എത്ര ക്രൂരമീ വേട്ട, തലകുനിച്ച് ജപ്പാൻ

115 ദിവസത്തെ അന്‍റാര്‍ട്ടിക് യാത്രക്കൊടുവിൽ ജപ്പാനിലെ കപ്പലുകൾ ശാസ്ത്രീയ പരീക്ഷണങ്ങളെ മറയാക്കി വേട്ടയാടിയത് 334 മിന്‍കെ തിമിംഗലങ്ങളെയാണ്. അതീവ വംശനാശ ഭീഷണി നേരിടുന്ന ഈ വിഭാഗത്തിലെ വേട്ടയാടപ്പെട്ടവയില്‍ 200 ല്‍ അധികം ഗര്‍ഭിണികളായ തിംമിംഗലങ്ങളും ഉള്‍പ്പെടുന്നു. രാജ്യാന്തര വിലക്കുകള്‍ മറികടന്ന് ജപ്പാന്‍ നടത്തിയ കൂട്ടക്കൊലക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

1986ലാണ് വന്‍തോതിലുള്ള തിംമിംഗലവേട്ട നിരോധിച്ചത്. ഇത് സംബന്ധിച്ച് ലോകരാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് രാജ്യാന്തര തിമിംഗലവേട്ട കമ്മീഷന്‍ രൂപീകരിക്കുകയും കരാറില്‍ ഒപ്പ് വച്ച് ധാരണയിലെത്തുകയും ചെയ്തു. ഈ കരാറിലെ പഴുത് ഉപയോഗിച്ചാണ് ജപ്പാന്‍ വന്‍തോതിലുള്ള തിമിംഗല വേട്ട നടത്തിയത്. ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി തിമിംഗലങ്ങളെ വേട്ടയാടാമെന്നുള്ള കരാറിലെ വ്യവസ്ഥയാണ് ജപ്പാന്‍ ദുരുപയോഗം ചെയ്തത്.

എങ്കിലും ശാസ്ത്ര പരീക്ഷണത്തിനായി മുന്നൂറിലധികം തിംമിംഗലങ്ങളെ കൂട്ടക്കൊല ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ജപ്പാന് ഉത്തരമില്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ട് നില്‍ക്കുന്ന ദക്ഷിണ ധ്രുവത്തിലെ വേനല്‍ക്കാലത്താണ് അന്‍റാര്‍ട്ടിക്ക് തിമിംഗലവേട്ടക്ക് കാലാവസ്ഥ അനുകൂലമാകുക. ഈ ആനുകൂല്യം മുതലെടുത്താണ് ഇത്തവണ ജപ്പാന്‍ കൂട്ടക്കൊല നടത്തിയതും. എല്ലാ വര്‍ഷവും ശാസ്ത്ര പരീക്ഷണത്തിന്‍റെ പേരില്‍ ജപ്പാന്‍ തിമിംഗലവേട്ട നടത്താറുണ്ടെങ്കിലും ഇതിന്‍റെ എണ്ണം കുറച്ച് കൊണ്ട് വരികയും 2014 - 15 സീസണില്‍ വേട്ട ഒഴിവാക്കുകയും ചെയ്തിരുന്നു.

അതേസമയം, ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണെന്ന ജപ്പാന്‍റെ വാദത്തിനെതിരെ രാജ്യാന്തര തിമിംഗല വേട്ടകമ്മീഷണന്‍ രാജ്യാന്തര കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ശാസ്ത്രപരീക്ഷണത്തിനായി വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച് തിമിംഗലത്തിന്‍റെ മാംസം മാര്‍ക്കറ്റുകളിലേക്കാണ് എത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നു. ഏതായാലും ധാരണകള്‍ ലംഘിച്ച് കൂട്ടക്കൊല നടത്തിയ ജപ്പാന്‍ ഇപ്പോള്‍ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ കുറ്റവാളിയായിരിക്കുകയാണ്.