പ്രളയ വഴിയേ ശുചീകരണം; ഒഴുകാനൊരുങ്ങി ഉത്തരപ്പള്ളിയാർ

ആലായിൽ ഉത്തരപ്പള്ളിയാറിന്റെ ശുചീകരണം നടക്കുന്നു.

പ്രളയം ഒരുക്കിയ വഴിയിലൂടെ ചെങ്ങന്നൂർ ഉത്തരപ്പള്ളിയാറിന്റെ ശുചീകരണം പുരോഗമിക്കുന്നു. സാന്ത്വന സമിതിയുടെ നേതൃത്വത്തിൽ യന്ത്രസഹായത്തോടെയാണു ശുചീകരണം. ഒഴുക്കു നിലച്ച നദിയിൽ പ്രളയത്തിൽ അടിഞ്ഞ മാലിന്യം നീക്കിത്തുടങ്ങി. ശുചീകരണം പുരോഗമിക്കുന്നതോടെ നദി ഒഴുകുമെന്ന നിലയിലായിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പാറാത്തപ്പള്ളി ഭാഗത്തു കുന്നുപോലെ മാലിന്യം അടിഞ്ഞിരുന്നു. ഇതു നീക്കം ചെയ്യാൻ സമിതിക്കായി.

പിന്നീടു മാലിന്യനീക്കം തുടരുകയായിരുന്നു. കഴിഞ്ഞ മാസം 13 നു നെടുവരംകോട് ആറാട്ടുകടവിൽ നിന്നായിരുന്നു ശുചീകരണത്തിന്റെ തുടക്കം. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ 2 കിലോമീറ്ററോളം ദൂരം പിന്നിട്ട് അത്തലക്കടവ് പാലം വരെ ശുചീകരിച്ചു. കൈതക്കാടുകളും മണ്ണും ചെളിയും നീക്കുകയാണ്.

ഉത്തരപ്പള്ളിയാറ്. ഫയൽ ചിത്രം

പടിഞ്ഞാറോട്ടുള്ള കൈത്തോടുകൾ തൊഴിലുറപ്പു തൊഴിലാളികൾ നേരത്തേ ശുചിയാക്കിയിരുന്നതിനാൽ ഇതുവഴിയൊക്കെ പുഴ ഒഴുകുകയാണ്. സമിതി പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ, സെക്രട്ടറി എൻ.ജി.മുരളി, പ്രവർത്തകരായ ചെറിയാൻ ഏബ്രഹാം, പി.ഡി.വാസുദേവൻ, കൃഷ്ണപിള്ള, ഗോപിനാഥൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ശുചീകരണം പുരോഗമിക്കുന്നത്.