നീല പുതച്ച് കൊളുക്കുമല!

കൊളുക്കുമലയിൽ പൂത്ത നീലക്കുറിഞ്ഞി

ഒരു വ്യാഴവട്ടത്തിനു ശേഷം നീലവസന്തം വിരുന്നെത്തിയതോടെ ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമലയിലേക്കു സഞ്ചാരികളുടെ പ്രവാഹം. മഞ്ഞിൽ പുതച്ചു നിൽക്കുന്ന മലനിരകൾ നീലവർണക്കുടകൾ ചൂടുക കൂടി ചെയ്തതോടെ കൊളുക്കുമല കൂടുതൽ സുന്ദരിയായി. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടവും 75 വർഷത്തിലധികം പഴക്കമുള്ള തേയില ഫാക്ടറിയുമാണു മറ്റു പ്രത്യേകതകൾ. മീശപ്പുലിമല, തീപ്പാടമല എന്നിവ കൊളുക്കുമലയോടു ചേർന്നാണു സ്ഥിതി ചെയ്യുന്നത്.

ഉടമസ്ഥാവകാശം തമിഴ്നാടിന്

മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കൊളുക്കുമല തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ഉൾപ്പെടുന്നത്. കൊളുക്കുമലയുടെ ഒരു ഭാഗം കേരളത്തിന്റെ അധീനതയിലാണ്. കേരളത്തിൽ നിന്നു മാത്രമാണ് റോഡ് മാർഗം ഇവിടേക്കെത്തിച്ചേരാൻ കഴിയുന്നത്. തമിഴ്നാട്ടിൽ നിന്നു കൊരങ്ങിണി വഴി കാൽനടയായും ഇവിടെയെത്താം. ചെങ്കുത്തായ മലനിരകൾ ട്രക്കിങ്ങിന് ഏറെ യോജിച്ചതാണ്. കൊരങ്ങിണി അപകടത്തെ തുടർന്നു താൽക്കാലികമായി സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു.

കൊളുക്കുമലയിൽ എത്തിച്ചേരാൻ

ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി വഴിയാണു കൊളുക്കുമലയിലേക്കു പോകുന്നത്. മൂന്നാറിൽ നിന്നു ദേവികുളം വഴി ചിന്നക്കനാലിലെത്തിച്ചേരാം. അവിടെ നിന്നു കൊളുക്കുമലയിലേക്കു പോകണമെങ്കിൽ ട്രിപ്പ് ജീപ്പുകളുടെ സഹായം തേടണം. സൂര്യനെല്ലിയിൽ നിന്നു കൊളുക്കുമല വരെയുള്ള 12 കിലോമീറ്റർ ദുർഘടപാതയായതിനാൽ ജീപ്പ് മാത്രമേ ഇതുവഴി സഞ്ചരിക്കൂ.