വലയിൽ കുരുങ്ങിയത് കൂറ്റൻ വാള; തൂക്കം 10 കിലോ!

ഭൂതത്താൻകെട്ടിൽ മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ 10 കിലോഗ്രാം തൂക്കമുള്ള വാള.

പെരിയാർ കലങ്ങി ഒഴുകിയാൽ പ്രദേശവാസികളുടെ മനസ്സു തെളിയും. ചാകര പോലെ മീൻ ലഭിക്കുമെന്നതാണു കാരണം. ഭൂതത്താൻകെട്ട‌് മുതൽ നേര്യമംഗലം വരെ പെരിയാറിനു കുറുകെ വലകെട്ടിയും ജലാശയത്തിൽ വല വീശിയും ചൂണ്ടയിട്ടും മീൻ പിടിക്കുന്നവർക്കു 3 ദിവസമായി ചാകരയാണ്‌.

കുറുവ, കൂരൽ, കുയിൽ, കരിമീൻ, വാള, വരാൽ തുടങ്ങിയ മത്സ്യങ്ങളാണു വേട്ടക്കാരുടെ വലയിൽ കുടുങ്ങുന്നത്‌. ഭൂതത്താൻകെട്ട്‌, തട്ടേക്കാട്‌, പാലമറ്റം, ഇഞ്ചത്തൊട്ടി, നേര്യമംഗലം പ്രദേശങ്ങളിൽ നൂറു കണക്കിനാളുകൾ ഇപ്പോൾ മീൻ പിടിക്കുന്നുണ്ട്‌. പുഴമീൻ തേടി നാനാദിക്കുകളിൽ നിന്നു നൂറു കണക്കിനാളുകൾ എത്തുന്നുണ്ട്‌.

പൊടിമീൻ മുതൽ 10 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണു വിൽപനയ്ക്ക്‌ എത്തുന്നത്‌. മീനിന്റെ വലുപ്പവും ഗുണവും അനുസരിച്ചു വിലയിൽ  മാറ്റമുണ്ട്‌. 100 രൂപ മുതൽ 450 രൂപ വരെയാണ്‌ മീനുകളുടെ വില.