മനുഷ്യവാസമില്ലാത്ത ആ ദ്വീപിൽ കണ്ടത് ‘ഭയാനകമായ കാഴ്ച’!!

കരയിൽ നിന്ന് ഏറെ ദൂരെ, തെക്കൻ പസഫിക് സമുദ്രത്തിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്ക് 2015ൽ ഏഴ് ഗവേഷകരെത്തി. മനുഷ്യരാരും അധികമൊന്നും കടന്നു ചെല്ലാത്തയിടമായ ഹെൻഡേഴ്സൺ ദ്വീപായിരുന്നു അത്. അതിനാൽത്തന്നെയാണ് ‘മനുഷ്യന്റെ കരസ്പർശമേൽക്കാത്ത ഭൂപ്രദേശ’മെന്ന വിശേഷണത്തോടെ 1988ൽ യുനെസ്കോ ഈ ദ്വീപിനെ ഹെറിറ്റേജ് സൈറ്റായും പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയിലെ ടാസ്മാനിയ സർവകലാശാലയിൽ നിന്നുള്ള ജെന്നിഫർ ലേവേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുമാസം ഇവിടെ താമസിച്ചത്. 

ദ്വീപിൽ അവരെ കാത്തിരുന്നതാകട്ടെ അത്യപൂർവമായൊരു കാഴ്ചയായിരുന്നു. അതിലെന്തായാലും മനുഷ്യനെന്ന നിലയിൽ നമുക്ക് അഭിമാനം കൊള്ളാനാകില്ല. പല തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ഏകദേശം മൂടപ്പെട്ട നിലയിലായിരുന്നു ആ ദ്വീപ്. മനുഷ്യർ കൊണ്ടുവന്നു തള്ളുന്നതാണോ ഇതെന്നായിരുന്നു ആദ്യ അന്വേഷണം. പക്ഷേ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മനസിലായി, എവിടെ നിന്നൊക്കെയോ മനുഷ്യൻ കടലിലേക്കു തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം കറങ്ങിത്തിരിഞ്ഞ് ദ്വീപിലേക്ക് എത്തുന്നതാണെന്ന്. 

ഹെൻഡേഴ്സണിൽ തന്നെ ഇത് അടിഞ്ഞു കൂടാനുമുണ്ട് കാരണം. ‘സൗത്ത് പസഫിക് ചുഴി’ എന്നറിയപ്പെടുന്ന അടിയൊഴുക്കുകളുടെ സംഗമസ്ഥാനത്തോടു ചേർന്നാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഈ അടിയൊഴുക്കുകളാകട്ടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളെയെല്ലാം പിടിച്ചെടുത്ത് ‘സൂക്ഷിക്കുന്ന’ സ്വഭാവമുള്ളവയും. അങ്ങനെ ഒഴുക്കിൽപ്പെട്ടെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം അടിയുന്നത് ഹെൻഡേഴ്സൺ ദ്വീപിലും. 3.8 കോടി എണ്ണം പ്ലാസ്റ്റിക് മാലിന്യക്കഷണങ്ങളാണ് ജെന്നിഫറിന്റെ നേതൃത്വത്തിൽ ഇവിടെ കണക്കുകൂട്ടിയെടുത്തത്. ഭാരമാകട്ടെ 17.6 ടൺ വരും. അക്കൂട്ടത്തിൽ ഭൂരിപക്ഷവും പ്ലാസ്റ്റിക് മാലിന്യവും. ശേഖരിക്കുന്ന മാലിന്യമെല്ലാം ബോട്ടിൽ കരയിലേക്ക് എത്തിച്ച് ദ്വീപ് വൃത്തിയാക്കുകയും ചെയ്തു ഇവർ.

1980കളിൽ തന്റെ സഹോദരൻ കളിച്ചിരുന്ന തരം പ്ലാസ്റ്റിക് പാവകളെ വരെ ദ്വീപിൽ കണ്ടെത്തിയെന്നു പറയുന്നു ജെന്നിഫർ. ഇവയിൽ മൂന്നിൽ രണ്ട് പ്ലാസ്റ്റിക് പദാർഥങ്ങളും മണ്ണുമൂടിയ നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട സിഗററ്റ് ലൈറ്ററുകളും ടൂത്ത് ബ്രഷുകളുമായിരുന്നു മാലിന്യത്തിൽ ഏറെയും. നിശ്ചിത സ്ഥലത്ത് കുന്നുകൂടിയ മാലിന്യത്തിന്റെ അളവിന്റെ കണക്കെടുക്കുമ്പോൾ ലോകത്ത് ഇത്തരത്തിൽ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട പ്രദേശമായും ഹെൻഡേഴ്സൺ മാറുന്നു. 

