കൊറിയയിലെ തുരങ്കത്തിൽ കാത്തിരിക്കുന്ന അദ്ഭുതം!

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ദേശീയപാത പദ്ധതിയുടെ ഭാഗമായി 1970ൽ നിർമിച്ചതായിരുന്നു ആ തുരങ്കം. രാജ്യത്തിന്റെ വ്യവസായ വളർച്ചയുടെ അഭിമാന അടയാളം. എന്നാൽ 2002ൽ തുരങ്കം അടച്ചു. ഇന്ന് അതു കാണാനെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു നീല വാതിൽ മാത്രമാണ്. എന്നാൽ ആ വാതിലിനപ്പുറമാണ് അദ്ഭുതം. കൃഷി ചെയ്യാന്‍ ആളും ഭൂമിയും അധികമില്ലാത്ത ദക്ഷിണ കൊറിയയിലെ ജനങ്ങൾക്കു വേണ്ട പഴങ്ങളും പച്ചക്കറികളുമാണ് അവിടെ വിളയിച്ചെടുക്കുന്നത്. സൂര്യപ്രകാശമില്ലാത്ത തുരങ്കത്തിൽ എന്തു വളരാനാണ് എന്ന സംശയം സ്വാഭാവികം. നെക്സ്റ്റ്ഓൺ എന്ന കമ്പനിയുടെ കയ്യിലുണ്ട് അതിനുള്ള ഉത്തരം. 

സ്മാർട്ട് വെർട്ടിക്കൽ ഫാമിങ് എന്ന രീതിയിലൂടെയാണു തുരങ്കത്തിനകത്തെ കൃഷി. ഹൈഡ്രോപോണിക് കൃഷിരീതിയാണിത്. അതായത് മണ്ണ് ഉപയോഗിക്കില്ല, പകരം പോഷകസമ്പുഷ്ടമായ വെള്ളം മാത്രം. സൂര്യപ്രകാശത്തിനു പകരം കൃത്രിമ വെളിച്ചമൊരുക്കും. എൽഇഡികളിൽ നിന്നുള്ള നിയോൺ–പിങ്ക് പ്രകാശമാണ് ദക്ഷിണ കൊറിയയിലെ തുരങ്കത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ ചുമരിൽ കുത്തനെയുള്ള തട്ടുകളിലാണു കൃഷി. ലോകത്ത് തുരങ്കത്തിനകത്ത് ആദ്യമായി നടത്തുന്ന വെർട്ടിക്കൽ ഫാമിങ് ഇതായിരിക്കുമെന്നും അധികൃതർ പറയുന്നു. 

സ്മാർട്ട് വെർട്ടിക്കൽ ഫാമിങ് രീതിയിൽ രാജ്യത്തെ ഏറ്റവും വലിയ കൃഷിയാണ് തുരങ്കത്തിൽ നടക്കുന്നത്. ആകെ കാൽ ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള പ്രദേശത്താണു കൃഷി. അതായത്, ഒരു ഫുട്ബോൾ മൈതാനത്തിന്റെ ഏകദേശം പകുതി വരും. പക്ഷേ തുരങ്കത്തിൽ മൂന്നിൽ രണ്ടു ഭാഗവും ഇപ്പോഴും കൃഷിക്കായി ഉപയോഗിച്ചിട്ടില്ലെന്നതാണു സത്യം. കാലാവസ്ഥാ വ്യതിയാനത്തെ മറികടന്നും കൃഷി ചെയ്യാൻ സാധിക്കുന്ന ഭാവിയുടെ കാർഷിക രീതിയാണ് ഇൻഡോർ സ്മാർട് വെർട്ടിക്കൽ ഫാമിങ്. ദക്ഷിണ കൊറിയയിലാകട്ടെ 2016ലെ കണക്കു പ്രകാരം ആകെയുള്ള ഭൂമിയുടെ 16 ശതമാനം പ്രദേശത്തു മാത്രമേ കൃഷിയുള്ളൂ. കർഷകരുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഗ്രാമീണ മേഖലയിൽ ഇക്കഴിഞ്ഞ നാലു ദശാബ്ദത്തിനിടെ ജനസംഖ്യ പാതിയായി കുറഞ്ഞു. എന്നാൽ രാജ്യത്തെ ആകെ ജനസംഖ്യയാകട്ടെ 40 ശതമാനം കൂടി. അതോടെ ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാരേറി, ഉൽപാദനവും കൃഷിഭൂമിയും  കുറയുകയും ചെയ്തു. ഇതാണു പുതു കൃഷിരീതികളിലേക്ക് ദക്ഷിണ കൊറിയ മാറാനുള്ള പ്രധാന കാരണം. 

ദുബായും ഇസ്രയേലും ഉൾപ്പെടെ നേരത്തേ പരീക്ഷിച്ചു വിജയിച്ചതുമാണ് ഇൻഡോർ വെർട്ടിക്കൽ ഫാമിങ്. 190 കിലോമീറ്ററാണ് തുരങ്കത്തിൽ നീളം. കഴിഞ്ഞ വർഷമാണ് നെക്സ്റ്റ് ഓൺ കമ്പനി ഇത് സർക്കാരിൽ നിന്ന് ഏറ്റെടുത്ത് കൃഷി തുടങ്ങിയത്. തുരങ്കത്തിലെ ‘നീളൻ’ നിശബ്ദതയിൽ ചെടികൾക്കു വേണ്ടി മുഴുവൻ സമയവും പാട്ടും ഉണ്ട്. ഇതു ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സഹായകരമാകുമെന്നാണ് നെക്സ്റ്റ് ഓണിന്റെ വാദം. ചെടികൾക്കു വേണ്ട പോഷകവസ്തുക്കളും വായുവും വെളിച്ചവും കൃത്യമായി ഒരുക്കിയാണ് കൃഷി. ഇതിനെല്ലാം നെക്സ്റ്റ് ഓണിന്റെ സ്വന്തം സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി നിർമാണവും അങ്ങനെത്തന്നെ. അതിനാൽ ചെലവും കുറവ്. വിപണിയിൽ ഇപ്പോഴുള്ള കാർഷിക ഉൽപന്നങ്ങളേക്കാളും വില കുറച്ച് ഇവ വിൽക്കാം.

 60 തരം പഴങ്ങളും പച്ചക്കറികളുമാണ് തുരങ്കത്തിൽ  വളർത്തുന്നത്. ഇവയിൽ 42 എണ്ണത്തിൽ യാതൊരു വിധത്തിലുള്ള കീടനാശിനികളോ കളനാശിനികളോ ഉപയോഗിക്കുന്നില്ല. ജനിതക പരിവർത്തനം നടത്തിയ വിത്തുകളുമല്ല. തുരങ്കത്തിൽ 10-12 ഡിഗ്രി സെൽഷ്യസിലാണ് താപനില. ഇത് കൃഷിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുകയാണ് നെക്സ്റ്റ് ഓൺ ചെയ്തത്. തുരങ്കത്തിലെ പദ്ധതിക്കു പിന്നാലെ സർക്കാരും സ്മാർട് ഫാമിങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ 9900 ഏക്കറിലാണ് രാജ്യത്തു കൃഷി. സ്മാർട് ഫാമിങ്ങിലൂടെ ഇത് 17,000 ഏക്കറിലെത്തിക്കാനാണു നീക്കം. നെക്സ്റ്റ് ഓൺ ആകട്ടെ അടുത്ത ഘട്ടം കൃഷിയ്ക്കായി വിലപിടിച്ച പഴങ്ങളും ഔഷധസസ്യങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതുവഴി ലാഭവും ഇരട്ടി.