന്നത് 230ലേറെ ഇനം ജീവികളെ. മുപ്പതോളം തരം കടൽ പവിഴപ്പുറ്റുകളും പർവതത്തിനോടു ചേർന്നു കണ്ടെത്തിയിട്ടുണ്ട്. ഡേവിഡ്സൺ സീമൗണ്ടിനോടു ചേർന്ന് ഒയാസിസ് എന്നു പേരിട്ട പ്രദേശത്തു നിന്നാണ് ഇ/വി നോട്ടിലസ് സംഘം ഡംബോയെ കണ്ടെത്തിയത്.