തിമിംഗലത്തെ കൂട്ടത്തോടെ ആക്രമിച്ചു കൊന്നു തിന്നുന്ന കൊലയാളി തിമിംഗലങ്ങൾ!

12 മീറ്ററോളം നീളമുള്ള മിങ്കി തിമിംഗലത്തെ ആക്രമിക്കുന്ന കൊലയാളി തിമിംഗലങ്ങളുടെ ദൃശ്യങ്ങൾ ചർച്ചയാകുന്നു. കൂട്ടത്തോടെ തിമിംഗലത്തെ ആക്രമിക്കുക മാത്രമല്ല കൊന്നു ഭക്ഷണമാക്കുകയും ചെയ്തു കൊലയാളി തിമിംഗലങ്ങൾ എന്നറിയപ്പെടുന്ന ഓർക്കകൾ. റഷ്യയുടെ കിഴക്കൻ തീരമായ കാംഷട്ക പെനിൻസുലയിൽ നിന്ന് ഡ്രോൺ വഴി പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ. ഫാർ ഈസ്റ്റ് റഷ്യ ഓർക പ്രോജക്റ്റിലെ അംഗങ്ങളാണ് ഈ കാഴ്ച നേരിട്ടു കണ്ടത്. റഷ്യൻ തീരങ്ങളിൽ ഏകദേശം ഇരുന്നൂറോളം കൊലയാളി തിമിംഗലങ്ങളുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

ഏഴ് വലിയ കൊലയാളി തിമിംഗലങ്ങൾ ചേർന്നാണ് ആദ്യം തിമിംഗലത്തെ ആക്രമിച്ചത്. തിമിംഗലത്തെ കൊന്നതിനു ശേഷമാണ് കുട്ടി തിമിംഗലങ്ങൾ കൂട്ടത്തിൽ  പങ്കുചേർന്നത്. കൂട്ടത്തോടെയാണ് കൊലയാളി തിമിംഗലങ്ങൾ ഇരകളെ ആക്രമിക്കുക. ഇരയ്ക്കു രക്ഷപെടാൻ ഒരു പഴുതുപോലും ഇവർ നൽകാറില്ല. വിവിധ ഭാഗങ്ങളിൽ നിന്നായിരിക്കും ആക്രമണം. ചെറുത്തു നിൽക്കാൻ പോലും കഴിയാതെ ഇരകൾ കീഴടങ്ങുകയാണു പതിവ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

അന്റാർട്ടിക്കിലും ആർട്ടിക് സമുദ്രങ്ങളിലുമെല്ലാം കൊലയാളി തിമിംഗലങ്ങളെ സാധാരണയായി കാണാറുണ്ട്. എന്നാൽ റഷ്യയിൽ കാംഷട്ക പെനിൻസുലയിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. ആറു ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകരുടെ സംഘം കൊലയാളി തിമിംഗലങ്ങൾ കൂട്ടത്തോടെ വേട്ടയാടുന്നതും ഇരയെ ഭക്ഷണമാക്കുന്നതും കണ്ടത്. ജൂലൈ 4ന് പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ അമ്പതിനായിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

Read More Articles Earth & Colours