കനത്ത മഴയിൽ വിറങ്ങലിച്ച് മൂന്നാർ; പെയ്തത് 12.9 സെന്റീമീറ്റർ മഴ

ശക്തമായ മഴയെ തുടർന്ന് മൂന്നാറിലെ കന്നിയാർ വെള്ളിയാഴ്ച വൈകിട്ട് കരകവിഞ്ഞ് ഒഴുകുന്നു.

വെള്ളിയാഴ്ച പകൽ 3 മണിക്കൂറിനിടെ മൂന്നാറിൽ പെയ്തത് 12.9 സെന്റീമീറ്റർ മഴ. രാവിലെ മുതൽ ചെറിയ മഴ ഉണ്ടായിരുന്നെങ്കിലും 12 മണിയോടെ ആണ് ശക്തി പ്രാപിച്ചത്. 3 മണി വരെയുള്ള 3 മണിക്കൂർ സമയം കൊണ്ടാണ് ഇത്രയും ശക്തമായ മഴ പെയ്തത്. പെരിയവരൈയിലെ താൽക്കാലിക പാലം ഒലിച്ചു പോയതും പഴയമൂന്നാറിൽ ദേശീയപാതയിൽ വെള്ളം കയറിയതും വെറും 3 മണിക്കൂർ നേരത്തെ മഴയുടെ ഫലമായാണ്.

ശക്തമായ പേമാരിയിലും കൊടുങ്കാറ്റിലും ചെറുതോണി കഞ്ഞിക്കുഴി പഞ്ചായത്തിൽ വ്യാപകമായ കൃഷിനാശം. പൊന്നെടുത്താനിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ വ‍ഞ്ചിക്കൽ കൂട്ടുങ്കൽ ജയ്സന്റെ പാവൽത്തോട്ടം അപ്പാടേ നശിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാവൽത്തടങ്ങൾ ഒലിച്ചുപോയതോടെ ചുവടിളകിയാണു ചെടികൾ നശിച്ചത്. 400 പാവൽ ചെടികളായിരുന്നു വിളവെടുക്കാറായ തോട്ടത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ജയ്സൻ പറയുന്നു. ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിൽ കൊടുങ്കാറ്റും പേമാരിയും നാശം വിതച്ചിട്ടുണ്ട്.

രണ്ടര മാസം മുൻപുണ്ടായ പ്രളയ ദുരിതത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ചയുണ്ടായ മഴക്കെടുതികൾ മലയോരമേഖലയ്ക്കു വൻ തിരിച്ചടിയായി. ചിന്നക്കനാൽ, രാജകുമാരി, രാജാക്കാട്, ബൈസൺവാലി, വെള്ളത്തൂവൽ, സേനാപതി, ശാന്തമ്പാറ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. പന്നിയാർ ഉൾപ്പെടെ ചെറുതും വലുതുമായ പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതിനാൽ ഏക്കറുകണക്കിനു ക‍ൃഷിയിടങ്ങളിൽ വെള്ളം കയറി.

രാജാക്കാട്, വലിയകണ്ടം, മുല്ലക്കാനം, മുട്ടുകാട്, മഞ്ഞക്കുഴി, രാജകുമാരി സൗത്ത് പാടശേഖരങ്ങളിൽ വെള്ളംകയറി ഏക്കറുകണക്കിനു നെൽക്കൃഷി നശിച്ചു. 30 ഹെക്ടറോളം സ്ഥലത്തെ ഏത്തവാഴ കൃഷിയും വെള്ളം കയറി നശിച്ചു. ചിന്നക്കനാൽ ടൗണിലെ പാലം അപകടാവസ്ഥയിലാവുകയും ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. സേനാപതി ഇല്ലിപ്പാലം ചപ്പാത്തിനു മുകളിലൂടെ പന്നിയാർ പുഴയിലെ വെള്ളം കവിഞ്ഞൊഴുകി പാലത്തിനു കേടുപാടുകൾ സംഭവിച്ചു. മുരിക്കുംതൊട്ടിയിലും കുളക്കോഴിച്ചാലിലും പന്നിയാർപ്പുഴ റോഡ് കയ്യേറിയൊഴുകി. സേനാപതിയിൽ മൂന്നു വീടുകളിൽ വെള്ളം കയറി.

വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തമഴയിൽ പ്രളയത്തിൽ തകർന്ന റോഡുകളുടെ സ്ഥിതി കൂടുതൽ മോശമായി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിൽ കല്ല് ഉരുണ്ടുവീണു ഗതാഗതം തടസ്സപ്പെട്ടു. ഗ്യാപ് റോഡിൽ പലഭാഗത്തും കല്ലുകൾ പതിച്ച് റോഡ് തകർന്നു. പൂപ്പാറ മുതൽ മുന്തൽ വരെയുള്ള ഭാഗത്തും കല്ലും മണ്ണും റോഡിലേക്കു പതിച്ചു ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടാവസ്ഥ മുന്നിൽ കണ്ട് തേനി കലക്ടർ വെള്ളിയാഴ്ച രാത്രി ഗതാഗതം താൽക്കാലികമായി നിരോധിച്ചിരുന്നു. നിർമാണം നടക്കുന്ന രാജാക്കാട്– പൂപ്പാറ റോഡിന്റെ പലഭാഗത്തും മണ്ണിടിച്ചിലുണ്ടായി. രണ്ടു ദിവസം മുൻപു ടാറിങ് നടത്തിയ രാജകുമാരി സൗത്ത്– രാജകുമാരി നോർത്ത് റോഡിലെ ടാറിങ് പലഭാഗത്തും ഒലിച്ചുപോയി.

വീണ്ടും മണ്ണിടിച്ചിൽ

രണ്ടരമാസം മുൻപുണ്ടായ മലയിടിച്ചിലിൽ 9 കടകളും രണ്ടു വീടുകളും മണ്ണിനടിയിലായ പന്നിയാർകുട്ടിയിൽ വെള്ളിയാഴ്ച വീണ്ടും മണ്ണിടിച്ചിലുണ്ടായി. മുൻപു മലയിടിഞ്ഞ ഭാഗത്താണ് അപകടാവസ്ഥയിലിരുന്ന മൺതിട്ട കല്ലാർകുട്ടി–രാജാക്കാട് സംസ്ഥാന പാതയിലേക്ക് അടർന്നു വീണത്. റോഡിൽ അഞ്ചടി ഉയരത്തിൽവരെ ചെളി നിറഞ്ഞതിനെ തുടർന്നു വെള്ളിയാഴ്ച രാത്രി ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രമുപയോഗിച്ചു ചെളി നീക്കം ചെയ്തതിനെ തുടർന്നാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്തമഴയെ തുടർന്നു പന്നിയാർകുട്ടി അമ്പലത്തിങ്കൽ ഷാജിയുടെ കൃഷിയിടത്തിൽ ഉരുൾപൊട്ടി അരയേക്കറിലധികം സ്ഥലത്തെ റബർ, കുരുമുളക് വിളകൾ നശിച്ചു. മുൻപു മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ താമസിക്കുന്നവർ ഭീഷണിയിലാണ്. ചെറിയ മഴ പെയ്താൽപോലും മൺതിട്ടകൾ നിലംപൊത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.