പല വർണങ്ങളിലുള്ള മാലിന്യങ്ങൾ ചിതറി ‘ഒരേസമയം ഏറെ ഭംഗിയുള്ളതും ഭയാനകവുമായ കാഴ്ച’ എന്നാണ് ജെന്നിഫർ ദ്വീപിലെ മലിനീകരണത്തെ വിശേഷിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട വലകളിൽപ്പെട്ട് കടലാമകൾ ചത്തുകിടക്കുന്നതിനും ദ്വീപിലെ പ്രത്യേകതരം ഞണ്ടുകൾ ചെറുപ്ലാസ്റ്റിക് പാത്രങ്ങളെ ‘കവചമാക്കി’ ജീവിക്കുന്നതിനും ജെന്നിഫർ സാക്ഷിയായി. എത്ര വൃത്തിയാക്കിയാലും ദ്വീപ് പ്ലാസ്റ്റിക് വിമുക്തമാകില്ലെന്നും അവർ പറയുന്നു. എല്ലാം വൃത്തിയാക്കിയാലും ദിവസവും ശരാശരി 13,000 കഷണമെങ്കിലും മാലിന്യം ഇവിടെ വന്നടിയുന്നുണ്ട്. അതാകട്ടെ ദ്വീപിൽ പരന്നാൽ‌ 10 കിലോമീറ്റർ നീളവും അഞ്ചു കിലോമീറ്റർ വരെ വീതിയിലുമായിരിക്കും ചിതറിക്കിടക്കുക. 

ഇത് വൃത്തിയാക്കാൻ ശ്രമിച്ച് തന്റെ വിവാഹം പോലും തടസ്സപ്പെട്ടുവെന്നും ജെന്നിഫറിന്റെ വാക്കുകൾ. കരയിൽ നിന്ന് അത്രയേറെ ദൂരെയാണ് ഹെൻഡേഴ്സൺ ദ്വീപ്. ഒരുദിവസം മാലിന്യവുമായി പോയ ബോട്ട് തിരികെയെത്താൻ വൈകി. അതിലാണ് ജെന്നിഫറിന് കരയിലേക്ക് പോകേണ്ടിയിരുന്നത്. വിവാഹപ്പാർട്ടി കാത്തിരുന്നു. നിശ്ചയിച്ച ദിവസത്തിനും മൂന്നു ദിവസം കഴിഞ്ഞ് ഫ്രഞ്ച് പോളിനേഷ്യയിലെ ടഹീതി ദ്വീപിലേക്കെത്തുമ്പോൾ ഭാഗ്യത്തിന് വിവാഹസംഘം മടങ്ങിപ്പോയിരുന്നില്ല. കയ്യോടെ വിവാഹവും നടത്തി.

ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള പിറ്റ്കേൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ഹെൻഡേഴ്സൺ ഐലന്റ്. പ്ലാസ്റ്റിക് പാരാവാരമാണെങ്കിലും അതിനിടയിൽ ഉപകാരമുള്ള ഒട്ടേറെ സംഗതികളുണ്ടെന്നും റീസൈക്കിൾ ചെയ്തെടുക്കാവുന്നതേയുള്ളൂവെന്നും ജെന്നിഫർ പറയുന്നു. സമുദ്രത്തിലെ മലിനീകരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ മനുഷ്യവാസമില്ലെങ്കിൽപ്പോലും  ദ്വീപുകൾ ‘പ്ലാസ്റ്റിക്’ കൂനകളായി മാറുന്ന ഇത്തരം സ്ഥിതിവിശേഷങ്ങളെപ്പറ്റിയും ഇനി മനസിലുണ്ടാകണമെന്നും ഗവേഷണ റിപ്പോർട്ടിനോടുള്ള വിദഗ്ധരുടെ മറുപടി. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ ഔദ്യോഗിക ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.