കുരങ്ങനെ പിടിച്ചത് പെരുമ്പാമ്പ്, പക്ഷേ കഴിച്ചത് കഴുതപ്പുലികൾ!

ഓരോ ധാന്യമണിയിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിട്ടുണ്ട് എന്നാണല്ലോ വിശ്വാസം. അതിപ്പോൾ മനുഷ്യരുടെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും അതങ്ങനെതന്നെ. ഈ വിശ്വാസം ഒന്നുകൂടി അടിവരയിട്ടുറപ്പിക്കുന്ന ഒരു സംഭവമാണ് ദക്ഷിണാഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തിൽ അരങ്ങേറിയത്.

വിശന്ന് പൊരിഞ്ഞിരിക്കുന്ന അവസ്ഥയിൽ കഷ്ടപ്പെട്ടു പിടികൂടിയ ഇരയെ ശത്രുക്കൾ തട്ടിയെത്താൽ എങ്ങനെയിരിക്കും. അതാണിവിടെയും സംഭവിച്ചത്. വളരെ കഷ്ടപ്പെട്ട് ഒരു പെരുമ്പാമ്പ് പിടികൂടി ഭക്ഷണമാക്കാനൊരുങ്ങിയ കുരങ്ങനെയാണ് മൂന്നു കഴുതപ്പുലികൾ ചേർന്ന് ലാഘവത്തോടെ തട്ടിയെടുത്തത്. പെരുമ്പാമ്പ് ഇരയെ വരിഞ്ഞു മുറുക്കി വിഴുങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് കഴുതപ്പുലികൾ സംഭവസ്ഥലത്തെത്തിയത്.

വന്നപാടെ പാമ്പിനെ ഭയപ്പെടുത്തി ഇരയെ കൈക്കലാക്കി. മൂന്നു കഴുതപ്പുലികളും ചേർന്ന് തന്നെ ആക്രമിച്ചാൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കരുതിയിട്ടാകാം പാമ്പ് അപ്പോൾ തന്നെ സ്ഥലം കാലിയാക്കി അടുത്തുള്ള മരത്തിൽ കയറി രക്ഷപെട്ടു. വിരട്ടി വാങ്ങിയ കുരങ്ങിന്റെ ശരീരവുമായി കഴുതപ്പുലികളും പിൻവാങ്ങി. 

വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരത്തിലെത്തിയ വില്യം വെസ്‌ലോയാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ടതായിരുന്നു പെരുമ്പാമ്പ്. സാധാരണയായി കുരങ്ങുകളെ വേട്ടയാടാൻ പ്രയാസമാണ്. ശത്രുക്കൾ വരുന്നുണ്ടെന്ന് എന്തെങ്കിലും സൂചന കിട്ടിയാൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മുന്നറിയിപ്പു നൽകി രക്ഷപെടുകയാണ് ഇവയുടെ പതിവ്. എന്നാൽ മരത്തിനു മുകളിൽ അനായാസേന കയറുന്ന ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പിന് പഴം തീനി വവ്വാലുകളേയും കുരങ്ങൻമാരേയുമൊക്കെ അനായാസേന പിടികൂടാറുണ്ട്.

പെരുമ്പാമ്പിന്റെ ഇരയെ തട്ടിയെടുത്ത കഴുതപ്പുലികളുടെ ദൃശ്യങ്ങൾ വന്യജീവി സങ്കേതത്തിന്റെ ഒൗദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.