കൃഷി തുടങ്ങാന്‍ കോടികള്‍ വിലമതിക്കുന്ന കമ്പനി വിറ്റ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

കര്‍ഷകരുടെ മക്കള്‍ പോലും കൃഷിയുമായി മുന്നോട്ടു പോകാതെ എഞ്ചിനീയറിങും എംബിഎയും നേടി ജോലി തേടി പോകുമ്പോള്‍ താന്‍ കൃഷിയിലേക്കെത്തിയത് സങ്കേതിക വിദ്യയില്‍ വിശ്വസിച്ചിട്ടാണെന്നു ഗോവക്കരനായ അജയ് നായിക് പറയും. കാരണം കോടികള്‍ വിലമതിക്കുന്ന സ്വന്തം സോഫ്റ്റ് വെയര്‍ കമ്പനി വിറ്റ് ഈ തുക കൃഷിയിലേക്കു മുതൽമുടക്കിയിരിക്കുകയാണ് ഈ യുവ എഞ്ചിനീയര്‍. വിഷമില്ലാത്ത ശുദ്ധമായ ഭക്ഷണം എന്ന സ്വപ്നം സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാക്ഷാത്കരിക്കാനാണ് അജയ്‌യുടെ ശ്രമം.

വെര്‍ട്ടിക്കല്‍ ഹൈഡ്രോപോണിക് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അജയ് നായികിന്‍റെ കൃഷി ചെയ്യുന്നത്. അതായത് കൃഷിയില്‍ മണ്ണിനു സ്ഥാനമില്ല. വെള്ളത്തില്‍ കൃഷി ചെയ്യുന്ന രീതിയാണ് ഹൈഡ്രോ പോണിക്, ഒരു സ്റ്റാൻഡില്‍ വേരുകള്‍ പടരാന്‍ തക്കവണ്ണമുള്ള കുറച്ചു മാത്രം കമ്പോസ്റ്റിലാണ് ചെടി ഉറപ്പിക്കുക. ചെടികൾക്കടിയിലൂടെ വെള്ളം പൈപ്പില്‍ ഒഴുകിക്കൊണ്ടിരിക്കും.പോഷകങ്ങള്‍ ചേര്‍ത്ത ഈ വെള്ളമുപയോഗിച്ചാണ് ചെടി വളരുക.മണ്ണ് ഉപയോഗിക്കാത്തതിനാല്‍ രാസവളത്തിന്‍റെ ആവശ്യം വരുന്നില്ല. കൃഷി അടച്ചുറപ്പുള്ള സ്ഥലത്തായതിനാല്‍ കീടങ്ങളെയും അതുവഴി കീട നാശിനിയെയും ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടം.

സ്റ്റാന്‍റിലുറപ്പിച്ച വിവിധ തട്ടുകളിലായാണ് കൃഷി എന്നതിനാല്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷി ചെയ്യാനാകും. പച്ചക്കറികളും സ്ട്രോബറി പോലുള്ള പഴ വര്‍ഗ്ഗങ്ങളുമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത്തില്‍ കൃഷി ചെയ്യാനാകുക. കാലാവസ്ഥാ മാറ്റം ബാധിക്കില്ല എന്നതിനാല്‍ വര്‍ഷത്തിലുടനീളം എല്ലാ പച്ചക്കറികളും ലഭ്യമാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ള വിപത്തുകള നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വെര്‍ട്ടിക്കല്‍ ഹൈഡ്രോപോണിക് മികച്ച മാര്‍ഗ്ഗമാണെന്ന് അജയ് നായിക് പറയുന്നു

ഗോവയിലെ കൃഷി വകുപ്പുമായി സഹകരിച്ച് പ്രാഥമിക ഘട്ടമായി ചെറിയ തോതില്‍ ഹൈഡ്രോപോണിക് കൃഷി കര്‍ഷകര്‍ക്കിടയില്‍ സജീവമാക്കാനാണ് അജയ്‌യുടെ ഇപ്പോഴത്തെ ശ്രമം. ഒപ്പം ഹൈഡ്രോപോണിക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്ന ചെടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലുമാണ് അജയ് നായിക് .