മഞ്ഞുപാളികൾക്കടിയിൽ ചുട്ടുപഴുത്ത പാറകൾ‍; അന്റാര്‍ട്ടിക് മനുഷ്യവാസയോഗ്യമാകുമോ?

ഭൂമിയില്‍ ഭൂമിശാസ്ത്രപരമായും മറ്റും മനുഷ്യന്‍ പൂർണമായി ഇനിയും മനസ്സിലാക്കാത്ത അപൂർവം മേഖലകളിലൊന്നാണ് അന്റാര്‍ട്ടിക്. അതുകൊണ്ടുതന്നെ അന്റാര്‍ട്ടിക്കില്‍ ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങളിലൂടെ പുറത്തു വരുന്ന പല അറിവുകളും വിസ്മയകരമാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് അന്റാര്‍ട്ടിക്കിലെ മണ്ണുപാളികളുടെ അടിയില്‍ കണ്ടെത്തിയ ചുട്ടുപഴുത്ത പാറക്കൂട്ടം. ലണ്ടന്‍ നഗരത്തിന്റെ മൂന്നിരട്ടിയോളം വരും ഇതിന്റെ വിസ്തൃതിയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പാറക്കൂട്ടത്തില്‍നിന്നു വമിക്കുന്ന ചൂട് ഇതിനു മുകളിലുള്ള മഞ്ഞു പാളികള്‍ ഉരുകിയൊലിക്കുന്നതിനും കാരണമാകുന്നുണ്ട്.

ശക്തമായ ചൂടാണ് ഈ പാറക്കൂട്ടത്തില്‍നിന്നു വമിക്കുന്നതെങ്കിലും അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ വലുപ്പം വച്ചു നോക്കിയാല്‍ സമീപകാലത്തൊന്നും ഇവയെ പൂര്‍ണമായും ഉരുക്കിക്കളയാന്‍ ഇതു മതിയാകില്ല. എന്നാല്‍ മേഖലയിലെ മഞ്ഞുപാളികളുടെ ഉയരം കുറയാന്‍ ഈ ചൂട് കാരണമാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മഞ്ഞുപാളികളുടെ അടിത്തട്ടിലെ മഞ്ഞ് ഉരുകിയൊലിക്കുംതോറും മഞ്ഞുപാളികള്‍ താഴേക്കു പോരുന്നതാണ് കാരണം.

താപശിലകളുടെ ഉദ്ഭവം

തണുത്തുറഞ്ഞ അന്റാര്‍ട്ടിക് മഞ്ഞുപാളികളുടെ അടിയില്‍, ഭൂമിയുടെ മേല്‍ത്തട്ടിലായി താപം വമിക്കുന്ന പാറക്കൂട്ടത്തിന്റ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നു പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടിഷ് അന്റാര്‍ട്ടിക് സർവേയുടെ ഗവേഷകന്‍ ടോം ജോര്‍ദാന്‍ വ്യക്തമാക്കി. ഈ താപശില എന്നു രൂപപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സമീപകാലത്തുണ്ടായതല്ലെന്നു ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. ഒരുപക്ഷേ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ വരെ ഈ താപശിലകള്‍ക്കു പഴക്കമുണ്ടാകാമെന്നാണ് അനുമാനം. അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കു മുന്‍പേ ഈ താപശിലകള്‍ ഇവിടെ ഉണ്ടായിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

അന്റാര്‍ട്ടിക്കിലെ കടുത്ത തണുപ്പിനെ അതിജീവിച്ചും താപശില വമിക്കുന്ന ചൂട് പുറത്തേക്കെത്തുന്നതിനാല്‍ ഭൂമിയുടെ ഉള്‍ക്കാമ്പില്‍നിന്നു തന്നെ ഈ താപശിലയിലേക്കു ചൂടെത്തുന്നുണ്ടാകാമെന്നും ഗവേഷകര്‍ കരുതുന്നു.  അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളില്‍ ആഗോളതാപനത്തെ തുടര്‍ന്ന് അന്റാര്‍ട്ടിക്കിലെ മഞ്ഞുരുക്കം രൂക്ഷമായാല്‍ അതിന്റെ വേഗം കൂട്ടുന്നതില്‍ താപശിലയില്‍ നിന്നെത്തുന്ന ചൂടും നിര്‍ണായകമായ പങ്കുവഹിക്കുമെന്നുറപ്പാണ്. 

