നദികളിൽ ജലനിരപ്പു താഴുന്നു, വരുന്നത് കടുത്ത വരൾച്ചയെന്ന് ആശങ്ക

കടുത്ത വരൾച്ചയുടെ സൂചനകൾ നൽകി മൂവാറ്റുപുഴയാറിൽ അതിവേഗം ജലനിരപ്പു താഴുന്നു. ഇതോടൊപ്പം തീരത്തുള്ള കിണറുകളും വറ്റിവരളുകയാണ്. ഇനിയും ജലനിരപ്പു താഴ്ന്നാൽ പുഴയെ ആശ്രയിച്ചു നിലനിൽക്കുന്ന 16 ജലശുദ്ധീകരണ ശാലകളുടെ പ്രവർത്തനത്തെ ബാധിക്കും. പുഴ കരകവിഞ്ഞ് ഏറ്റവും നാശം വിതച്ച നഗരത്തിലെ കൊച്ചങ്ങാടി, കാളചന്ത, ഇലാഹിയ നഗർ, ആനിക്കാകുടി കോളനി, കൂൾ മാരി, റോട്ടറി റോഡ്, കാവുങ്കര മേഖലകളിലെ കിണറുകളും വറ്റുകയാണ്. കിണറുകളിൽ‌ സൂപ്പർ ക്ലോറിനേഷൻ നടത്തി വെള്ളം ഉപയോഗിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ കിണറ്റിൽ കോരിയെടുക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്.

മൂവാറ്റുപുഴയാറിനോടു ചേരുന്ന തൊടുപുഴ, കോതമംഗലം, കാളിയാർ പുഴകൾ മെലിഞ്ഞുണങ്ങിയതോടെ പുഴകളുടെ മധ്യഭാഗങ്ങളിലടക്കം മണൽ തിട്ടകളും തെളിഞ്ഞിട്ടുണ്ട്. മറ്റൊരു കാലത്തുമില്ലാത്ത വിധത്തിൽ പുഴയിലെ ജലനിരപ്പു താഴുന്നത് കൃഷിയെയും ബാധിച്ചിട്ടുണ്ട്. ജാതി, നെല്ല്, പൈനാപ്പിൾ കൃഷികൾ അപ്രതീക്ഷിതമായെത്തിയ ജലനിരപ്പ് ബാധിച്ചു കഴിഞ്ഞു. കനാലുകളിലും വെള്ളമെത്താത്ത സ്ഥിതിയുണ്ട്. ജലനിരപ്പു താഴുകയും കനാലുകളിൽ വെള്ളമെത്താതിരിക്കുകയും ചെയ്താൽ കടുത്ത വരൾച്ചയായിരിക്കും വരും ദിവസങ്ങളിലുണ്ടാകുക.


ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധം സംസ്ഥാനത്തെ നദികളിലേയും തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെ താഴ്ന്നത്  ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചുതുടങ്ങി. ഈ നില തുടര്‍ന്നാല്‍  സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്‍റെ വ്യക്തമായ സൂചനയിലേക്ക് വിരല്‍ചൂണ്ടുന്നു.20 ദിവസത്തിനിടെ  ജലനിരപ്പ് താഴ്ന്നത് 15 അടിയോളമാണ്.  പലയിടത്തും പുതിയ മണൽതിട്ടകൾ തെളിഞ്ഞു തുടങ്ങി. പുഴയുടെ മധ്യഭാഗത്തു പോലും അരയ്ക്കൊപ്പം വെള്ളംമാത്രം.

ഈ നില തുടര്‍ന്നാല്‍  ആലുവയില്‍നിന്നുള്ള ശുദ്ധജല പമ്പിങ് ദിവസങ്ങള്‍ക്കുള്ളില്‍  നിലയ്ക്കും.  ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെള്ളമെടുക്കുന്ന  മൂവാറ്റുപുഴയാറിന്‍റെ സ്ഥിതിയും സമാനമാണ്.  , മണലി ചാലക്കുടി, കുറുമാലി പുഴകളുടെയും  മീനച്ചലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍  എന്നിവയുടെ ജലനിരപ്പും ദിനംപ്രതി താഴുന്നു.

തടയണകെട്ടി വെള്ളം സംഭരിക്കാനുള്ള നടപടികള്‍ വിജയിച്ചില്ലെങ്കില്‍ ഈ നദികളിലെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാകും. കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ പുഴയിലും ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് താഴ്ന്നെങ്കിലും നിലവില്‍ ശുദ്ധജലവിതരണത്തെ ബാധിച്ചിട്ടില്ല. ഇരിട്ടിപുഴയില്‍ ജലനിരപ്പ് താഴുന്നത് കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പഴശി പമ്പിങ് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.