കണ്ടെത്തിയത്ത് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വജ്രം; തൂക്കം 552 കാരറ്റ്!

വടക്കേ അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നേവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വജ്രമാണ് കാനഡയുടെ ആര്‍ട്ടിക്കിനോടു ചേര്‍ന്നുള്ള പ്രദേശത്തെ ഖനിയില്‍ നിന്നു ലഭിച്ചത്. ഒക്ടോബറില്‍ നടന്ന ഖനനത്തില്‍ കണ്ടെടുത്ത ഈ വജ്രത്തിന് ശുദ്ധീകരിച്ച ശേഷം 552 കാരറ്റ് തൂക്കം വരും. അതായത് ഏകദേശം 111 ഗ്രാം. കനേഡിയന്‍ കമ്പനിയായ ഡൊമിനിയന്‍ ഡയമണ്ടിന്‍റെ ഡിയാവിക് എന്ന ഖനിയില്‍ നിന്നാണ് ഈ വജ്രം ലഭിച്ചത്.

യെല്ലോ ഡയമണ്ട് വിഭാഗത്തില്‍ പെടുന്ന ഈ വജ്രത്തിന് ഒരു ചെറിയ കോഴിമുട്ടയുടെ വലുപ്പമുണ്ട്. ശുദ്ധീകരിച്ചതിനു ശേഷമുള്ള വജ്രത്തിന്‍റെ ചിത്രമടക്കമുള്ള വിശദാംശങ്ങള്‍ വ്യാഴാഴ്ചയാണ് ഡൊമീനിയന്‍ ഡയമണ്ട് പുറത്തു വിട്ടത്. ഇതേ ഖനിയില്‍ നിന്നു കണ്ടെത്തിയ ഡിയാവിക് ഫോക്സ് ഫയര്‍ എന്ന വജ്രത്തിനായിരുന്നു ഇതുവരെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വജ്രമെന്ന പദവി. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വജ്രത്തിന്‍റെ അഞ്ചിലൊന്നു മാത്രമാണ് ഡിയാവിക് ഫോക്സ് ഫയറിന്‍റെ ഭാരം. പിന്നീട് കമ്മലുകളാക്കി രൂപമാറ്റം വരുത്തിയ ഡിയാവിക് ഫോക്സ് ഫയര്‍ വിറ്റു പോയത് 15 ലക്ഷം അമേരിക്കന്‍ ഡോളറിനാണ്.

പുതുതായി കണ്ടെത്തിയ വജ്രത്തിന് എന്തു പേരു നല്‍കണമെന്ന കാര്യത്തില്‍ ഡൊമിനിയന്‍ ഡയമണ്ട് കമ്പനി തീരുമാനമെടുത്തിട്ടില്ല. വജ്രത്തിന്റെ മൂല്യം കണക്കാക്കി വരുന്നതേയുള്ളൂ. വജ്രത്തിന്റെ മിനുസപ്പെടുത്തല്‍ കൂടി പൂര്‍ത്തിയായ ശേഷമേ മൂല്യനിര്‍ണയം നടത്തൂ. മാര്‍ച്ച് മാസത്തോടെ ഈ വജ്രം ആദ്യമായി പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണg ഡൊമിനിയന്‍ ഡയമണ്ടിന്‍റെ തീരുമാനം. ഇതിനു ശേഷം ആഭരണ നിര്‍മ്മാതാക്കള്‍ക്കു വേണ്ടി വജ്രം ലേലത്തിനെത്തിക്കുമെന്നും ഡൊമിനിയന്‍ ഡയമണ്ട് കമ്പനി വ്യക്തമാക്കി.

ആഫ്രിക്കയിലാണ് ലോകത്ത് ഏറ്റവുമധികം വജ്രങ്ങള്‍ ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വജ്രം ലഭിച്ചതും ആഫ്രിക്കയില്‍ നിന്നാണ്. 1905ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു ലഭിച്ച കള്ളിനന്‍ വജ്രമാണ് ഇത്. 3106 കാരറ്റ് ആയിരുന്നു ഇതിന്‍റെ ഭാരം. അതായത് ഈ വജ്രത്തിന് അര കിലോയ്ക്കും മുകളില്‍ തൂക്കമുണ്ടായിരുന്നു ഇതിന്. കൃത്യമായി പറഞ്ഞാല്‍ 621.2 ഗ്രാം തൂക്കം. 2015 ല്‍ ബോട്സ്വാനയില്‍ നിന്നു ലഭിച്ച 1111 കാരറ്റ് തൂക്കമുള്ള വജ്രമാണ് ഈ നൂറ്റാണ്ടില്‍ കണ്ടെടുത്ത ഏറ്റവും വലിയ വജ്രം. കള്ളിവന്‍ ഡയമണ്ടിന്‍റെ പിന്നില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതും ഈ വജ്രമാണ്.