ഭൂമിയുടെ ഉള്ളില്‍ നിന്നെത്തുന്ന ചൂടല്ല പാറകളിലെ താപം നിലനിര്‍ത്തുന്നതെങ്കില്‍, മറ്റൊരു സാധ്യത ഗവേഷകര്‍ കണക്കാക്കുന്നത് ഈ താപശിലകള്‍ റേഡിയോ ആക്ടീവാകാനുള്ള സാധ്യതയാണ്. സ്വയം താപം വമിപ്പിക്കാനുള്ള കഴിവ് റേഡിയോ ആക്ടീവ് ശിലകള്‍ക്കുണ്ട്. അതേസമയം പാറകളില്‍ നേരിട്ടു പഠനം നടത്താനാകാത്തതിനാല്‍ ഈ പാറകളുെട യഥാര്‍ഥ സ്വഭാവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. 

അന്റാര്‍ട്ടിക് മനുഷ്യവാസയോഗ്യമാകുമോ?

ആഗോളതാപനം വർധിക്കുന്നതോടെ നിലവില്‍ മനുഷ്യവാസം സാധ്യമാകുന്ന പ്രദേശത്തെല്ലാം ആവാസയോഗ്യമല്ലാത്ത വിധം താപനില ഉയരുമെന്നാണു കണക്കാക്കുന്നത്. താഴ്ന്നപ്രദേശങ്ങളെല്ലാം കടലെടുക്കും. ഈ സാഹചര്യത്തില്‍ താരതമ്യേന താപനില കുറവുള്ള പ്രദേശം അന്റാര്‍ട്ടിക് മാത്രമാകും. ധ്രുവപ്രദേശമാണെങ്കിലും ആര്‍ട്ടിക്കില്‍നിന്നു വ്യത്യസ്തമായി അന്റാര്‍ട്ടിക്കിലെ മഞ്ഞു പാളികള്‍ക്കിടയില്‍ കരഭൂമിയുണ്ട്. ആഗോളതാപനത്തെ തുടര്‍ന്ന് മഞ്ഞ് പൂർണമായി ഉരുകിയൊലിക്കുന്നതോടെ അന്റാര്‍ട്ടിക് വാസയോഗ്യമാകാനുള്ള സാധ്യതയെക്കുറിച്ചു കൂടിയാണ് ഇപ്പോള്‍ നടത്തുന്ന പഠനങ്ങളിലൂടെ ഗവേഷകര്‍ അന്വേഷിക്കുന്നത്.

വിമാനങ്ങളും ഉപഗ്രഹങ്ങളും ഉപയോഗിച്ചു നടത്തിയ റഡാര്‍, ഏരിയല്‍ സർവേകളിലൂടെയാണ് അന്റാര്‍ട്ടിക്കിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള പഠനം ഗവേഷകര്‍ തുടരുന്നത്. മൂന്ന് കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള മഞ്ഞു പാളികള്‍ക്ക് അടിയിലായാണ് ഈ സർവേയിലൂടെ താപശിലകള്‍ കണ്ടെത്തിയത്. നേരത്തെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി അന്റാര്‍ട്ടിക്കില്‍ നടത്തിയ പഠനം നിരവധി നിർണായക കണ്ടെത്തലുകള്‍ക്കു വഴിവച്ചിരുന്നു. ഈ പഠനത്തിന്റെ പരിമിതകള്‍ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ ഏരിയല്‍ റഡാര്‍ സർവേ കൂടി ബ്രിട്ടിഷ് ഗവേഷകര്‍ പരീക്ഷിക്കുന്നത്. ഈ പഠനം കൂടി പൂര്‍ത്തിയാകുന്നതോടെ അന്റാര്‍ട്ടിക്കിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും ഏറെക്കുറെ പുറത്തു വരുമെന്നാണു പ്രതീക്ഷ.