ഗോരക്ഷ: ഇന്ത്യയിൽ തമ്മിൽത്തല്ല്; സ്പെയിനിൽ ഒരു പശുവിന് വേണ്ടി ഒന്നിച്ചത് 18 ലക്ഷം പേർ!

ഗോവധം, ബീഫ് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ കേരളത്തില്‍ ഉൾപ്പെടെ വിവാദം കത്തിപ്പടരുകയാണ്. ഗോരക്ഷയുടെ പേരിൽ ഇന്ത്യയിൽ മനുഷ്യൻ തമ്മിൽത്തല്ലുമ്പോഴാണ് 18 ലക്ഷത്തിലേറെപ്പേർ ഒപ്പിട്ട് ഒരു പശുവിനെ ‘വധശിക്ഷ’യിൽ നിന്ന് രക്ഷപ്പെടുത്തിയ വാർത്തയെത്തുന്നത്, അതും സ്പെയിനിൽ നിന്ന്! കഥയിങ്ങനെ: നാലു വർഷം മുൻപാണ് ‘മാർഗരീത്ത’ എന്ന പശു ജനിക്കുന്നത്. സ്പെയിനിലെ വടക്കുകിഴക്കൻ കാറ്റലോണിയൻ ഭാഗത്തെ ടൊർടോസയിലെ ഒരു ഫാമിലായിരുന്നു ജനനം. കാളപ്പോരിനു വേണ്ടി പ്രത്യേകം ‘ബ്രീഡ്’ ചെയ്തെടുക്കുന്ന പശുക്കളുടെ വിഭാഗത്തിൽപ്പെട്ടതായിരുന്നു മാർഗരീത്ത. 2012 ജനുവരി മുതൽ ടൊർടോസയിൽ കാളപ്പോര് നിരോധിച്ചിരിക്കുകയുമാണ്. അതിനാൽത്തന്നെ പശുവിനെ ഫാമിൽ നിന്ന് ഒരു കർഷകനു കൈമാറി. അദ്ദേഹം അതിനെ മാര്‍ഗരീത്ത എന്ന പേരുമിട്ട് വളർത്തി. 

പക്ഷേ യൂറോപ്യൻ എക്കണോമിക് കമ്യൂണിറ്റി(ഇഇസി) നിയമപ്രകാരം എല്ലാ കന്നുകാലികളെയും ജനിച്ചയുടനെ കൃഷിവകുപ്പ് അതോറിറ്റിയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യണമെന്നാണ്. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ രൂപീകരിച്ചതാണ് ഇഇസി. ഭ്രാന്തിപ്പശു രോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അംഗരാജ്യങ്ങളെ ബാധിക്കാതിരിക്കാനായിരുന്നു പശുക്കളെ റജിസ്റ്റർ ചെയ്യുക എന്ന മുൻകരുതൽ. ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന കന്നുകാലികൾക്കായിരുന്നു ഇത് ബാധകം. എന്നാൽ മാര്‍ഗരീത്തയെ കശാപ്പിനു വേണ്ടിയല്ല, വീട്ടിലെ ഒരു ഓമനമൃഗമായിട്ടായിരുന്നു കർഷകൻ വളർത്തിയത്. 

പോരിനു വേണ്ടി ഒരുക്കിയതാണെങ്കിലും തികച്ചും ശാന്തജീവിതമായിരുന്നു  മാര്‍ഗരീത്തയുടേത്. കുട്ടികൾക്ക് ഉൾപ്പെടെ ധൈര്യമായി അടുത്തു ചെല്ലാം. പ്രദേശത്തു വരുന്നവരെല്ലാം  മാര്‍ഗരീത്തയുടെ അടുത്ത് സ്നേഹത്തോടെ പോകും, ഭക്ഷണം നൽകും. ആരെങ്കിലും കെട്ടിപ്പിടിക്കുന്നതും ഈ പശുവിന് ഏറെ ഇഷ്ടമായിരുന്നു. അങ്ങനെ ടൊർടോസയുടെ ഓമനയായി ജീവിക്കുന്നതിനിടെയാണ്  മാര്‍ഗരീത്ത അധികൃതരുടെ കണ്ണിൽപ്പെടുന്നത്. കൃഷിവകുപ്പിൽ റജിസ്റ്റർ ചെയ്യാത്തതിനാൽ 3000 പൗണ്ട് പിഴ ആദ്യം വിധിച്ചു. പിന്നീട്  മാര്‍ഗരീത്തയെ കശാപ്പുശാലയിലേക്ക് അയക്കാൻ നിർദേശവും. 

റജിസ്റ്റർ ചെയ്യാതെ വളർത്തിയ പശുക്കളെയെല്ലാം കൊന്നുകളയണമെന്നാണ് നിയമം. ഭ്രാന്തിപ്പശു രോഗം ഉൾപ്പെടെ ബാധിക്കാതിരിക്കാനുള്ള യാതൊരു മുൻകരുതലുമെടുത്തില്ല എന്നതായിരുന്നു  മറ്റൊരു പ്രശ്നം. പിഴയും അതിന്റെ പേരിലായിരുന്നു. പക്ഷേ പരിശോധനയിൽ മാർഗരീത്തയ്ക്ക് യാതൊരു കുഴപ്പമില്ലെന്നും തെളിഞ്ഞു. എങ്കിലും മേയ് 26ന് കശാപ്പുശാലയിലേക്ക് എത്തിക്കാനായിരുന്നു ഉത്തരവ്. സംഭവം വാർത്തയായി; വൈകാതെ മൃഗസംരക്ഷണ സംഘടനയായ ഹൊഗർ പ്രോവേഗൻ പ്രശ്നത്തിൽ ഇടപെട്ടു. www.change.org വഴി ക്യാംപെയ്നും ആരംഭിച്ചു. 18.3 ലക്ഷം പേരാണ് ഇതിനോടകം മാർഗരീത്തയെ കശാപ്പു ചെയ്യരുതെന്നാവശ്യപ്പെട്ട് വെബ്സൈറ്റിലൂടെ രംഗത്തു വന്നത്. 

ഭക്ഷ്യാവശ്യത്തിനായി ഉപയോഗപ്പെടുത്താത്തതിനാൽത്തന്നെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ഇതിനെ മാറ്റിയാൽ മതിയെന്നാണ് ആവശ്യം. കന്നുകാലി ഫാമിൽ നിന്നുള്ള പശുവല്ലാത്തതിനാൽ ആ പരിഗണനയും നൽകണമെന്ന ആവശ്യമുയർന്നു. ശ്രമങ്ങളെന്തായാലും പാതി ഫലം കണ്ടു. മേയ് 26ന് നടക്കാനിരുന്ന മാർഗരീത്തയുടെ കശാപ്പ് നിർത്തി വച്ചു. ഈ പശുവിന്റെ ‘ചരിത്രം’ പഠിച്ച് വേണ്ട നടപടി സ്വീകരിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. അന്തിമവിധി മാർഗരീത്തയ്ക്കും അവളെ സ്നേഹിക്കുന്നവർക്കും അനുകൂലമാകുമെന്നു തന്നെയാണു പ്രതീക്ഷ.