വേമ്പനാട്ടു കായലിന്റെ വില്ലൻ തണ്ണീർമുക്കം ബണ്ടോ?

വേമ്പനാട്ടു കായലിലെ മൽസ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതായി പഠനങ്ങൾ. .കായലിൽനിന്നു ലഭിച്ചിരുന്ന ആറ്റുകൊഞ്ചിന്റെ അളവ് 1967ൽ 429 ടൺ ആയിരുന്നത് 1992ൽ 39 ടൺ ആയി കുറഞ്ഞു. മൂന്നു വർഷം മുൻപ് ഇത് 22 ടൺ ആയി. ഓരോ വർഷവും മൽസ്യസമ്പത്തിൽ വൻ കുറവാണ് ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന കാരണം കായലിലെ ലവണാംശത്തിൽ വന്ന കുറവാണ്. 1971ൽ വേമ്പനാട്ടു കായലിലെ ലവണാംശം 23 പിപിടി (പാർട്‌സ് പെർ തൗസൻഡ്) ആയിരുന്നത് 2004ൽ 4.31 പിപിടി ആയി കുറഞ്ഞു. ഇത്രയും കുറഞ്ഞ ലവണാംശമുള്ള ജലത്തിൽ കൊഞ്ചും ചെമ്മീനും കക്കയും ഉൾപ്പെടെയുള്ളവയ്‌ക്കു വളരുവാൻ സാധിക്കുകയില്ല.

തണ്ണീർമുക്കം ബണ്ടാണു ലവണാംശം കുറയുന്നതിലെ പ്രധാന വില്ലൻ. ബണ്ടിനോടു ചേർന്ന പ്രദേശത്ത് ആഴം കുറഞ്ഞുവരുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ ഇതുവഴി കാൽനട സാധ്യമാകുമെന്നു വിഷയാവതരണം നടത്തിയ പരിസ്‌ഥിതി പ്രവർത്തകൻ ജോജി കൂട്ടുമ്മൽ പറഞ്ഞു. തണ്ണീർമുക്കം ബണ്ട് ഇപ്പോഴത്തെ അവസ്‌ഥയിൽ നിലനിർത്തിക്കൊണ്ടു കായൽ സംരക്ഷണം സാധ്യമല്ല. ബണ്ട് സ്‌ഥിരമായി തുറന്നിട്ടാൽ മാത്രമേ കായലിന്റെ ജീവൻ തിരിച്ചുപിടിക്കാൻ കഴിയൂ. പരീക്ഷണാടിസ്‌ഥാനത്തിൽ രണ്ടു വർഷം ബണ്ട് തുറന്നിടാൻ നടപടിയെടുക്കണം.

1910നു ശേഷം കായൽ പതിച്ചുകൊടുത്തിട്ടില്ലെന്നിരിക്കേ പിന്നീട് നടന്നതൊക്കെ കയ്യേറ്റമാണ്. വളരെ കാലങ്ങൾക്കുമുൻപു നടന്ന കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുക പ്രയാസമാണ്. എന്നാൽ 1990നുശേഷം നടന്ന കയ്യേറ്റങ്ങൾ സാറ്റലൈറ്റ് ഇമേജിങ് സംവിധാനം ഉപയോഗിച്ചു കണ്ടുപിടിക്കാനാകും. ഇതിന് അധികൃതർ മുൻകൈ എടുക്കണം. ഹൗസ് ബോട്ടുകളിൽനിന്നു ചോരുന്ന മണ്ണെണ്ണയും മറ്റു മാലിന്യങ്ങളും കായലിനെ മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.