കാലം തെറ്റി മാവുകൾ പൂത്തതിനു പിന്നിൽ?

കാലം വഴിതെറ്റി മാവുകൾ നേരത്തെ പൂത്തു തുടങ്ങിയതോടെ ഇക്കുറി മലയാളികളുടെ മാമ്പഴക്കാലം നേരത്തെയാകും. പ്രളയാനന്തരം അന്തരീക്ഷത്തിൽ കാർബണിന്റെയും നൈട്രജന്റെയും തോതു കൂടിയതാണു കാലംതെറ്റി മാവുകൾ പൂക്കാനും കായ്ക്കാനും കാരണമായതെന്നു കാലാവസ്ഥ വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നതു കേരളത്തിലാണ്. ഡിസംബർ–ജനുവരിയാകുമ്പോൾ മാവു പൂക്കാൻ തുടങ്ങും.

സാധാരണ ഗതിയിൽ മാവ് പൂത്തു കഴിഞ്ഞാൽ മാങ്ങയായി മൂപ്പെത്താൻ 90 ദിവസം വേണം. ചിലയിനങ്ങൾക്കു 100-105 ദിവസം വരെയെടുത്തേക്കാം. എന്നാൽ ഇക്കുറി സെപ്റ്റംബർ–ഒക്ടോബർ മാസത്തിൽ തന്നെ മാവുകൾ പൂക്കുകയും നവംബറിൽ കായ്ക്കാനും ഇടയായി. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും കായ്കൾ മൂപ്പെത്തിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷതാപനില 33 ഡിഗ്രിക്കു മുകളിലെത്തുമ്പോഴാണു കേരളത്തിൽ മാവുകൾ പൂത്തു തുടങ്ങിയിരുന്നത്.

പുഷ്പിക്കാൻ സഹായിക്കുന്ന 'ഫ്ലവറിങ് ഹോർമോണുകൾ' വൃക്ഷത്തിൽ ഉണ്ടാകണമെങ്കിൽ ഈ താപനില വേണം. പ്രളയത്തിനു ശേഷം താപനില കൂടിയതും ഈ അസാധാരണ പ്രതിഭാസത്തിനു കാരണമായി. മിക്കയിടത്തും ഡിസംബർ–ജനുവരി പിന്നിടും മുൻപു തന്നെ മാങ്ങകൾ പഴുക്കാനും പൊഴിഞ്ഞു വീഴാനും തുടങ്ങും.

വിഷുക്കാലമെത്തുന്ന ഏപ്രിലിൽ മാങ്ങകൾ കിട്ടാനാവാത്ത അവസ്ഥയുണ്ടാകാനും സാധ്യതയേറെ. നേരത്തെ പൂക്കുന്നതും കായ്ക്കുന്നതുമായ മാവുകളിലെ മാമ്പഴങ്ങൾക്ക് സ്വാദ് കുറയും. മഴയത്ത് ഗ്ലൂക്കോസിൻ നഷ്മായതിനാൽ മാമ്പഴത്തിനു ഇക്കുറി മധുരവും തീരെ കുറയും. അതേസമയം നാട്ടിൻപുറങ്ങളിൽ മാത്രമാണ് ഇത്തരം പ്രതിസന്ധിയുള്ളത്. കേരളത്തിന്റെ മാംഗോ സിറ്റിയെന്ന് അറിയപ്പെടുന്ന മുതലമടയിൽ കൃഷി യഥാസമയത്തു തന്നെയാണ് നടക്കുന്നത്. ഇവിടങ്ങളിൽ കൃഷിരീതി കൃത്യമായ ചിട്ട അനുസരിച്ചായതിനാൽ ഈ പ്രതിഭാസം ബാധിക്കില്ലെന്നാണ് കൃഷി വകുപ്പ് പറയുന്നത്.