Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്തിക്കു പിന്നാലെ കലവയും വംശനാശത്തിലേക്ക്

Grouper-fish

ഇങ്ങനെ പോയാൽ മത്തിക്കു പിന്നാലെ കലവയുടെ കഥയും തീരും. വർധിച്ചുവരുന്ന അമിത മത്സ്യബന്ധനം രാജ്യാന്തര വിപണിയിൽ ഉയർന്ന കച്ചവടമൂല്യമുള്ള കടൽമത്സ്യമായ കലവയുടെ (ആമൂർ) നിലനിൽപ്പിനു  ഭീഷണി ഉയർത്തുന്നതാണു കണ്ടെത്തിയിരിക്കുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന കലവ (കടൽ കറൂപ്പ് എന്ന പേരിലും അറിയപ്പെടുന്നു.) മത്സ്യയിനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള രാജ്യാന്തര സംഗമത്തിലാണ് അമിതമത്സ്യബന്ധനം ഈ മീനുകൾക്കുമേൽ സമ്മർദ്ദമേറുന്നതായി കണ്ടെത്തിയത്.

ഇവയെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ കലവയുടെ നിലനിൽപ് അപകടത്തിലാകുമെന്നു പോർച്ചുഗലിലെ അസോറസിൽ നടന്ന യോഗത്തിൽ കലവയുടെ നിലനില്പിനെക്കുറിച്ചു  പ്രബന്ധം അവതരിപ്പിച്ച കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ. ജെ.നായർ വ്യക്തമാക്കി.  
 
ഏതു സാഹചര്യത്തിലും മികച്ച വളർച്ച, ഏറെ സ്വാദുള്ള മത്സ്യം എന്നതാണു കലവയുടെ പ്രത്യേകത. കടലിൽ നിന്നു ലഭിക്കുന്ന കലവയ്ക്കു കിലോയ്ക്ക്? 400 മുതൽ 450 രൂപ വരെ ലഭിക്കുന്നു. അതേ സമയം കൃഷി ചെയ്തെടുക്കുന്ന കവല മത്സ്യത്തിന് വിദേശ വിപണിയിൽ ഇവയുടെ മൂന്നും നാലും ഇരട്ടിവരെ ലഭിക്കുന്നുണ്ട്.

പതിമൂന്നു രാജ്യങ്ങളിൽ നിന്നായി 35 വിദഗ്ധരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 164 ഇനങ്ങളുള്ള കലവ മത്സ്യങ്ങളുടെ നിലനിൽപ്പ്  വിലയിരുത്തുന്നതിന് വേണ്ടി ഒത്തുകൂടിയത്. ഉയർന്ന വിപണന മൂല്യമുള്ള ഈ മത്സ്യങ്ങളെ അമിതമായി പിടിക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമായേക്കാമെന്ന് മത്സ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ചെറുമീനുകളെ  പിടിക്കുന്നത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയിലും കലവ ഇല്ലാതാകുമെന്ന് ഡോ. രേഖ. ജെ. നായർ പറയുന്നു.

ചെറുമീനുകൾ പിടിക്കുന്നത് തടയുകയും അമിതമത്സ്യബന്ധനം നിയന്ത്രിക്കുകയും ചെയ്താൽ ഇന്ത്യൻ തീരങ്ങളിൽ കലവയുടെ നിലനിൽപ്പിന് ഭീഷണിയുണ്ടാവില്ല. വിവിധ കലവയിനങ്ങളുടെ ജീവശാസ്ത്ര പ്രത്യേകതകൾ ഉൾക്കൊള്ളുന്ന വളർച്ചയെ സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭ്യമല്ലാത്തത് ഇവയുടെ പരിപാലനത്തിന് തടസ്സമാണ്. പ്രായപൂർത്തിയെത്തുന്നതിലെ കാലതാമസവും ഒന്നിച്ചു മുട്ടയിടുന്നതും വളർച്ചയ്ക്കിടയിൽ സംഭവിക്കുന്ന ലിംഗവ്യത്യാസവുമാണ് ഈ മത്സ്യങ്ങൾ അമിതമത്സ്യബന്ധനത്തിന് ഇരയാകുന്നതിന് കാരണമാകുന്നതെന്നും അവർ വ്യക്തമാക്കി.
 
കലവയുടെ വിത്തുൽപാദനത്തിൽ സിഎംഎഫ്ആർഐ ഇതിനകം നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കലവയെ സംരക്ഷിക്കുന്നതിൽ കേരളത്തിനു നിർണായക പങ്കുവഹിക്കാനാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ. ഗോപാലകൃഷ്ണൻ ബിസിനസ് മനോരമയോടു പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് കലവയുടെ വിത്തുൽപാദനം സിഎംഎഫ്ആർഐയിൽ വിജയകരമായി പൂർത്തിയാക്കിയത്. ഇത് ഇന്ത്യയിൽ ഈ മത്സ്യങ്ങളെ കൃഷി ചെയ്ത് ഉൽപാദിപ്പിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. കടലിൽ സ്ഥാപിച്ച കൂടുകളിൽ ഇവയെ കൃഷി ചെയ്യുന്നത് കലവ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുമെന്നും ഡോ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.  

കലവയടക്കം 58 മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് (പിടിക്കുന്നതിനുള്ള പരമാവധി കുറഞ്ഞ വലിപ്പം) സിഎംഎഫ്ആർഐ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്.

കലവ

വിദേശനാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമാണ് കലവ. ആവശ്യമായ തോതിൽ കുഞ്ഞുങ്ങളെ ലഭിക്കാത്തത് ഇന്ത്യയിൽ ഒരു പരിധിയോളം കലവ കൃഷി പരുങ്ങലിലാക്കിയിരുന്നു. നിലവിൽ സിംഗപ്പൂർ, മലേഷ്യ, തായ് വാൻ, ചൈന, ഹോംകോങ് എന്നിവിടങ്ങളിൽ നിന്നാണ് വൻതോതിൽ കയറ്റുമതി നടത്തുന്നത്. കലവയുടെ വിത്തുല്പാദനം വിജയകരമായതോടെ ഇന്ത്യയിലും ഇവ വൻതോതിൽ ഉല്പാദിപ്പിക്കാനാകും. കടൽകൂടുകൃഷിയിലൂടെ ഇവയുടെ ഉല്പാദനം വർധിപ്പിച്ച് കയറ്റുമതി നടത്തുന്നതിന് രാജ്യത്തെ മത്സ്യകർഷകർക്ക് അവസരം ലഭിക്കുമെന്ന് സിഎംഎഫ്ആർഐയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Your Rating: