പ്രകൃതിദുരന്തങ്ങൾക്ക് കാരണം ആറ്റുകൊഞ്ചിന്റെ ശാപമോ?

കുട്ടനാട്ടിൽ നിന്നു വൈക്കത്തഷ്ടമിക്കു പോകുന്ന ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങൾ തിരിച്ചുവരാറില്ല. മടക്കയാത്രയിൽ അടഞ്ഞ തണ്ണീർമുക്കം ബണ്ടിൽ അവ തലതല്ലിച്ചാവുന്നുണ്ടാകും! കുട്ടനാട്ടിലെ ഒരു വിഭാഗം കർഷകർ ഇപ്പോഴും വിശ്വസിക്കുന്ന കഥയാണിത്. കുട്ടനാട്ടിലെ പല പ്രകൃതിദുരന്തങ്ങൾക്കും കാരണം ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങളുടെ ശാപമാണെന്നും കഥ പ്രചാരത്തിലുണ്ട്.

ഈ നാട്ടുവർത്തമാനത്തിൽ ശാസ്ത്രസത്യമുണ്ട്. ശുദ്ധജലത്തിൽ ജീവിക്കുന്ന ആറ്റുകൊഞ്ചിനു മുട്ടയിടണമെങ്കിൽ ഉപ്പുവെള്ളം വേണം. ജൂലൈയോടെ മുട്ടകൾ നിറഞ്ഞ വയറുമായി അമ്മക്കൊഞ്ചുകൾ വൈക്കത്തേക്കു യാത്ര തുടങ്ങും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങൾ‌ക്ക് ഉപ്പുവെള്ളത്തിൽ ജീവിക്കാൻ സാധിക്കില്ല. ഡിസംബറിൽ അവ കുട്ടനാട്ടിലേക്കു തിരിച്ചു നീന്തും. പക്ഷേ, ആ സമയം ഉപ്പുവെള്ളം കയറാതിരിക്കാൻ ബണ്ട് അടച്ചിരിക്കും. തണ്ണീർമുക്കം ബണ്ടിന്റെ അടഞ്ഞുകിടക്കുന്ന കൂറ്റൻ ഷട്ടറുകൾ അവരെ തടഞ്ഞുനിർ‌ത്തും. ബണ്ടിന് അക്കരെ ഉപ്പുവെള്ളത്തിൽ അവ മരിക്കുന്നു.

അതു ശരിയായിരിക്കാം. 425 ടൺ ആറ്റുകൊഞ്ചു കിട്ടിയിരുന്ന കുട്ടനാട്ടിൽ ഇന്നു ലഭിക്കുന്നത് വെറും 18 ടൺ. അതേസമയം, തണ്ണീർമുക്കം ബണ്ട് മൂലം ഉപ്പുവെള്ളം നിയന്ത്രിക്കുന്നതു കൊണ്ടാണു കുട്ടനാട്ടിലെ കൃഷി നിലനിൽക്കുന്നതെന്നതും സത്യമാണ്. ഈ സത്യം അംഗീകരിക്കുമ്പോഴും ഇതു പ്രകൃതിയുടെ താളംതെറ്റലാണ്. ഇത്തരം താളംതെറ്റൽ കേരളത്തിന്റെ പല ഭാഗത്തുമുണ്ട്.

അറബിക്കടലിൽ നിന്നു വെള്ളം ആവിയായി പശ്ചിമഘട്ട മലനിരകളിൽ എത്തി മഴയായി പുഴകളിലൂടെയും തോടുകളിലൂടെയും നാടു മുഴുവൻ വളക്കൂറുള്ള എക്കൽ മണ്ണ് നിറച്ചു കടലിൽ ചേർന്നിരുന്നതാണു നമ്മുടെ ജൈവവ്യവസ്ഥ. അതു പഴയ കാലം.

അന്നു തീരദേശ മേഖലയായ ചെറായിയിൽ പോലും ഉപ്പുവെള്ളത്തിന്റെ ഭീഷണിയില്ല. കടലിലും കായലിലും ആവോളം മൽസ്യങ്ങളും. തീരദേശത്തെ കഴുകുന്ന വേലിയേറ്റവും വേലിയിറക്കവും നടത്തിയിരുന്നത് ഒരുതരം ശുചീകരണം തന്നെ. കായലിൽ പോളകളും പായലുകളുമില്ല. കേരളത്തിൽ എല്ലായിടത്തും തെളിനീർ മാത്രം. കൊതുകുകളും ജലജന്യരോഗങ്ങളും പടിക്കു പുറത്ത്. ആ പരിസ്ഥിതി എങ്ങനെ നമുക്കു നഷ്ടപ്പെട്ടു?

കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ

ഇന്ന് ഉപ്പുവെള്ളം തീരദേശത്തെമ്പാടും വ്യാപിക്കുന്നു. ഓരുവെള്ളം കലരുന്നതോടെ തീരദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കൂട്ടത്തിൽ കൃഷിയും നശിക്കുന്നു. ഉപ്പുവെള്ളം തടയാൻ ബണ്ടു കെട്ടുന്നതോടെ പുഴകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. അവ കൊതുകിന്റെ സ്വർഗരാജ്യമായി മാറാൻ അധികസമയം വേണ്ട. അങ്ങനെ ആദ്യമഴയിൽ തന്നെ കേരളം പകർച്ചവ്യാധികളുടെ പിടിയിലമരുന്നു.

മാനത്തു നിന്നു മഴയെ പിടിച്ചുനിർത്തി കേരളത്തിനു നൽകുന്നതു നമ്മുടെ മലനിരകളാണ്. പച്ചപ്പട്ടു വിരിച്ച സഹ്യന്റെ പാരിസ്ഥിതിക ദൗത്യമാണിത്. ആ ദൗത്യം ചെയ്യാൻ ഇന്നു സഹ്യപർവതത്തിനു സാധിക്കുന്നില്ല. കാരണം കാടു കുറഞ്ഞുവരുന്നതാണ്. അതിനൊപ്പം മഴയും കുറയുന്നു.

നദികളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും ഏറെ കുറഞ്ഞു. പണ്ടുണ്ടായിരുന്ന വനമേഖലയുടെ ഏഴു ശതമാനം മാത്രമാണ് ഇന്നു പശ്ചിമഘട്ടത്തിലുള്ളതെന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ.വിശാലമായ നെൽപാടങ്ങളാണു വെള്ളം ശുദ്ധീകരിച്ചു ഭൂമിയിൽ ശേഖരിച്ചു വച്ചിരുന്നത്. ആ നെൽവയലുകളുടെ നല്ല പങ്ക് നമുക്കു നഷ്ടമായി.1975ൽ 8.4 ലക്ഷം ഹെക്ടർ നെൽവയലുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്നുള്ളത് 1.94 ലക്ഷം ഹെക്ടർ മാത്രം. വർഷം 40 ലക്ഷം ടൺ അരി കഴിക്കുന്ന മലയാളി ഉൽപാദിപ്പിക്കുന്നതു വെറും ആറു ലക്ഷം ടൺ മാത്രം.ആന്ധ്രയിൽ നിന്ന് അരി വരും. പക്ഷേ, കുടിവെള്ളം വരില്ലല്ലോ?